Advertisment

സത്യത്തിൽ മാംസഭക്ഷണം ഒഴിവാക്കാൻ പറയുന്നത് സോഷ്യൽ മീഡിയാ ബുദ്ധിജീവികൾ പറയുന്നതു പോലെ മനുവാദമാണോ ? ബ്രാഹ്മണവാദമാണോ ? ഒരിക്കലുമല്ല ! മാംസഭക്ഷണം ഒഴിവാക്കാൻ യഥാർത്ഥത്തിൽ പറയുന്നതാരാണ് ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

സസ്യാഹാരം നല്ലത് എന്ന് ഒരാൾ പറഞ്ഞാൽ അയാളുടെ ജാതി തപ്പിയിറങ്ങും വിധം അവധാനതയില്ലാത്തതായിപ്പോകേണ്ടതില്ല നമ്മുടെ പൊതുബോധവും അവബോധവും. നോൺവെജ് മറ്റൊരു നല്ലത് അത്ര തന്നെ. അതു പോലെ മദ്യപാനശീലം നല്ലതിനല്ല എന്നും ഒരാൾ പറയുമ്പൊഴേക്കും അയാൾക്കെതിരേ തിരിയേണ്ടതില്ല. ബോധ്യപ്പെട്ട ആശയം പറയാതെങ്ങനെ ? എന്നു വെച്ച് മദ്യം ആരും കഴിക്കാതായാൽ ഇക്കണ്ട വിദേശമദ്യം മുഴുവൻ അയാൾ കുടിച്ചു തീർക്കുമോ ? സർക്കാരിനു വരുമാനം വേണ്ടേ ?

സത്യത്തിൽ മാംസഭക്ഷണം ഒഴിവാക്കാൻ പറയുന്നത് സോഷ്യൽ മീഡിയാ ബുദ്ധിജീവികൾ പറയുന്നതു പോലെ മനുവാദമാണോ ? ബ്രാഹ്മണവാദമാണോ ? ഒരിക്കലുമല്ല - ഒരു തവണയെങ്കിലും മനുസ്മൃതി തുറന്നു നോക്കിയാലറിയാം. ബ്രാഹ്മണമതത്തിന്റെ ബൈബിൾ ആയി കരുതാവുന്ന മനുസ്മൃതി പിതൃകർമങ്ങളിലും ദേവകർമങ്ങളിലും ആചാരനിബദ്ധമായി മാംസഭക്ഷണം വേണമെന്ന് അടിവരയിട്ടു നിഷ്കർഷിക്കുന്ന ആശയ സംഹിതയാണ്.

എന്നാൽ മാംസഭക്ഷണം ഒഴിവാക്കാൻ യഥാർത്ഥത്തിൽ പറയുന്നതാരാണ് ? ഏഷ്യയുടെ വെളിച്ചമായി ലോകം കരുതുന്ന ബുദ്ധനിൽ നിന്നാണ് ഇന്ത്യയിൽ വളരെ ശക്തമായ മാംസാഹാരവിരുദ്ധ നിലപാടുകൾ അലയടിച്ചത്. മനുഷ്യകുലത്തെ മാത്രമല്ല അതിലും അപ്പുറത്ത് സകല ജീവജാലങ്ങളെയും ചേർത്തു പിടിക്കാൻ തക്ക പ്രാപ്തിയിലേക്ക് വളർന്നു വിശാലമായി പടർന്നു പന്തലിച്ച ബുദ്ധ ഹൃദയത്തിലെ അനുകമ്പയിൽ നിന്നും മഹാകാരുണ്യത്തിൽ നിന്നുമാണ് അതിന്റെ ആവിർഭാവം.

മനുഷ്യാ, മനുഷ്യൻ മനുഷ്യന്റെ ജീവനെടുക്കുന്നത് തെറ്റാണെന്ന കാര്യം നിങ്ങൾക്കിപ്പോൾ പിടികിട്ടിയോ..

പിടി കിട്ടി. ശരി. മുമ്പില്ലാത്ത ധാരണയാണീ വളർന്നു കിട്ടിയത്. എങ്കിൽ അടുത്ത കാര്യം.. മനുഷ്യൻ ഇതര ജീവികളുടെയും ജീവനെടുക്കുന്നതിൽ ശരികേടുണ്ട്...അതിനി ആഹാര ആവശ്യത്തിനു വേണ്ടിയാണെങ്കിൽ കൂടി. ഇതാണ് ബുദ്ധൻ പറയുന്ന ദർശനത്തിന്റെ രത്നച്ചുരുക്കം. അഹിംസാ പരമോ ധർമ:

ഇന്ത്യയിൽ സസ്യാഹാര മാഹാത്മ്യം വിളിച്ചു പറഞ്ഞത് ബുദ്ധനാണെങ്കിൽ കേരളത്തിൽ ആരാണത് പറഞ്ഞത് ?

