മനോരോഗം മാറാന്‍ മന്ത്രവാദം; യുവതിയെ നടുവിനു ക്ഷതമേൽപിച്ചു കൊലപ്പെടുത്തി; ജാമ്യമെടുത്തു മുങ്ങിയ പ്രതിയെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Friday, April 16, 2021

ആലപ്പുഴ: മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യമെടുത്തു മുങ്ങിയ പ്രതിയെ പൊലീസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. നൂറനാട് ആദിക്കാട്ടുകളങ്ങര ബിസ്മി മൻസിലിൽ മുഹമ്മദ് സിറാജിനെ (സിറാജുദീൻ – 41)യാണ് തമിഴ്നാട്ടിലെ കായൽപട്ടണത്ത‍ു നിന്നു പൊലീസ് പിടികൂടിയത്.

മനോരോഗം മാറാനുള്ള മന്ത്രവാദ ചികിത്സയെന്ന വ്യാജേനയാണ് 2014 ജൂലൈ 13 ന് സിറാജുദീൻ കരുനാഗപ്പള്ളി തഴവ കടത്തൂർ കണ്ണങ്കര കുറ്റിയിൽ ഹസീനയെ (27) നടുവിനു ക്ഷതമേൽപിച്ചു കൊലപ്പെടുത്തിയത്.

കേസിൽ സിറാജുദീനെ കോടതി 2 വർഷം മുൻപ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിയുമ്പോഴാണ് സുപ്രീം കോടതിയിൽ നിന്നു താൽക്കാലിക ജാമ്യമെടുത്ത് ഒളിവിൽ പോയത്. പ്രതിക്കായി കൊല്ലം അഡീഷനൽ സെഷൻസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സിറാജുദ്ദീന്റെ വീട് നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ സുപ്രീംകോടതി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് വാറന്റ് ഉത്തരവ് നടപ്പിലാക്കാൻ നിർദേശം നൽകി.

ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും ചെങ്ങന്നൂർ ഡിവൈഎസ്പി ആർ.ജോസിന്റെയും മേൽനോട്ടത്തിൽ നൂറനാട് സിഐ: ഡി.ഷിബുകുമാർ, എസ്ഐ: ഇ.അൽത്താഫ്, സീനിയർ സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, ജി.രഞ്ജിത്, സിപിഒമാരായ മുഹമ്മദ് ഷെഫീഖ്, രാഹുൽരാജ്, അരുൺ ഭാസ്കർ എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിക്കായി തിരച്ചിൽ നടത്തിയത്.

പ്രതി തമിഴ്നാട്ടിലെ കായൽപട്ടണത്തുണ്ടെന്നു ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. ഈ പ്രദേശത്ത് വേഷം മാറിയെത്തിയ പൊലീസ് സംഘം രാവിലെ ഏഴര മുതൽ രാത്രി ഒൻപത് വരെ ചുറ്റിക്കറങ്ങിയ ശേഷം ഒരു പ്രദേശവാസിയുടെ സഹായത്തോടെയാണ് സിറാജുദീനെ കണ്ടെത്തിയത്.

13 ന് രാത്രി പിടികൂടിയ പ്രതിയെ കൊല്ലം കോടതിയിൽ ഹാ‍ജരാക്കി. ജാമ്യം എടുത്ത് മുങ്ങിയ ശേഷം സിറാജുദ്ദീൻ വടക്കൻ കേരളത്തിൽ ഒളിവിലായിരുന്നു. തുടർന്ന് തമിഴ്നാട്ടിൽ തൂത്തുക്കുടി തിരുച്ചെന്തൂരിനടുത്തുള്ള കായൽപട്ടണത്തെ ഒരു പ്രമുഖ വ്യക്തിയുടെ കുടുംബത്തിൽ മന്ത്രവാദം നടത്താനാണ് അവിടെയെത്തിയത്. നാട്ടിലെ പ്രധാനികളോടൊപ്പം കൂടി ‘കാക്കുംകരങ്ങൾ നർപ്പാണി മൻട്രം’ എന്ന സംഘടനയുടെ വൈസ് ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു.

×