ഭാരതത്തിന്റെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ജീവൻ അപഹരിച്ച കോപ്റ്റർ അപകടം ഇന്ത്യൻ പ്രതിരോധ വകുപ്പിനെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഇന്ത്യൻ എയർഫോഴ്സിന്റെ റഷ്യൻ നിർമ്മിത അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള Mi -17V5 എന്ന സൈനിക കോപ്റ്ററാണ് ഇന്നുച്ചക്ക് 12.15 ന് ഊട്ടിയിലെ കൂനൂരിന് സമീപം കത്തിയമർന്ന് തീഗോളമായി നിലം പതിച്ചത്.
രാജ്യത്തിന്റെ സർവ സൈന്യാധിപൻ സഞ്ചരിച്ചിരുന്ന വായുസേനയുടെ അത്യാധുനിക കോപ്റ്ററിനാണ് ഈ അപകടം പിണഞ്ഞത് എന്ന ഞെട്ടിക്കുന്ന സത്യം നമ്മെ തുറിച്ചു നോക്കുമ്പോൾ ഭൂതകാലത്തിൽ സംഭവിച്ച ചില കാര്യങ്ങൾ കൂടി ചേർത്ത് വായിക്കണം.
പ്രതികൂല കാലാവസ്ഥയിൽ വളരെ എളുപ്പത്തിൽ അപകടത്തിൽ പെടാവുന്ന ഒന്നാണ് ഹെലികോപ്റ്റർ. കനത്ത മഴ, മൂടൽമഞ്ഞ്, ശീതക്കാറ്റ് ഇവയെല്ലാം ഉള്ള അവസരത്തിൽ ഹെലികോപ്റ്റർ ഒട്ടും സുരക്ഷിതമല്ല. എത്രയോ അനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്.
ലോക്സഭാ സ്പീക്കറായിരുന്ന ബാലയോഗി മരിച്ച കോപ്റ്റർ അപകടം , ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്‌ഡി മരിച്ച കോപ്റ്റർ അപകടം , കോൺഗ്രസ് നേതാവായിരുന്ന മാധവറാവു സിന്ധ്യ മരിച്ച കോപ്റ്റർ അപകടം ഇവയെല്ലാം സംഭവിച്ചത് കോപ്റ്ററിന്റെ എഞ്ചിൻ പിഴവ് ആയിരുന്നില്ല മറിച്ച് മോശം കാലാവസ്ഥ ആയിരുന്നു. ആധുനിക കോപ്റ്ററുകൾക്കെല്ലാം രണ്ട് എഞ്ചിനുകൾ ഉള്ളതു കൊണ്ട് എൻജിൻ തകരാർ സാധാരണ വരാറില്ല.
പശ്ചിമഘട്ട മലനിരകളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ്. കൂനൂരിൽ ഇന്നലെയും ഇന്ന് രാവിലെയും മഴ ഉണ്ടായിരുന്നു. കനത്ത മൂടൽ മഞ്ഞാണ ഇന്നത്തെ അപകടത്തിന്റെ കാരണം. വെല്ലിങ്‌ടണിൽ ലാൻഡ് ചെയ്യാൻ വേണ്ടി പോയ കോപ്റ്റർ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാതെ തിരിച്ച് പറക്കുകയായിരുന്നു. എന്നിട്ടും വ്യോമസേനയും കരസേനയും അപകടം തിരിച്ചറിഞ്ഞില്ല.
എന്തു വില കൊടുത്തും വെല്ലിങ്ടണിൽ തന്നെ കോപ്റ്ററിനെ സുരക്ഷിതമായി ഇറക്കണമായിരുന്നു.
അതിന് മൂടൽമഞ്ഞിനെ വെട്ടിമുറിക്കുന്ന ഫോഗ് ലാമ്പ് ഉപയോഗിച്ച് സാവധാനം ലാൻഡ് ചെയ്യിക്കണമായിരുന്നു..
കോപ്റ്ററിനെ തിരിച്ച് പറക്കാൻ നിർദ്ദേശിച്ചതാര്? തിരിച്ച് പറന്നപ്പോൾ കോപ്റ്ററിന്റെ ചിറകുകൾ മരച്ചില്ലയിൽ തട്ടിക്കാണണം. മൂടൽമഞ്ഞ് പൈലറ്റിന്റെ കാഴ്ചയെ ബാധിച്ചിരിക്കും. രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് എഞ്ചിനീയറും കോക്പിറ്റിൽ ഉണ്ടായിരുന്നപ്പോഴാണ് ഈ അപകടം ഉണ്ടായത് എന്നോർക്കുക. ഇതൊന്നുമായിരുന്നില്ല ശരിയായി ചെയ്യേണ്ടിയിരുന്നത്.
കനത്ത മൂടൽമഞ്ഞ് നിറഞ്ഞ് നിന്നിരുന്ന കൂനൂരിൽ ബിപിൻ റാവത്തിനെ കോപ്റ്ററിൽ സഞ്ചരിക്കാൻ സമ്മതിക്കരുതായിരുന്നു. ഇത് ശ്രദ്ധിക്കേണ്ടിയിരുന്നത് വ്യോമസേനയായിരുന്നു. കോയമ്പത്തൂരിൽ വിമാനമിറങ്ങി അദ്ദേഹത്തിന് റോഡ് മാർഗ്ഗം സുലൂരിലേക്ക് പോകാമായിരുന്നു. ആവശ്യത്തിന് സുരക്ഷ കൊടുത്താൽ പോരേ ?ബിപിൻ റാവത്തിന്റെ വേർപാട് രാജ്യത്തിന് തീരാ നഷ്ടമാണ്.
അതിർത്തികളിൽ ചൈനയും പാകിസ്ഥാനും ഭീഷണി ഉയർത്തുന്ന വർത്തമാന കാല സാഹചര്യത്തിൽ ജനറൽ ബിപിൻ റാവത്തിന്റെ സേവനം രാഷ്ട്രത്തിന് അത്യന്താപേക്ഷിതമായിരുന്നു. ദൗർഭാഗ്യകരമായ ഈ വേർപാടിൽ രാഷ്ട്രം ഞെട്ടിത്തരിച്ച് നിൽക്കുന്നു. അതിപ്രധാന വ്യക്തികൾ യാത്ര ചെയ്യുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ പ്രവർത്തനങ്ങളേയും മുന്നൊരുക്കങ്ങളേയും പറ്റി സൈന്യവും പോലീസും പുനർവിചിന്തനം നടത്താൻ ഈ ദുരന്തം കാരണമായെങ്കിൽ എന്ന് പ്രത്യാശിക്കുന്നു.