ഉത്തരാഖണ്ഡിൽ ബി.ജെ.പി നേതാവിന്റെ മകന്റെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന 19കാരി അങ്കിത ഭണ്ഡാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. അങ്കിതയുടേത് മുങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണത്തിന് മുൻപ് അങ്കിത ക്രൂരമായ ആക്രമണത്തിന് ഇരയായതായി സൂചിപ്പിക്കുന്നുവെന്ന് പോലീസ് അറിയിച്ചു.
ഋശികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കാനായി വീട്ടുകാർക്ക് വിട്ടുകൊടുത്തു. ഉത്തരാഖണ്ഡിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19 കാരിയായ അങ്കിത ഭണ്ഡാരിയുടെ മരണം രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ചില്ല കനാലിൽ നിന്നുമണ് അങ്കിതയുടെ മൃതദേഹം ലഭിക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളായ പുൽകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവർ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയതായി സമ്മതിച്ചിരുന്നു. ഇവരെ വെള്ളിയാഴ്ച കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊലപാതകക്കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.