ബിജെപിയ്ക്കായി അര്‍ണബും, അര്‍ണബിനായി ബാര്‍കും പ്രവര്‍ത്തിച്ചെന്ന് വിമര്‍ശനം; അര്‍ണാബ് ഗോസ്വാമിയുടെ വാട്ട്‌സാപ്പ് ചാറ്റുകളുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നു; പ്രതികരിക്കാതെ മുംബൈ പൊലീസ്‌; ചാറ്റില്‍ പറയുന്ന ‘എ.എസ്’ ആര് ?

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, January 16, 2021

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സിഇഒ പാര്‍ത്ഥോദാസ് ഗുപ്തയും തമ്മില്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. പ്രശാന്ത് ഭൂഷണടക്കമുള്ള പ്രമുഖര്‍ പങ്കുവച്ച 500-ലേറെ പേജുള്ള വാട്‌സാപ്പ് ചാറ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ട്രായ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ തിരിച്ചടിയാകുമെന്നും സഹായിക്കണമെന്നും അര്‍ണബ് ചാറ്റില്‍ പറയുന്നുണ്ട്. ബാര്‍ക് അര്‍ണബിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പാര്‍ത്ഥോദാസ് ഗുപ്തയും പറയുന്നു.

ട്രായുടെ ഇടപെടല്‍ തടയാന്‍ പ്രധാനമന്ത്രിയുടെ സഹായം അര്‍ണബ് ഉറപ്പു നല്‍കുന്നുണ്ട്. ചാറ്റില്‍ ‘എ.എസ്’ എന്നൊരാളെക്കുറിച്ച് പറയുന്നുണ്ട്. ഇത് അമിത് ഷായാണെന്ന് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ആരോപിക്കുന്നു.

ബിജെപിയ്ക്കായി അര്‍ണബും, അര്‍ണബിനായി ബാര്‍കും പ്രവര്‍ത്തിച്ചെന്ന് വ്യക്തമായെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ശേഖരിച്ച തെളിവാണ് പുറത്ത് വന്നതെന്ന് പറയുമ്പോഴും മുംബൈ പൊലീസ് പ്രതികരിച്ചിട്ടില്ല.

×