നവോത്ഥാന കേരളത്തിന്റെ പരമാചാര്യനായി നാമിന്നും കൊണ്ടാടി വരുന്ന ശ്രീ നാരായണ ഗുരുവാണ് മാംസാഹാരം വർജിക്കാൻ ശക്തിയുക്തം സംസാരിച്ചത്. ഒരാളോടും ഒരു നിർബന്ധബുദ്ധിയും വെക്കാറില്ലാത്ത നാരായണഗുരു തന്റെ സാമീപ്യം തേടി വരുന്നവർ യാത്ര പറഞ്ഞു തിരിച്ചു പോകുമ്പോൾ ചോദിക്കാറുള്ള ചോദ്യമിതാണ്. മത്സ്യമാംസങ്ങൾ പതിവുണ്ടോ ? ഉണ്ട് എന്നാണ് മറുപടിയെങ്കിൽ അത് ഒഴിവാക്കണം എന്ന് ഗുരു ഉപദേശിച്ചിരുന്നു എന്നതിന് രേഖപ്പെടുത്തപ്പെട്ട തെളിവുകളുണ്ട്.

ജീവകാരുണ്യപഞ്ചകം എന്ന കൃതി നോക്കുക.

എല്ലാവരുമാത്മസഹോദരെ –

ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ ന‍ാം

കൊല്ലുന്നതുമെങ്ങനെ ജീവികളെ –

ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും.

കൊല്ലാവ്രതമുത്തമമാമതിലും

തിന്നാവ്രതമെത്രയുമുത്തമമ‍ാം

എല്ലാമതസാരവുമോര്‍ക്കിലിതെ –

ന്നലെ പറയേണ്ടത് ധാര്‍മികരെ!

കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ –

മല്ലീവിധിയാര്‍ക്കു ഹിതപ്രദമ‍ാം?

ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ –

ത്തല്ല മരുവേണ്ടതു സൂരികളെ!

കൊല്ലുന്നവനില്ല ഭുജിപ്പതിനാ –

ളില്ലെങ്കിലശിക്കുകതന്നെ ദൃഢം

കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയ‍ാം

കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം.

കൊല്ലായ്കയിലിവന്‍ ഗുണമുള്ള പുമാ –

നല്ലായ്കില്‍ മൃഗത്തോടു തുല്യനവന്‍

കൊല്ലുന്നവനില്ല ശരണ്യത മ –

റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.

നവോത്ഥാന ആചാര്യന്റെ പടം മതിയോ അതോ ആചാര്യനെന്ന വാക്കിനോട് നീതിപുലർത്തണോ ?

അതൊക്കെ നമ്മൾ തീരുമാനിക്കുക.

പാണ്ഡിത്യം വെളിവാക്കുന്ന ഭാഷയിൽ ഗുരു പലതും എഴുതിയെങ്കിലും വേദാന്തസംജ്ഞകളും മറ്റും ഒഴിവാക്കി എല്ലാവർക്കും മനസ്സിലാകണമെന്ന നിർബന്ധത്തിലെന്നു തോന്നും ഗുരുവിന്റെതായി മറ്റൊരു കൃതിയും ഉണ്ട്. അഹിംസ എന്ന പേരിൽ. നോക്കാം.

നിരുപദ്രവമാം ജന്തു-

നിരയെത്തൻ ഹിതത്തിനായ്

വധിപ്പോനു വരാ സൗഖ്യം

വാണാലും ചത്തുപോകിലും.

ഉപദ്രവിക്ക ബന്ധിക്ക

കൊല്ലുകെന്നിവയൊന്നുമേ

ചെയ്യാത്ത ജന്തുപ്രിയനു

ചേരും പരമമാം സുഖം.

ചിന്തിപ്പതും ചെയ്യുവതും

ബുദ്ധി വെയ്പ്പതുമൊക്കവേ

ഏതിനേയും കൊന്നിടാത്തോ-

നെന്നും സഫലമായ് വരും.

കൊല്ലാതെകണ്ടു ലോകത്തു

കിട്ടാ മാംസങ്ങളൊന്നുമേ,

കൊല പാപവുമാകുന്നു

കളവാം മാംസഭക്ഷണം.

മാംസമുണ്ടാവതും പ്രാണി-

വധവും പീഡനങ്ങളും

മനസ്സിലോർത്തു വിടുവിൻ

മാംസഭക്ഷണമാകവേ!

കൃത്യമായും ഉള്ള ആഹാനം കേൾക്കാം.

വിടുവിൻ മാംസഭക്ഷണമാകവേ..

മതിയിലുണ്ടെങ്കിലൊക്കെമതിയിത് എന്നു പാടിയത് മറ്റൊരു മഹാകവിയാണ്.

ഇത്രയും പറഞ്ഞു വന്നത് ശുദ്ധ വെജിറ്റേറിയൻ വാദം ഉയർത്തുന്നത് ബ്രാഹ്മണവാദവും മനുവാദവുമാണ് എന്ന തെറ്റായ ധാരണ ബുദ്ധിജീവികൾ തട്ടിവിടുന്നതു കൊണ്ടാണ്.

അല്ല. ഇന്ത്യയുടെ - നവോത്ഥാന കേരളത്തിന്റെ അന്തരാത്മാവിലെ പ്രബുദ്ധനിലയുള്ള മഹാത്മാക്കളുടെ അതീന്ദ്രിയതലം വരെ ധ്വനിക്കുന്ന ഗുരുവരുളാണത്. ഇന്ന് ചില ബ്രാഹ്മണ വിഭാഗങ്ങൾ സസ്യാഹാരികളാണെങ്കിലും ഇന്ത്യയിൽ മാംസാഹാരവിരുദ്ധ ചിന്ത വരുന്നത് ചരിത്രപരമായി അവരിൽ നിന്നല്ല.

മറിച്ച് ചരിത്രത്തിൽ ഏറ്റവും വലിയ ബ്രാഹ്മണ വിരുദ്ധമായ നിലപാടുകൾ എടുത്ത് സാമൂഹ്യ അവബോധത്തിൽ വിപ്ലവം സൃഷ്ടിച്ച ബുദ്ധനിൽ നിന്നും ശ്രീനാരായണ ഗുരുവിൽ നിന്നും ആണ്.

തികച്ചും അവബോധപരമായ അഹിംസയും അനുകമ്പയും ജീവകാരുണ്യവുമാണത്.പ്രഛന്ന ബുദ്ധനെന്നു വിലയിരുത്തപ്പെട്ട ബ്രാഹ്മണവാദിയായ ശങ്കരാചാര്യർക്കോ സ്മൃതികാരനായ മനുവിനോ സ്വപ്നം കാണാൻ പോലും പറ്റിയിട്ടില്ലാത്ത സ്ഫുടരത്‌നമാണത്. ആധുനിക വികസിത സമൂഹത്തിന് അതു വേണ്ടെങ്കിൽ വേണ്ട.

പറ്റില്ലെങ്കിൽ പറ്റില്ല. കാര്യമറിയാതെ നിന്ദിക്കുന്നത് പുരോഗതിയുമല്ല.

ആശയഗതിയിൽ ബുദ്ധനോളമോ നാരായണ ഗുരുവിനോളമോ ബ്രാഹ്മണ്യത്തിന് ഇളക്കം തട്ടിക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടുമില്ലെന്ന യാഥാർത്ഥ്യവും ബാക്കിയാണ്.

നവോത്ഥാനമെന്നാൽ ആ നിമിഷം നാരായണഗുരു സന്നിഹിതനാകുന്ന നവോത്ഥാനകേരള മനസ്സിന് ശുദ്ധവെജിറ്റേറിയനു മുന്നിൽ നിൽക്കുമ്പോൾ നല്ല വിഷമമുണ്ടാകും. ഉണ്ടാകണം. അതില്ലാതെ പറ്റില്ല. അതാണ് ഗുരുവിന്റെ കളി. ഗുരു വെറുമൊരു പടമല്ലതന്നെ.

അതിരിക്കട്ടെ. സസ്യാഹാരജീവിത ശൈലിയെ; ബുദ്ധനും നാരായണഗുരുവും ഇവിടെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ച കാര്യത്തെ ബ്രാഹ്മണവാദമെന്നും മനുവാദമെന്നും സൂത്രത്തിൽ ചാപ്പകുത്താൻ ശ്രമിക്കുന്ന അതീവബുദ്ധിജീവികൾക്ക് ഇരിക്കട്ടെ ഒരു ഗുഡ് നൈറ്റ്.

- ബദരി നാരായണൻ

Advertisment