ഇസ്രായേൽ ചേരിയിലേക്കു മാറുന്ന അറബ് രാഷ്ട്രങ്ങൾ - കാരണവും വസ്തുതകളും !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ഇസ്രായേലുമായിനയതന്ത്രബന്ധം സ്ഥാപിക്കാൻ തീരുമാനിച്ച യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും ആ വഴിയിലേക്ക് നീങ്ങുന്ന ഒമാനും, ഇസ്രായേലുമായി സഹകരിക്കാൻ തയ്യറെടുക്കുന്ന മറ്റു രാജ്യങ്ങളും പലസ്തീൻ ജനതയെ തീർത്തും വഞ്ചിക്കുകയായിരുന്നോ ?

Advertisment

ഗൾഫ് രാജ്യങ്ങളുടെ ഈ നീക്കങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ പാലസ്തീൻ സർക്കാരും ഹമാസും ഇതിനെ അപലപിച്ച തുർക്കിയും ഇറാനും എന്താണ് ലക്ഷ്യമിടുന്നത് ?

വളരെ വ്യക്തമാണ് കാര്യങ്ങൾ എന്നതാണ് വസ്തുത. ഗൾഫ് മേഖലയിൽ ഇറാനും തുർക്കിയും നടത്തുന്ന ഇടപെടലുകൾ ആ മേഖലയിലെ രാജ്യങ്ങളെ വളരെ നാളുകളായി അസ്വസ്ഥരാക്കുന്നുണ്ട്.

യമനിൽ വിമതരും അറബ് രാജ്യങ്ങളും യുദ്ധത്തിലാണ്. ലിബിയയിൽ ഗൃഹയുദ്ധം നടക്കുകയാണ്. സിറിയ ആകെ തകർന്നു തരിപ്പണമായിക്കഴിഞ്ഞു. ഇറാക്ക് ഇനിയും കരകയറിയിട്ടില്ല.

publive-image

അറബ് ലോകത്ത് അസ്ഥിരതയും അശാന്തിയും വർദ്ധിച്ചുവരുന്നു. യമൻ, സിറിയ, ഇറാക്ക്, ലിബിയ, ലബനോൻ രാജ്യങ്ങൾ അപ്രസക്തമായിരിക്കുന്നു.

സ്വയം പൊരുതുന്ന ഈ രാജ്യങ്ങൾക്കൊപ്പം പാലസ്തീൻ വിഷയത്തിലുള്ള ഐക്യദാർഢ്യം കഴിഞ്ഞ 70 വർഷമായി ഗൾഫ് രാജ്യങ്ങൾ തുടർന്നുവന്നത് അവർ സ്വമേധയാ പുനരവ ലോകനം ചെയ്യാൻ ഇപ്പോൾ നിർബന്ധിതായിരിക്കുന്നു.

പാലസ്തീൻ ഒരു സ്വതന്ത്ര രാഷ്ട്രം എന്നതിലുപരി പാലസ്തീൻ ജനതയുടെ സുരക്ഷയും പുരോഗതിയും എന്നതാകും ഇനി ഗൾഫ് രാജ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ.അതാകട്ടെ ഇസ്രായേൽ പൂർണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.

പക്ഷേ പാലസ്തീൻ ജനതയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നതല്ലാതെ മറ്റൊന്നും അവർക്കു സ്വീകാര്യമല്ലതാനും.

പശ്ചിമേഷ്യയിൽ തുർക്കിയുടെയും ഇറാന്റെയും ഇടപെടൽ വർദ്ധിക്കുന്നത് അറബ് രാഷ്ട്രങ്ങൾക്ക് വലിയ തലവേദനയാണ്. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇസ്രായേലിനേക്കാൾ തുർക്കിയെയും ഇറാനെ യുമാണ് അവർ കൂടുതൽ ഭയക്കുന്നത്.

publive-image

മറുവശത്ത് 1973 നുശേഷം മറ്റൊരു രാജ്യത്തിന്റെ ഭൂമിയിലും ഇസ്രായേൽ കയ്യേറ്റം നടത്തിയിട്ടുമില്ല.

എന്നാൽ ഇപ്പോൾ ഇറാന്റെ സൈന്യം യമനിലും സിറിയയിലും സജീവമാണ്. ഇറാൻ സൗദിയെ വളഞ്ഞിരിക്കുന്നതായാണ് അവർ കരുതുന്നത്. തുർക്കിക്കാകട്ടെ ഖത്തറിൽ സൈനികത്താവളമുണ്ട്.

ലിബിയ,സിറിയ,ഇറാക്ക്,സൊമാലിയ,എറിട്രിയ എന്നീ രാജ്യങ്ങളിലെല്ലാം തുർക്കിയുടെ സൈന്യമുണ്ട്. തുർക്കി നാറ്റോയുടെ ഭാഗവും അതുകൊണ്ടുതന്നെ ശക്തിശാലിയുമാണ്.

ഇസ്രായേലുമായി ഗൾഫ് രാജ്യങ്ങൾ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനെ ശക്തിയുക്തം അപലപിച്ച തുർക്കിക്ക് 1949 മുതൽക്കേ ഇസ്രായേലുമായി നയതന്ത്രബന്ധങ്ങളുണ്ട് എന്നാണ് വസ്തുത. 1974 ൽ ഈജിപ്റ്റും ,പിന്നീട് ജോർദാനും ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു.

publive-image

പാലസ്തീൻ ജനതയുടെ സുരക്ഷക്കായി ഇസ്രായേലും ഗൾഫ് രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ കരാർ പാലസ്തീൻ നേതൃത്വവും ഹമാസും പൂർണ്ണമായും തള്ളിക്കളഞ്ഞു.

ഒരു സ്വതന്ത്ര രാജ്യത്തിനായുള്ള പിഎല്‍ഒ യുടെ വർഷ ങ്ങളായുള്ള പോരാട്ടത്തിന് അറബ് രാഷ്ട്രങ്ങളുടെ പിന്തുണ വളരെ വിലപ്പെട്ടതായിരുന്നു. പാലസ്തീന് സ്വയം ഭരണാവകാശം നല്കപ്പെട്ടിട്ടുണ്ടെങ്കിലും നികുതി ചുമത്താനുള്ള അധികാരം ഇസ്രായേലിൽ നിക്ഷിപ്തമാണ്.

ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള പരസ്പരം അകന്നുകഴിഞ്ഞിരുന്ന പാലസ്തീൻ സംഘടനകളായ ഹമാസും, ഫത്തായും ,ഇസ്ലാമിക് ജിഹാദ് സംഘങ്ങളും അടുത്തിടെ ലബനോനിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഗൾഫ് രാജ്യങ്ങളുടെ പുതിയ നീക്കങ്ങൾ ചർച്ച ചെയ്യുകയും പാലസ്തീൻ വിഷയത്തിൽ ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

international news
Advertisment