ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ നിന്ന് അവധിയെടുത്ത ജസ്പ്രീത് ബുംറയുടെ വിവാഹത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. മലയാളി നടി അനുപമ പരമേശ്വനെ ചേർത്തുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്. ലൈവ് ഹിന്ദുസ്ഥാന്‍, ഇന്ത്യാ ഗ്ലിറ്റ്‌സ്, ന്യൂസ് 18, അമര്‍ ഉജാല തുടങ്ങി നിരവധി വെബ് പോർട്ടലുകൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
/sathyam/media/post_attachments/CJMZmQ4g4QwKMbytHG4O.jpg)
വ്യക്തിപരമായ കാര്യങ്ങൾക്ക് അവധി അനുവദിക്കണം എന്നാണ് ബുംറ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നത്. ക്രിക്കറ്റ് ബോർഡ് അതംഗീകരിക്കുകയും ചെയ്തു. വിവാഹങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കായാണ് താരം അവധിയെടുത്തത് എന്ന് പിന്നീട് എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ടി20യിലും പേസ് ബൗളർ കളിക്കില്ലെന്നാണ് സൂചന.
ഇൻസ്റ്റഗ്രാമിലെ വിവരപ്രകാരം സിനിമയിൽ നിന്ന് താൽക്കാലിക അവധിയെടുത്തിരിക്കുകയാണ് അനുപമ. ഹാപ്പി ഹോളിഡേ ടു മി എന്ന കുറിപ്പോടെയാണ് ഇൻസ്റ്റയിൽ നടി ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.
2019ൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ആ സമയത്ത് 1.1 ദശലക്ഷം ഫോളോവേഴ്‌സുള്ള ബുംറയുടെ ട്വിറ്റർ പേജിലെ ഫോളോ ലിസ്റ്റിൽ 25 പേർ മാത്രമാണ് ഉണ്ടായിരുന്നത്. അതിലെ ഏക നടി അനുപമയായിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് വഴി വച്ചത്. എന്നാൽ ബുംറയും താനും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നും അതിൽക്കൂടുതൽ ഒന്നുമില്ലെന്നും നടി പ്രതികരിച്ചിരുന്നു.