സന്തോഷത്തിന്റെ ജീവശാസ്ത്രം – അറിയേണ്ടതെല്ലാം…

സത്യം ഡെസ്ക്
Tuesday, December 22, 2020

-ആന്‍റണി പുത്തൻപുരയ്ക്കൽ

ജീവശാസ്ത്രത്തിന്റെ കണക്കനുസരിച്ചു ഒരു മനുഷ്യശരീരത്തിൽ ഏകദേശം നാല്പതിൽ താഴെ, പതിനായിരം മഹാകോടി (trillion) കോശങ്ങൾ ഉണ്ട്. ഓരോ കോശവും തമ്മിൽ തമ്മിൽ സ്വതന്ത്രമാണെങ്കിലും മറ്റു കോശങ്ങളുമായി അനുസ്യൂതം ആശയവിനിമയം പുലർത്തുന്നുണ്ട്.

കോശങ്ങളുടെ ഈ ആശയവിനിമയഭാഷയെ നമുക്കു ലളിതമായി ‘ജീവന്റെ ഭാഷ’ എന്നു വിളിക്കാം. നമ്മുടെ ശരീരകോശങ്ങൾ നിരന്തരം ശാരീരികമോ, മാനസികമോ ആയ ഭീഷണി നേരിടുന്ന സാഹചര്യം ഉണ്ടായാൽ കോശകേന്ദ്രത്തിലെ ദണ്ഡാകാരവസ്തുവും (chromosome) കോശങ്ങളും നശിക്കുകയും, കോശങ്ങൾ തമ്മിലുളള ആശയവിനിമയം അസാധ്യമാകുകയോ, പൂർണ്ണമായി നിലയ്ക്കുകയോ ചെയ്യും.

നിത്യേന നമ്മുടെ മനസ്സിനെ മഥിക്കുന്ന അകാരണമായ ഭയം, ആകുലത, അസൂയ, കോപം എന്നിങ്ങനെയുള്ള വിനാശകരമായ വികാരങ്ങൾ നമ്മുടെ ശരീരത്തെ ദീർഘകാലം ജാഗ്രതാവസ്ഥയിലും സംഭ്രാന്തിയിലുമാക്കും.

ഇങ്ങനെ ഒരവസ്ഥയിൽ ഒരു ജീവിക്കും അവയുടെ ജൈവകോശങ്ങളെ അതിന്റെ സ്വാഭാവിക താളാത്മകതയിൽ നിലനിർത്താനോ, ദീർഘകാലം ജീവിക്കാനോ കഴിയുകയില്ല. പ്രകൃതി ഇതുപോലെയുള്ള ഒരു കഴിവ് ഒരു ജീവിക്കും നല്കിയിട്ടില്ല.

ഉദാഹരണത്തിന്, ജീവനു ഭീഷണിയുളള അപല്ക്കരമായ സാഹചര്യം നേരിടുന്ന മൃഗങ്ങൾ ആപത്തിൽ നിന്നും രക്ഷപെട്ട ശേഷം പത്തു മുതൽ പതിനഞ്ചു മിനിറ്റുകൾക്കുള്ളിൽ അവയുടെ ശരീരത്തിന്റെ ആന്തരസമസ്ഥിതി (homeostasis) വീണ്ടെടുത്ത് സാധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുടങ്ങും.

എന്നാൽ, മനുഷ്യർക്ക് ഇത് അസാധ്യമാണ്. കാരണം, മനുഷ്യശരീരത്തിലെ കോശങ്ങളുടെ ആന്തരിക സുസ്ഥിതി, സന്തുലനം മുതൽ ആന്തരസമസ്ഥിതി വരെ നിയന്ത്രിക്കുന്നത് മനസ്സിന്റെ സമചിത്തതയാണ്.

നമ്മുടെ മനസ്സ് സംഘർഷഭരിതവുമാണെങ്കിൽ കോശങ്ങളുടെ പരസ്പരമുള്ള ആശയവിനിമയശേഷിയും ആന്തരികോർജ്ജവും നഷ്ടപ്പെട്ടു കോശസമൂഹങ്ങൾ പ്രതിപ്രവർത്തനത്തിനു വിധേയമാകും.

ശരീരത്തിലെ കോശങ്ങളുടെ സമഗ്രതാശേഷി നഷ്ടപ്പടുമ്പോൾ, നമുക്കു ശരീരപരിപാലനത്തിനു ആവശ്യമായ ശാരീരിക ധൈഷണികശക്തി വളരെ കുറഞ്ഞു ശരീരം പലവിധ രോഗങ്ങൾക്കും വിധേയമാകും.

സന്തോഷത്തിൻറെ ജീവശാസ്ത്രം എന്താണ്? ആരോഗ്യമുളള ശരീരത്തിൽ സന്തോഷകരമായ മനസ്സ്. ഇതല്ലേ പ്രമാണം? നമ്മുടെ ചിന്തകൾ, വികാരങ്ങൾ, മറ്റ് വൈജ്ഞാനിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് തലച്ചോർ കാരണമാകുന്നതുപോലെ, മനസ്സിന്റെ എല്ലാ വൈകാരിക പിരിമുറുക്കങ്ങളും തലച്ചോറിൽ പ്രവർത്തിക്കുകയും ശാരീരിക മാറ്റങ്ങൾക്കു കാരണമാകുകയും ചെയ്യും.

സംശുദ്ധമായ ചിന്തകൾ മസ്തിഷ്കത്തിന്റെ രസതന്ത്രത്തെയും വൈദ്യുത പ്രവർത്തനത്തെയും കാര്യക്ഷമമാക്കുകയും നമ്മുടെ കോശങ്ങളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കുകയും ചെയ്യും. നേരെ മറിച്ചായാൽ, നമ്മുടെ മനസ്സും ശരീരവും രോഗാതുരമാകും.

ജൈവിപരിപോഷണത്തിനും സന്തോഷകരമായ ജീവിതത്തിനും നാം നമ്മുടെ മനസ്സിനെ നിരന്തരം ശാന്തമാക്കുകയും കൂടുതൽ അനുകമ്പാപൂർവ്വമായ മനോഭാവം മനസ്സിൽ വികസിപ്പിക്കുകയും ചെയ്യണം.

ആന്തരികമൗനം മറ്റൊരു സുപ്രധാന ഘടകമാണ്. ഇങ്ങനെ ചെയ്താൽ വ്യക്തിപരമായ ആനന്ദം നമ്മിൽ വർദ്ധിക്കും. മാത്രമല്ല, കാലക്രമേണ സന്തോഷം സ്ഥിരമായി നിലനിർത്താനും തലച്ചോറിന്റെയും ശരീരത്തിന്റെയും ഘടനയും പ്രവർത്തനവും സുഗമമാക്കാനും നമുക്കു കഴിയും. നമ്മുടെ മനസ്സ് ശാന്തമാണെങ്കിൽ, നമ്മുടെ ചുറ്റുമുള്ള ആളുകൾക്ക് സമാനമായ ശാന്തത അനുഭവപ്പെടും.

ഇതിനുള്ള ഉത്തമമായ മാർഗ്ഗം നമ്മുടെ ദൈനംദിനജീവിതത്തിൽ വര്‍ണരഹിതമായ അവബോധം വളരാൻ അവധാനപൂർവ്വമായ ജീവിതശൈലി അഭ്യസിക്കണം. എന്താണ് അവധാനപൂർവ്വമായ ജീവിതശൈലി? ഇതൊരു സ്വയം നിരീക്ഷണമാണ്. ഇത് മനുഷ്യബുദ്ധിയുടെ ഏറ്റവും ഉയർന്ന വേദികയാണ്.

ഈ ഭൂമിയിൽ മനുഷ്യനു മാത്രമേ സ്വപ്രേരിത അവബോധം സൃഷ്ടിക്കാൻ കഴിയൂ. മനസ്സിന്റെ എല്ലാ വ്യവഹാരങ്ങളെയും നിമിഷം തോറും സസൂക്ഷ്മം നിരീക്ഷിക്കലാണിത്. എന്തെല്ലാമാണ് നാം നിരീക്ഷണവിധേയമാക്കുക?

പ്രധാനമായും നാല് കാര്യങ്ങളാണ് നമ്മൾ നിരീക്ഷിക്കുന്നത്. ഒന്നാമതായി, നമ്മുടെ ഇന്ദ്രിയനുഭൂതികൾ. രണ്ടാമത്തേത്, നമ്മുടെ മനോവ്യാപാരങ്ങൾ. മൂന്നാമതായി പരിസ്ഥിതി. നാലാമത്തേത് നമ്മുടെ ശ്വാസോച്ഛ്വാസം.

ഇവിടെ, ഈ നിമിഷമാണ് (here and now) നമുക്കു ലഭ്യമായ‌ സമയം. ഇപ്പോൾ, ഇവിടെ, ഈ നിമിഷത്തിൽ മാത്രമായിരിക്കുക, അഥവാ ജീവിക്കുക എന്നാണു സാരം. അതുമല്ലെങ്കിൽ, ഭൂത, ഭാവി കാലത്തെക്കുറിച്ചുളള ചിന്തകളിൽ നിന്നും മുക്തി നേടുക. ഈ രണ്ടു കാലങ്ങളാണല്ലോ നമ്മുടെ സഹനത്തിന്റെയും ദുഃഖത്തിന്റെയും ശ്രോതസ്സ്.

വർത്തമാനകാലം അല്ലെങ്കിൽ ഈ നിമിഷം എപ്പോഴും സഹന, ദുഃഖരഹിതം മാത്രമായിരിക്കും. അസ്വസ്ഥത, ഉത്കണ്ഠ, വൈകാരിക സമ്മർദ്ദം, കുറ്റബോധം, വിദ്വേഷം, ദുഃഖം, നിരാശ, അസൂയ, ഇവയെല്ലാം ഭൂത, ഭാവികാലചിന്തകളുടെ ഉല്പന്നങ്ങളാണ്.

അവബോധത്തിലായിരിക്കുന്ന മനസ്സിന് ആരംഭമോ, അവസാനമോ ഇല്ല, ഒന്നും കൂടുതലായി ചേർക്കപ്പടുന്നില്ല, ഒന്നും നഷ്ടപ്പെടുന്നുമില്ല. ഒന്നിനേയും അന്വേഷിക്കുകയോ, കണ്ടെത്തുകയോ ചെയ്യുന്നില്ല. യാതൊന്നിനേയും സ്വീകരിക്കുകയോ, നിരസിക്കുകയോ, പുകഴ്ത്തുകയോ, ഇകഴ്ത്തുകയോ ചെയ്യുന്നില്ല. ലളിതവും നിശബ്ദവുമായ നിരീക്ഷണം മാത്രമാണ് ഇവിടെ സംഭവിക്കുന്നത്.

സുഖദുഃഖങ്ങളുടെ നിഴലാട്ടം പോലും ഇവിടെയില്ല. ആന്തരിക നിശബ്ദതയും ശാന്തമായ ജീവിതവും നേടാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഇതാണ്. സന്തോഷത്തിന്റെ കലയും അതേ സമയം സഹനത്തിന്റെ കലയും അറിയാനും അഭ്യസിക്കാനുമുളള പരമോന്നതവുമായ കലയാണു സ്വയം നിരീക്ഷിക്കൽ, അല്ലെങ്കിൽ ധ്യാനം.

ഇത്തരത്തിലുള്ള നിരീക്ഷണം, ധ്യാനം നമ്മുടെ സർഗ്ഗശക്തി നശിപ്പിക്കുമെന്നും നിഷ്ക്രിയത്വം വളർത്തുമെന്നു ഭയപ്പെടുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും. ഇത് ഒരു വലിയ തെറ്റിദ്ധാരണ മാത്രമാണ്. ധ്യാനം തീർച്ചയായും നമ്മുടെ അന്തർജ്ഞാനം, ധൈഷണികത, സമചിത്തത എന്നിവയെല്ലാം വർദ്ധിപ്പിക്കുകയും നമ്മെ കൂടുതൽ ഊർജ്ജസ്വലരാക്കുകയും ചെയ്യും. . ഇതുകൂടാതെ, നമ്മുടെ ദുഃഖം, നിരാശ, കോപം, എന്നിങ്ങനെയുള്ള അനവധി മാനസികപ്രശ്നങ്ങളെ ലഘുകരിക്കാനോ, ഇല്ലാതാക്കാനോ സഹായിക്കും.

നാം അറിയാതെ, അനുദിനം നമ്മുടെ ചിന്തകളിലൂടെ, സാങ്കല്പിക വൈകാരിക പ്രതികരണങ്ങളിലൂടെ അനാവശ്യമായ ജൈവവിഷം നമ്മുടെ കോശങ്ങളിൽ എത്തുന്നുണ്ട്. ഇവ ക്രമേണ നമ്മുടെ ജൈവവ്യവസ്ഥയെ നശിപ്പിക്കുന്ന നിഷേധാത്മക ഊർജ്ജമായി മാറും.

അങ്ങനെ നമ്മുടെ സന്തോഷം നാം അറിയാതെ നമ്മിൽ നിന്നും അപ്രത്യക്ഷമാകും. നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന ചിന്തകളെ നാം വിഭജിക്കാതിരിക്കുക – സുഖദുഃഖ ചിന്തകളെ… ഒരോ ചിന്തകളെയും അവ ഉടലെടുക്കുന്ന നിമിഷത്തിൽ തിരിച്ചറിയുക, അംഗീകരിക്കുക. ഓരോ നിമിഷത്തിലും അവധാനപൂർവ്വം ജീവിക്കാൻ പരിശീലിക്കുക. ഇങ്ങനെ ചെയ്താൽ, നമുക്കു നമ്മുടെ സന്തോഷത്തിന്റെ ജീവശാസ്ത്രം തിരുത്തിയെഴുതാൻ കഴിയും.

 

 

×