കേന്ദ്ര സർക്കാർ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ബി.ബി.സി.-യുടെ ഡോക്യുമെന്ററി സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് മാറ്റിയെങ്കിലും ഇതെഴുതുന്നയാൾ ആ ഡോക്യുമെന്ററി പല തവണ കണ്ടു. കേരളത്തിൽ ഇത്തരത്തിലുള്ള ഡോക്യുമെന്ററികളൊക്കെ പൊതുജന മധ്യത്ത് എത്തിക്കാൻ പണിപ്പെടുന്ന ഗ്രൂപ്പുകൾ ഉണ്ടല്ലോ. അവരെയൊന്നും തടയേണ്ട എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല. ലിബറൽ ഡെമോക്രസിയുടെ ഭാഗമായുള്ളതാണ് 'പൊളിറ്റിക്കൽ ഡിബേറ്റുകൾ'. കേരളമാണെങ്കിൽ ലിബറൽ ഡെമോക്രസിയുടെ ഉത്തമ മാതൃകയാണുതാനും.
സത്യത്തിൽ, ബി.ബി.സി.-യുടെ ഡോക്യുമെന്ററിയിൽ കാണിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തെഹൽക്കയും, റാണാ അയൂബുമൊക്കെ വെളിവാക്കിയിട്ടുണ്ട്. ആ വിവരങ്ങളൊക്കെ പൊതുമന്ധ്യത്തിൽ പണ്ടേ ഉള്ളതാണ്
. 'Gujarat Files - Anatomy of a Cover Up' എന്ന റാണാ അയൂബിൻറ്റെ പുസ്തകത്തിൽ ബി.ബി.സി. ഡോക്യുമെന്ററിയിൽ കാണിക്കുന്നതിനേക്കാൾ കാര്യങ്ങൾ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ - 'ഗുജറാത്ത് ഫയൽ - മൂടിവെക്കപ്പെട്ട സത്യങ്ങൾ' കൂടി ഉണ്ട്. തമിഴ് പരിഭാഷ പതിനായിരത്തിലേറെ കോപ്പികൾ വിറ്റുപോയി. 2016-ൽ ഇറങ്ങിയ ഈ പുസ്തകത്തിന് ഇന്ത്യൻ ഭാഷകളിൽ അനേകം പരിഭാഷകൾ ഇറങ്ങിക്കഴിഞ്ഞു; അതൊക്കെ ലക്ഷകണക്കിന് കോപ്പികളും വിറ്റുപോയി. അതുകൊണ്ട് ബി.ബി.സി.-യുടെ ഡോക്യുമെന്ററി വഴി പുതുതായി വലിയ കാര്യങ്ങളൊന്നും വെളിപ്പെടുന്നില്ലാ.
പക്ഷെ ബി.ബി.സി.-യുടെ ഡോക്യുമെന്ററി വഴിയും, ആനന്ദ് പട്‌വർധന്റെ ഡോക്യുമെന്ററിയായ 'റാം കെ നാം' വഴിയും ഇന്ത്യയുടെ വർഗ്ഗീയവൽകരണത്തിൻറ്റെ ചരിത്രം നോക്കി കാണുന്നവർക്ക് ഒരു കാര്യം വ്യക്തമാകും. ഇന്ത്യയിൽ വർഗീയതയുടെ പേരും പറഞ്ഞു തെരുവിൽ തമ്മിൽ തല്ലുന്നതൊക്കെ അങ്ങേയറ്റം ദരിദ്രരായ ജന വിഭാഗങ്ങളാണെന്നുള്ളതാണ് ഈ ഡോക്യുമെന്ററികൾ വഴി കൃത്യമായി കാണിക്കപ്പെടുന്നത്.
ഗുജറാത്ത് കലാപത്തിൽ ഇഹ്സാൻ ജഫ്രിയെ പോലെ വളരെ ചുരുക്കം സമ്പന്നരും സ്വാധീനമുള്ളവരുമേ കൊല്ലപ്പെട്ടിട്ടുള്ളൂ. ഇഹ്സാൻ ജഫ്രിയെ പോലെ വിരലിലെണ്ണാവുന്നവരെ മാറ്റിനിർത്തിയാൽ, ബാക്കി കൊല്ലപ്പെട്ട ഹിന്ദുവും മുസ്ലീവുമൊക്കെ സാധാരണക്കാർ ആയിരുന്നു. ഗ്രിഗറി ഡേവിഡ് റോബർട്സിൻറ്റെ 'ശാന്താറാം' എന്ന നോവലിലും ഇതു തന്നെയാണ് പറയുന്നത്. ബെസ്റ്റ് സെല്ലറായ ആ നോവലിൽ 1980-കളിലെ ബോംബെയെ കുറിച്ച് ദീർഘമായി വിവരിക്കുന്നുണ്ട്.
1980-കളിലെ മുംബൈയിലുള്ള ചേരികളിലെ ജീവിതത്തെ വിവരിക്കുമ്പോൾ, ഹിന്ദു-മുസ്‌ലീം വിഭാഗത്തിലുള്ള രണ്ടു പേർ മതത്തിന്റെ പേരും പറഞ്ഞു ഏറ്റുമുട്ടുന്നതിനെ കുറിച്ച് വിവരിക്കുന്നുണ്ട് 'ശാന്താറാം'-മിൽ. അവരുടെ വഴക്കിന് അപ്പോൾ മധ്യസ്ഥം വഹിച്ചു പരിഹരിക്കുന്ന ആൾ പറയുന്നത് “Here we are unified by only one religion; that is poverty” എന്നാണ്. സത്യത്തിൽ മതത്തിൻറ്റെ പേരും പറഞ്ഞു ഏറ്റുമുട്ടുന്ന സാധാരണക്കാർ മനസിലാകാത്ത ഒരു പോയിൻറ്റ് ആണിത്. രാഷ്ട്രീയക്കാർ മതത്തിന്റെ പേരും പറഞ്ഞു ഏറ്റുമുട്ടുന്ന സാധാരണക്കാരന്റെ വിവരമില്ലായ്മ മുതലെടുക്കുന്നൂ എന്നേയുള്ളൂ.
മൂന്നു വർഷം മുമ്പ് വടക്കു കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിലും ഏറ്റുമുട്ടിയത് സാധാരണക്കാർ ആയിരുന്നു. തീർത്തും ദരിദ്രരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ നടന്ന ഏറ്റുമുട്ടലാണ് വടക്കു കിഴക്കൻ ഡൽഹിയിൽ 2020-ൽ ഉണ്ടായ കലാപം.
വടക്കു കിഴക്കൻ ഡൽഹിയിൽ മൂന്നു വർഷം മുമ്പ് ഉണ്ടായ ആ കലാപത്തെ ഇംഗ്ളീഷിൽ 'മോബ് വയലൻസെന്നോ', മലയാളത്തിൽ ആൾക്കൂട്ട ആക്രമണമെന്നോ വിശേഷിപ്പിക്കാം. വടക്കു കിഴക്കൻ ഡൽഹിയിലെ മലയാളികൾ ധാരാളമുള്ള മയൂർ വിഹാറിലും, ദിൽഷാദ് ഗാർഡനിലും നിന്നൊക്കെ വ്യത്യസ്തമായി കലാപം രൂക്ഷമായിരുന്ന കരാവൽ നഗർ, ചാന്ദ്ബാഗ്, ഗോകുൽ പുരി, ഭജൻ പുര, ബ്രിജ്പുരി, ഭാഗീരഥ് വിഹാർ, മണ്ഡോലി, മുസ്തഫബാദ്, ശിവ് വിഹാർ, ബാബർപൂർ, ജാഫറാബാദ് എന്നിവിടങ്ങളെല്ലാം പാവപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളാണ്.
മാലിന്യ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഇഷ്ടം പോലെയുള്ള സ്ഥലങ്ങൾ ആണിവയൊക്കെ. വടക്കു കിഴക്കൻ ഡൽഹിയിൽ പരസ്പരം ഏറ്റുമുട്ടുന്ന ആൾക്കൂട്ടത്തെ കുറിച്ചുള്ള വീഡിയോകൾ കണ്ടാൽ ദരിദ്രരും ദരിദ്രരും തമ്മിലുള്ള ഏറ്റുമുട്ടൽ ആണ് അതൊക്കെ എന്ന് സുബോധമുള്ള ആർക്കും മനസിലാകും.
സംഘ പരിവാറുകാർ പശുവിൻറ്റെ പേരിൽ ഏത്തമിടീക്കുന്നവരുടെ വീഡിയോ കണ്ടാലും ദാരിദ്ര്യം പകൽ പോലെ വ്യക്തമാകും. മുംബയിൽ ശിവസേനക്കാർ ഓടിച്ചിട്ടു തല്ലിയ ബീഹാറി മൈഗ്രൻറ്റ് ലേബറേഴ്സ് ഒക്കെ ഒരു ഗതിയും, പര ഗതിയും ഇല്ലാത്ത പാവങ്ങളാണ്. വർഗീയ കലാപം എപ്പോഴും സാധാരണക്കാരിലും ദരിദ്രനിലും മാത്രമേ ഉണ്ടാകുകയുള്ളൂ.
കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും വർഗീയത വളർത്തുന്ന രീതിയിലുള്ള വീഡിയോ പോസ്റ്റുകളും, സോഷ്യൽ മീഡിയ പോസ്റ്റും ഇടുന്നവരിലെ മിക്കവരും സാധാരണക്കാരോ സമൂഹത്തിലെ താഴെത്തട്ടിലോ ഉള്ളവരല്ല. വർഗീയതയ്ക്ക് തിരി കൊളുത്തുന്നവർ എപ്പോഴും വരേണ്യ വർഗമാണ്; ജീവൻ പൊലിയുന്നത് ദരിദ്ര വർഗങ്ങളുടേതാണെന്ന് മാത്രം. ഏതു മതത്തിലായാലും കാൽക്കാശിനു വകയില്ലാത്ത ദരിദ്രരരിലാണ് ഏറ്റവും കൂടുതൽ മതതീവ്രതയും മതത്തിനു വേണ്ടി ഏറ്റുമുട്ടി മരണം കൈവരിക്കാനുള്ള മനസ്ഥിതിയുമുള്ളത്.
ലോകത്തു തന്നെ ആഭ്യന്തര സംഘർഷങ്ങളിൽ കൊല്ലപ്പെടുന്നവരിൽ ഏറിയ കൂറും സാധാരണക്കാരാണ്. സിയറാ ലിയോൺ എന്ന ആഫ്രിക്കൻ രാജ്യത്തിൻറ്റെ കാര്യം തന്നെ നോക്കിയാൽ ഇതു മനസിലാകും.
ധാരാളം ഡയമണ്ട് ഉള്ള, വളരെ ധനികമാകേണ്ട ഒരു രാജ്യമാണത്. പക്ഷെ RUF എന്ന ഭീകര സംഘടനയും, ഡയമണ്ട് വ്യാപാരം ഉറപ്പിക്കുവാനായി അവിടെയുള്ള യുദ്ധ പ്രഭുക്കളും ചേർന്ന് ആ രാജ്യത്തെ സാധാരണക്കാരെ വംശീയ ലഹളകൾ സൃഷ്ടിച്ച് അവിടെ കൊന്നൊടുക്കുകയാണ്. തദ്ദേശീയരായ ജനതയെ കൊന്നൊടുക്കുവാനും ആഭ്യന്തര യുദ്ധത്തിന് ആയുധങ്ങൾ വാങ്ങാനുമായി ഡയമണ്ട് മാഫിയ സൂറത്ത്, ദുബായ് ആൻറ്റ്വെർപ്, ആംസ്റ്റർഡാം എന്നിവിടങ്ങളിൽ ഡയമൺഡ് എത്തിക്കുന്ന ഒരു ആഗോള കള്ളക്കടത്തു സംഘമാണവിടെ പ്രവർത്തിക്കുന്നത്.
ആ ഡയമൺഡ് ഇടപാടിൽ വിൽക്കാൻ വരുന്ന ഡയമണ്ട് അറിയപ്പെടുന്നത് തന്നെ 'ബ്ലഡ് ഡയമണ്ട്' എന്നാണ്. ടൈറ്റാനിക് സിനിമയിലെ നായകനായ ഡികാപ്രിയോ മുഖ്യ വേഷത്തിലുള്ള 'ബ്ലഡ് ഡയമണ്ട്' എന്ന സിനിമ തന്നെ ഈ വിഷയത്തിലുണ്ട്. 'ബ്ലഡ് ഡയമണ്ട്' സിനിമ കണ്ടവരാരും അതിൽ കറുത്ത വർഗക്കാരനായുള്ള സോളമൻ റാൻഡിയുടെ ഹൃദയ വ്യഥ മറക്കാൻ ഇടയില്ല. "ഈ കറുത്ത തൊലിക്കുള്ളിൽ എന്തോ കുഴപ്പം ഒളിഞ്ഞിരിപ്പുണ്ടോ" എന്ന് ആ സിനിമയിൽ സോളമൻ റാൻഡി ചോദിക്കുമ്പോൾ, ആഫ്രിക്കയിലെ വിവിധ ഗോത്രങ്ങൾക്കിടയിൽ ലോക്കൽ മിലീഷ്യ രൂപീകരിച്ച്, തമ്മിൽ തല്ലിച്ച് പരസ്പരം കൊല്ലുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതിൻറ്റെ ഭീതിദമായ നേർ കാഴ്ചയാണ് പുറത്തുവരുന്നത്.
ഇതെഴുതുന്നയാൾ 'ബ്ലഡ് ഡയമൺഡ്' സിനിമ പല തവണ കണ്ടിട്ടുണ്ട്. മനുഷ്യനെ 'ഹോണ്ട്' ചെയ്യുന്ന സിനിമയാണത്. അടിസ്ഥാനപരമായി ആഫ്രിക്കയിലെ ഗോത്ര വർഗ്ഗക്കാരെ തമ്മിൽ തല്ലിച്ച് സ്ഥാപിത താൽപര്യമുള്ളവർ ആഫ്രിക്കയുടെ സമ്പത്ത് കൊള്ളയടിക്കുന്നത് ആ സിനിമയിൽ നന്നായി കാണിക്കുന്നുണ്ട്. ആഫ്രിക്കയിലുള്ള ഏകാധിപതികളും അവർക്ക് തുണയാകുന്ന സൈന്യവും പലപ്പോഴും ആഭ്യന്തര സംഘർഷങ്ങൾക്ക് കൂട്ടും നിൽക്കുന്നതാണ് ആ സിനിമയിൽ കാണിക്കുന്നത്. ആഫ്രിക്കൻ രത്നങ്ങളും, സ്വർണവും, പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കാൻ വരുന്ന പാശ്ചാത്യ ശക്തികൾക്ക് ഗോത്ര വർഗങ്ങളെ ഭിന്നിപ്പിക്കാൻ ആഫ്രിക്കയിലെ ഏകാധിപതികൾ കൂട്ട് നിൽക്കുന്ന ദുഃഖകരമായ കാഴ്ചയാണ് 'ബ്ലഡ് ഡയമണ്ട്' പോലുള്ള സിനിമകൾ നന്നായി കാണിക്കുന്നത്.
ലോകത്തെവിടേയും സ്വാർത്ഥ താൽപ്പര്യക്കാരായ നേതാക്കൾ അധികാര മോഹത്തിനു വേണ്ടി ജനതയെ തമ്മിൽ തല്ലിക്കുന്നു. ഗുജറാത്തിലും സംഭവിച്ചത് മറ്റൊന്നല്ല. 2001-ൽ ഗുജറാത്തിൽ നിയമ സഭാതിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടായി. കേശുഭായി പട്ടേലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. മന്ത്രിസഭക്കെതിരെ ഭരണ വിരുദ്ധ വികാരം ശക്തമെന്നു കേന്ദ്രം തിരിച്ചറിയുന്നു. അപ്പോൾ നേതൃമാറ്റത്തിലൂടെ നരേന്ദ്ര മോഡിയെ മുഖ്യമന്ത്രിയാക്കുന്നു.
2002-ൽ ഗോധ്രയിