ഉയർത്തെഴുന്നേൽപ്പിന്റെ പ്രതീകമായ ഫീനിക്സ് പക്ഷിയെപോലെ ആവാൻ ആഗ്രഹിച്ചിരുന്നു രാമചന്ദ്രൻ. ചൈനീസ് പുരാണത്തിലോ ഈജിപ്ഷ്യൻ ഐതിഹ്യങ്ങളിലോ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നോ എന്നെനിക്കറിയില്ല. അതിനുള്ള ശക്തിയും ആർജവവും അദ്ദേഹത്തിന്റെ അടുത്തകാലത്തെ അഭിമുഖത്തിൽ ഉണ്ടായിരുന്നെങ്കിലും ശക്തിയുടെ പ്രതീകമായ ഫീനിക്സ് പക്ഷിയുടെ പ്രതിരൂപം മനസ്സിൽ സൂക്ഷിച്ചിരുന്നു എന്നതാണ് സത്യം. ഏത് ദുർഘട ഘട്ടങ്ങളെയും അതിജീവിക്കാനുള്ള മനോധൈര്യവും ഉന്നതിയിലേക്കും പ്രശസ്തിയിലേക്കും നടന്നു കയറാനുള്ള കഴിവും സ്വായത്തമാവുമെന്നാണ് ഫീനികിസ് പക്ഷിയുടെ കഥ നമ്മോട് പറഞ്ഞു തരുന്നത്.
നന്ദിയുടെയും വിശ്വാസത്തിന്റെയും സദ്‌ഗുണത്തിൻറെയും കൃപയുടെയും ശക്തിയുടെയും സമൃദ്ധിയുടെയും പ്രതീകമായാണ് പുരാതന ചൈനീസ് ജനത ഫീനിക്സ് പക്ഷിയെ കണ്ടിരുന്നത്. പക്ഷെ രാമചന്ദ്രന് കാലം വിധിച്ചത് മറ്റൊന്നായിരുന്നു.
എൺപതു വയസ്സുള്ള രാമചന്ദ്രൻ മറ്റൊരു ഉയർത്തെഴുന്നേൽപ്പിനെ കുറിച്ച് ചിന്തിച്ചത് അദ്ദേഹത്തിന്റെ മനോധൈര്യത്തിൽ ശക്തിയുടെ പ്രതീകമായ ഫീനിക്സ് പക്ഷിയുടെ പ്രതിരൂപം ഉള്ളതുകൊണ്ടാണ്. ഫീനിക്സ് പക്ഷിയുടെ തൂവലിനു മരണത്തെപോലും മറികടക്കാനുള്ള കഴിവുണ്ടെന്നായിരുന്നു ഈജിപ്ഷ്യൻ ഐതിഹ്യം.
അധിനിവേശത്തിനുശേഷം:
കുവൈറ്റിന്റെ അധിനിവേശകാലത്ത് ഒരു വീഴ്ചയുണ്ടായപ്പോഴായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റെ ആദ്യത്തെ ഉയർത്തെഴുന്നേൽപ്പ്. ഫീനിക്സ് പക്ഷി അതിന്റെ മരണമടുക്കുമ്പോൾ അഗ്നിയായിത്തീരുകയും പിന്നീട് ആ ചാരത്തിൽനിന്നും പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേൽക്കുമെന്നതിനെ അന്വർത്ഥമാക്കുന്നപോലെ അറ്റ്ലസ് ദുബായിൽ വളർന്നു വലുതായി. അഭൂതപൂരമായ ആ വളർച്ചയിൽ അദ്ദേഹം ചുറ്റുമുള്ളവർക്കു നൽകിയത് ധൂർത്ത സ്‌നേഹവും സൗഹൃദവുമായിരുന്നു. കച്ചവട രംഗത്തും സിനിമാ മേഖലയിലും അദ്ദേഹത്തോടൊപ്പം തോൾ ചേർന്ന് നിന്നവർ നിരവധിയായിരുന്നു. പക്ഷെ അവരാരും ഒരാപത്തുവന്നപ്പോൾ തിരിഞ്ഞു നോക്കിയില്ലെന്നു മാത്രമല്ല അറിഞ്ഞും അറിയാതെയും അദ്ദേഹത്തെ പഴിചാരുകയും ചെയ്തു. 2015-ൽ കച്ചവടത്തിൽ കബളിക്കപ്പെട്ടന്നാരോപിച്ച് ജയിലിൽപ്പോവേണ്ടി വന്നു.
ചതിയുടെ പരസ്പര ധാരണകൾ:
നന്ദികേടിന്റെ ഉറവിടം അവിടെനിന്നാരംഭിക്കുന്നു. നിഷ്കളങ്കനായ ഒരു മനുഷ്യനെ ബുദ്ധിരാക്ഷസന്മാരായ ചുറ്റുമുള്ള കച്ചവട വൃന്ദം എങ്ങെനെ കെണിയിൽ പെടുത്തി എന്ന കഥയാണ് അദ്ദേഹത്തിന്റെ അവസാന അഭിമുഖത്തിൽ കേൾക്കാനിടയാത്. പക്ഷെ, ദുബായിലെ കാരാഗൃഹത്തിൽ അദ്ദേഹം അനുഭവിച്ച പ്രയാസങ്ങളെ മനസ്സിൽ സൂക്ഷിച്ചുകൊണ്ടുതന്നെ അദ്ദേഹം ആരെയും കുറ്റപ്പെടുത്താനോ പഴിചാരണോ ഒരു വാക്കുപോലും ഉപയോഗിച്ചിരുന്നില്ലന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കച്ചവടക്കാർക്കും സിനിമാക്കാർക്കും സംവിധായകർക്കും നടന്മാർക്കും വേണ്ടുവോളം പേരും പെരുമയും വാനോളം ഉയര്‍ത്താൻ അദ്ദേഹം നിമിത്തമായി. എന്നാൽ അവരാരും നരകിച്ച് മരിച്ച അറ്റ്ലസ് രാമചന്ദ്രനോടൊപ്പമുണ്ടായിരുന്നില്ല. സ്വന്തം പ്രിയതമ ഇന്ദു മാത്രമായിരുന്നു അവസാനംവരെ ആശ്രയം.
കുവൈറ്റിൽ തുടങ്ങിയ സൗഹൃദം:
സൈനുദ്ദീൻ പള്ളിത്താഴത്ത് എന്ന കുവൈറ്റിലെ കവിയായിരുന്നു രാമചന്ദ്രനെ എനിക്ക് പരിചയപ്പെടുത്തിയത്. സാൽമിയയിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ വെച്ചായിരുന്നു ആദ്യകൂടിക്കാഴ്ച. ഗാനഗന്ധർവൻ യേശുദാസിനെ കുവൈറ്റിലെക്ക് കൊണ്ടുവരുന്ന പരിപാടിയുടെ സംഘാടക സമിതിയിൽ എന്നെയും രാമചന്ദ്രനെയും സൈനു ഉൾപ്പെടുത്തി. അതി ഗംഭീരമായിരുന്നു പരിപാടി. അതോടെ രാമചന്ദ്രനുമായി കൂടുതൽ അടുത്തു.
ഇറാഖി അധിനിവേശകാലത്തു കുവൈറ്റ് വിട്ടുപോയ രാമചന്ദ്രൻ ദുബായിൽ അറ്റ്ലസ് ആരംഭിച്ചു. യുദ്ധാനന്തരം മോചിതമായ കുവൈറ്റിൽ തിരിച്ചെത്തി അറ്റ്ലസ് ജ്വല്ലറി പുനരാംഭിച്ചെങ്കിലും തന്റെ മേച്ചിൽ സ്ഥലം ദുബായിൽ ഉറപ്പിക്കുകയായിരുന്നു രാമചന്ദ്രൻ. സ്വാഭാവികമായ കച്ചവട തർക്കങ്ങൾ രാമചന്ദ്രനെ കൂടുതൽ കരുത്തനാക്കി. അവിടംതൊട്ട് വൻകിടക്കാർക്ക് അസൂയയും വേവലാതിയും കൂടിത്തുടങ്ങി. കച്ചവടം പുതിയ മാനങ്ങളിലേക്കെത്തിക്കാനുള്ള തത്രപ്പാടിൽ രാമചന്ദ്രന് എവിടെയോ പതറി. അടിതെറ്റിയാൽ ആനയും വീഴുമല്ലോ. ചിലപ്പോൾ ചതിക്കുഴിയിലായിരിക്കും ആ വീഴ്ച.
(കുവൈറ്റിലെത്തിയ യേശുദാസിനെ ഹസ്സൻ തിക്കോടി എയർപോർട്ടിൽ സ്വീകരിക്കുന്നു.)
ആദ്യത്തെ അറ്റ്ലസ് ജ്വല്ലറി:
രാമചന്ദ്രൻ താമസിച്ചിരുന്ന അതെ ഫ്ലാറ്റിന്റെ താഴെ ഇരുനൂറ് സ്ക്വായർ ഫീറ്റ് മാത്രം വലിപ്പമുള്ള ഒരു കൊച്ചുമുറിയിലായിരുന്നു കുവൈറ്റിലെ ആദ്യത്തെ അറ്റ്ലസ് ജ്വല്ലറിക്ക് തുടക്കം കുറിച്ചത്. ആ കൊച്ചു ജ്വല്ലറിയിൽ പക്ഷെ വലിയ കച്ചവടങ്ങൾ നടന്നു. മലയാളികളടങ്ങുന്ന ഇന്ത്യൻ സമൂഹം അറ്റ്ലസിനെ തേടി അവിടെ എത്തി. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടിയതോടെ കുവൈറ്റ് സിറ്റിയിലെ സൂഖുൽവത്താനിയയിൽ മറ്റൊരു വലിയ ജ്വല്ലറി കൂടി ആരംഭിച്ചതോടെ “ജനകോടികളുടെ വിശ്വസ്ത” സ്ഥാപനമെന്ന ടാഗ്‌ലൈൻ പ്രശസ്തിയുടെ കൊടുമുടികൾ കയറിത്തുടങ്ങി.
ഞങ്ങൾ കുടുംബ സുഹൃത്തുക്കളായി. ഇന്ത്യൻ സ്കൂളിലെ ടീച്ചറായ ഇന്ദു എന്റെ മക്കളെ പഠിപ്പിച്ചിരുന്നു. അവരുടെയും എന്റെയും കുട്ടികൾ സ്കൂൾ മീറ്റ്‌സ് ആയിരുന്നു. രാമചന്ദ്രന് പേരും പെരുമയുമായതോടെ ഇന്ദുവിന് ജോലി ഉപേക്ഷിക്കേണ്ടിവന്നു. അവധിക്കാലത്ത് നാട്ടിൽ വരുമ്പോൾ അവരുടെ തൃശൂരിലെ വീട്ടിൽ ഞാനും കോഴിക്കോട്ടെ എന്റെ വീട്ടിൽ അവരും വരുമായിരുന്നു.
സിനിമയുടെ തുടക്കം വൈശാലിയിൽ:
ധൂർത്ത സമ്പത്തിന്റെ മായാവലയത്തിൽ അതിമറന്ന രാമചന്ദ്രന്റെ മറ്റൊരു മോഹമായിരുന്നു സിനിമാ മേഖല. അതിനും ഞാനൊരു നിമിത്തമായത് തികച്ചും യാദൃച്ഛികം. എം.ടി. വാസുദേവൻ നായരുടെ “വൈശാലി” സിനിമയായതോടെ അദ്ദേഹം “വൈശാലി രാമചന്ദ്രനായി” മാറി. നടന്മാരും നടികളും, നിർമ്മാതാക്കളും സംവിധായകരും അദ്ദേഹത്തെ തേടിയെത്തി. ധനം സിനിമയുടെ ആദ്യ ചർച്ച നടന്നതും രൂപപ്പെടുത്തിയതും കുവൈറ്റിൽ വെച്ചായിരുന്നു. അങ്ങനെ സിനിമാ ലഹരിയിൽ അദ്ദേഹം മറ്റൊരു തലത്തിൽ പ്രശസ്തനായി.
തളർച്ച വന്നപ്പോൾ വൻ കച്ചവടക്കാരെപോലെ സിനിമാക്കാർക്കും രാമചന്ദ്രനെ വേണ്ടാതായി. ആപത്തുകാലത്ത് സഹായിക്കാനായി ഒരു ചങ്ങാതിയും വന്നില്ല. ബഹളമയമായ ലോകത്തിലെ തിരക്കിട്ട ജീവിതത്തിൽ നാം കാണാതെ പോവുന്ന ഒരുപാട് നോവുകളുണ്ട്. ആ നോവിൽനിന്നുയരുന്ന നിസ്സഹായതയുടെ ചാരത്തിൽ നിന്നും ഇനി ഒരിക്കലും രാമചന്ദ്രന്റെ മനസ്സിൽ സൂക്ഷിച്ച ഫീനിക്സ് പക്ഷി പറന്നുയരില്ല.