പ്രശ്നം പരിഹരിക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ എം.വി.ഗോവിന്ദന്‍ ഇടപെട്ടു. താന്‍ മന്ത്രിയോട് പരാതി പറഞ്ഞ പിന്നാലെ ഗോവിന്ദന്‍ മന്ത്രിയുടെ ഓഫീസിലും വിളിച്ചു – സംസ്ഥാന സമിതിയില്‍ ഗോവിന്ദന്‍ മാഷിനെതിരെ ജെയിംസ് മാത്യു എംഎല്‍എ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, June 26, 2019

തിരുവനന്തപുരം∙ ആന്തൂര്‍ സംഭവത്തിന്‍റെ പേരില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനെ വേദിയിലിരുത്തി കടുത്ത വിമര്‍ശനവുമായി സ്ഥലം എം എല്‍ എ ജെയിംസ് മാത്യു.

പ്രശ്നം പരിഹരിക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ പി.കെ.ശ്യാമളയുടെ ഭര്‍ത്താവായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍ ഇടപെട്ടെന്ന ഗുരുതര ആരോപണമാണ് ജയിംസ് മാത്യു ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആന്തൂർ ഉൾപ്പെട്ട തളിപ്പറമ്പ് മണ്ഡലത്തിലെ എംഎൽഎയാണ് ജയിംസ് മാത്യു.

പ്രശ്നം പരിഹരിക്കാന്‍ താന്‍ ആവത് ശ്രമിച്ചു. ഒടുവില്‍ ലൈസന്‍സ് വൈകിപ്പിക്കുന്നതിനെതിരെ താന്‍ മന്ത്രി കെ.ടി.ജലീലിന് പരാതി നല്‍കി. എന്നാല്‍ തൊട്ടുപിന്നാലെ എം.വി.ഗോവിന്ദന്‍ എന്തിനാണ് മന്ത്രിയുടെ ഓഫിസില്‍ വിളിച്ചതെന്ന് വ്യക്തമാക്കണമെന്നും ജയിംസ് മാത്യു ആവശ്യപ്പെട്ടു.

ഇതോടെ എം.വി.ഗോവിന്ദന്‍ പ്രതിരോധത്തിലായി . അദ്ദേഹം ഇതിനോട് പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ആന്തൂര്‍ പ്രശ്നത്തില്‍ ജെയിംസ് മാത്യുവിന്‍റെ അതേ നിലപാടുള്ള പി.ജയരാജനെ തിരുത്തി സിപിഎം രംഗത്തെത്തിയതും ശ്രദ്ധേയമായി.

പി.കെ.ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്നും നടപടിയുണ്ടാകുമെന്നും രാഷ്ട്രീയവിശദീകരണയോഗത്തില്‍ പറയാന്‍ പാടില്ലായിരുന്നു എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനസമിതിയോഗത്തില്‍ തുറന്നടിച്ചു.

ജയരാജന്റെ പ്രസ്താവനയോടുള്ള വിയോജിപ്പ് സംസ്ഥാനസമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് വ്യക്തമാക്കിയത്.

പരസ്യപ്രസ്താവന ശരിയായില്ലെന്നും പറയാനുള്ളത് പാര്‍ട്ടിഫോറത്തിലായിരുന്നു പറയേണ്ടതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതിയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് ആരുടെയും പേരുപറയാതെ കോടിയേരി വിമര്‍ശിച്ചത്.

×