ഇടുക്കി: കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്‍റെ മകന്‍ അപു ജോസഫിന്‍റെ രാഷ്ട്രീയ പ്രവേശനത്തെചൊല്ലി ജോസഫ് വിഭാഗത്തില്‍ വിവാദവും കത്തെഴുത്തും കൊഴുക്കുന്നു. കേരളത്തില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ പൊതുജനാഭിപ്രായം രൂപീകരിച്ച പിജെ ജോസഫിന്‍റെ മകന്‍ അപു ജോസഫിനെ കേരള കോണ്‍ഗ്രസിന്‍റെ നേതൃനിരയിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെതിരെയാണ് കേരള കോണ്‍ഗ്രസില്‍ 'നേതാവിനൊരു കത്ത്' വിവാദം കൊഴുക്കുന്നത്.
മക്കള്‍ രാഷ്ട്രീയത്തിനെതിരെയുള്ള പിജെ ജോസഫിന്‍റെ മുന്‍ നിലപാടുകള്‍ അക്കമിട്ട് നിരത്തിയാണ് മുതിര്‍ന്ന നേതാക്കന്മാരുടെ ആശിര്‍വാദത്തോടെ പിജെ ജോസഫിന് പ്രവര്‍ത്തകര്‍ കത്തുകളയയ്ക്കുന്നത്.
കുടുംബാംഗങ്ങളെ കുറുക്കുവഴികളിലൂടെ രാഷ്ട്രീയത്തിലേയ്ക്കോ അധികാര സ്ഥാനങ്ങളിലേയ്ക്കോ കൊണ്ടുവരാന്‍ തയ്യാറാകാതിരുന്നതാണ് നാളിതുവരെ താങ്കളില്‍ കണ്ട മഹത്വമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തിന്‍റെ തുടക്കം.
മലബാറില്‍ പാര്‍ട്ടി ജില്ലാനേതാക്കള്‍ പങ്കെടുത്ത യോഗത്തിലേയ്ക്ക് അപു ജോസഫിനെ ക്ഷണിച്ചതും പാര്‍ട്ടിയില്‍ ആലോചനകളില്ലാതെ അപുവിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങള്‍ പോലും പഠിക്കുകയോ അഭ്യസിക്കുകയോ ചെയ്യാത്ത അപുവിന്‍റെ അപക്വമായ പെരുമാറ്റങ്ങളും മറ്റുള്ളവരോടുള്ള പുഛ മനോഭാവവും ഏകാധിപത്യ ശൈലിയും പിജെ ജോസഫിന്‍റെ 50 വര്‍ഷത്തെ രാഷ്ട്രീയ മാന്യതയുടെ മുഖം വികൃതമാക്കിയെന്ന് കത്തില്‍ പറയുന്നു.
കെഎം മാണിക്കുശേഷം മകന്‍ ജോസ് കെ മാണിയുടെ ഏകാധിപത്യ ശൈലിയില്‍ പ്രതിഷേധിച്ച് പിജെ ജോസഫിനൊപ്പം ചേര്‍ന്നവര്‍ ഇനി അപു ജോണിനുമുമ്പില്‍ തല കുമ്പിട്ടു നില്‍ക്കേണ്ട ഗതികേടിലാണ്.
ന്യൂസിലന്‍ഡില്‍ (കത്തില്‍ ന്യൂസിലന്‍ഡിലാണ് അപു ജോലിചെയ്തിരുന്നത് എന്നാണെങ്കിലും യഥാര്‍ഥത്തില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ആണ്) നിന്നും ജോലി മതിയാക്കി സ്റ്റിയറിംഗ് കമ്മറ്റിയിലെത്തിയ അപുവിനു മുമ്പില്‍ പഴയ ജോസഫ് ഗ്രൂപ്പ് നേതാക്കളും അഭിമാനം അടിയറവ് വയ്ക്കണമെന്നാണോ പറയുന്നതെന്ന് കത്തില്‍ പിജെ ജോസഫിനോട് ചോദിക്കുന്നുണ്ട്.
അപുവിനെ കേരള കോണ്‍ഗ്രസില്‍ സജീവമാക്കിയതിനു പിന്നാലെ പാര്‍ട്ടിയിലെ നേതൃനിരയില്‍ വ്യാപകമായ അതൃപ്തിയാണുള്ളത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ജോസഫ് വിഭാഗം സംഘടിപ്പിച്ച കര്‍ഷക സമരത്തിലും അപുവിന്‍റെ സാന്നിധ്യത്തെച്ചൊല്ലി രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ അരങ്ങേറിയിരുന്നു.
സ്ഥാനാര്‍ഥി മോഹിയായ നേതാവായിരുന്നു പരിപാടിയുടെ സംഘാടകന്‍. പരിപാടിയുടെ ഉല്‍ഘാടകനായി മാണി ഗ്രൂപ്പില്‍നിന്നും ജോസഫിലെത്തിയ മുതിര്‍ന്ന നേതാവിനെ തന്നെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ അപുവിനോട് ഇഷ്ടമില്ലാത്ത ഈ നേതാവിനെ അറിയിക്കാതെ അപു ജോണ്‍ ജോസഫിനെയും ജില്ലാ നേതാവ് പരിപാടിയിലേയ്ക്ക് ക്ഷണിച്ചു. മുതിര്‍ന്ന നേതാവ് ഉല്‍ഘാടനം നിര്‍വ്വഹിക്കാന്‍ തുടങ്ങുമ്പോഴാണ് മകന്‍ നേതാവിന്‍റെ വരവ്. ഇതു കണ്ട ജില്ലാ നേതാവ് ഉല്‍ഘാടകനായ നേതാവിനോട് പറഞ്ഞു. തൂമ്പ അപുവിന്‍റെ കൈയ്യില്‍ വച്ചുകൊടുക്കണമെന്ന് ! അതെന്‍റെ പട്ടി ചെയ്യും... തല്‍ക്കാലം നീയങ്ങ് കൊടുത്തോ... യൂദാസിന്‍റെ പണി നിനക്കാണ് ചേരുന്നതെന്നായിരുന്നു ഇതിന് മുതിര്‍ന്ന നേതാവിന്‍റെ മറുപടി.
മാത്രമല്ല പരിപാടി കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വന്ന അപുവിനെ വിളിച്ച് വന്നതൊക്കെ കൊള്ളാം... പക്ഷേ അത് എന്നോടുകൂടി ഒന്ന് 'പറഞ്ഞിട്ടാകാമായിരുന്നു' എന്ന് പറയാനും 'സീനിയര്‍' മറന്നില്ല.
അന്ന് മുതിര്‍ന്ന നേതാവ് കോട്ടയത്ത് മകനെതിരെ തൊടുത്തുവിട്ട പ്രയോഗങ്ങള്‍ ജോസഫ് വിഭാഗത്തില്‍ പിന്നീട് വൈറലായി മാറുകയായിരുന്നു. അതിനും പിന്നാലെയാണ് ജോസഫിനുള്ള കത്തുകളും വൈറലാകുന്നത്.