നിയമം മനുഷ്യന് വേണ്ടിയാണ് ; അല്ലാതെ മനുഷ്യൻ നിയമത്തിന് വേണ്ടി അല്ല

വെള്ളാശേരി ജോസഫ്
Monday, September 16, 2019

ഇപ്പോൾ എല്ലാത്തരം ആരോപണങ്ങളും മരടിൽ ഫ്‌ളാറ്റ് വാങ്ങിയവർക്കെതിരെ ആണ്. ഇത്ര പ്രധാനമായ ഒരു കേസ് സുപ്രീം കോടതിയിൽ നടന്നിട്ടും എന്തുകൊണ്ടാണ് ഫ്ലാറ്റുകളിലെ താമസക്കാർ കേസിൽ കക്ഷി ചേരാതിരുന്നത് എന്ന് ഒരു ചോദ്യം. കള്ളപ്പണം കയ്യിലുള്ളവരല്ല ഈ ഫ്‌ളാറ്റുകളൊക്ക വാങ്ങിയത് എന്ന് വേറൊരു ചോദ്യം. അവർ എന്തുകൊണ്ട് ഫ്‌ളാറ്റ് വാങ്ങുന്നതിന് മുമ്പ് ബിൽഡിങ്ങിൻറ്റെ കാര്യത്തിലുള്ള നിയമങ്ങൾ പഠിച്ചില്ല എന്നും പലരും ചോദിക്കുന്നു.

ഈ അർത്ഥശൂന്യമായ ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് തന്നെ അറിയാം ചോദ്യങ്ങളിലടങ്ങിയ മൂഢത്ത്വം. ബിൽഡിങ് നിയമങ്ങൾ ഒക്കെ വായിച്ചു പഠിച്ചിട്ടാണോ ആരെങ്കിലും വീടോ ഫ്‌ളാറ്റോ ഒക്കെ വാങ്ങുന്നത്? ഫ്‌ളാറ്റ് വാങ്ങിയവർ സത്യത്തിൽ എന്തിനാണ് സുപ്രീം കോടതിയിൽ കക്ഷി ചേരേണ്ടിയിരുന്നത്? അവർ നികുതി അടച്ചാണ് ഫ്‌ളാറ്റ് വാങ്ങിയത്. നികുതിപ്പണം വെറുതെ കൊടുക്കുന്നതല്ല. നികുതി കൊടുക്കുമ്പോൾ അവരെ സംരക്ഷിക്കേണ്ട ബാധ്യതയും കേരളാ സർക്കാരിനുണ്ട്.

ഈ സുപ്രീം കോടതി വിധി നടപ്പാക്കിയാൽ കേരളത്തിൽ എത്ര പേർ ഇനി ഫ്‌ളാറ്റ് വാങ്ങാൻ ധൈര്യപ്പെടും എന്ന് ഇത്തരം ചോദ്യം ചോദിക്കുന്നവർ ഉത്തരം പറയുന്നില്ല. തീര ദേശ പരിപാലന നിയമം മാത്രമല്ലല്ലോ ഈ രാജ്യത്തുള്ളത്. പാടം നികത്തി വീട് വെച്ചവരുടെ വീട് പൊളിക്കാൻ പറയാം; വനം കയ്യേറിയവരുടെ വീടുകളും പൊളിക്കാൻ പറയാം. സംഘ പരിവാറുകാർക്ക് വേണമെങ്കിൽ ബാബ്റി മസ്ജിദ് തകർത്ത മോഡലിൽ കാവുകൾ കയ്യേറി കെട്ടിടം വെച്ചവരേയും പഞ്ഞിക്കിടാവുന്നതാണ്.

ഒരുകാലത്ത് ഇഷ്ടം പോലെ പാടവും, കാടും, കാവുകളും ഉണ്ടായിരുന്ന സ്ഥലം ആയിരുന്നല്ലോ ഇന്നത്തെ കേരളം. കേരളാ സംസ്ഥാനത്തിന് രെജിസ്റ്റ്രേഷൻ നികുതിയും, കെട്ടിട നികുതിയും ഒന്നും കിട്ടിയില്ലെങ്കിൽ സംസ്ഥാന ഖജനാവ് കാലിയാകില്ലേ എന്ന് സുബോധത്തോടെ പലരും ചിന്തിക്കുന്നില്ല. ഇനി ഇതൊന്നും വേണ്ടാ, കൺസ്ട്രക്ഷൻ സെക്റ്റർ മുന്നോട്ടു നീങ്ങിയില്ലെങ്കിൽ കെട്ടിട നിർമാണ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ജന ലക്ഷങ്ങളെ ആണ് അത് ബാധിക്കാൻ പോകുന്നതിനുള്ള കാര്യമെങ്കിലും സുബോധമുള്ളവർ മനസിലാക്കണം. കൺസ്ട്രക്ഷൻ സെക്റ്ററിനെ പിന്നോട്ടടിക്കുന്ന ഓരോ നീക്കവും ഈ രാജ്യത്തെ ഏറ്റവും സാധാരണക്കാരായ കെട്ടിട നിർമാണ തൊഴിലാളികളെ ആയിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുക.

അതുപോലെ തന്നെ പ്ലംബർ, ഇലക്ട്രീഷ്യൻ, വയർമാൻ, പെയിൻറ്റർ – ഇത്തരം അനേകം തൊഴിലാളികളാണ് കെട്ടിട നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ആ തൊഴിൽ സാധ്യതകളാണ് ഭാവിയിൽ കൊട്ടിയടക്കപ്പെടുന്നത്. മാർബിൾ, ടൈൽസ്, കമ്പി, സിമൻറ്റ്, പെയിൻറ്റ്, ഹാർഡ് വെയർ, പൈപ്പ് അങ്ങനെ അനേകം നിർമാതാക്കളും വ്യാപാരികളും ഒക്കെ കെട്ടിട നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്.

ഇവരുടെ ഒക്കെ കഞ്ഞികുടി സാവധാനത്തിൽ മുട്ടിക്കണമെന്നുള്ള ഉദ്ദേശ്യമുണ്ടെങ്കിൽ മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാവുന്നതാണ്. മരടിലെ ഫ്‌ളാറ്റുകൾ മാത്രമല്ല; കേരളത്തിലേയും ഇന്ത്യയിലേയും അനേകം കെട്ടിടങ്ങളും വീടുകളും ഇങ്ങനെ നിയമത്തിൻറ്റെ പരിപാവനത നിലനിർത്താൻ വേണ്ടി പൊളിക്കാവുന്നതാണ്. അവസാനം പരിപാവനമായ നിയമം മാത്രമേ ബാക്കി കാണാൻ സാധ്യതയുള്ളൂ.

ഇത്തരത്തിലുള്ള നിയമം നടപ്പാക്കുന്ന പ്രക്രിയയെ ഉദ്ദേശിച്ചാണ് “സാബത്ത് മനുഷ്യന് വേണ്ടിയാണ്; അല്ലാതെ മനുഷ്യൻ സാബത്തിന് വേണ്ടിയല്ല” എന്ന് ക്രിസ്തു പറഞ്ഞിട്ടുള്ളത്.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.

×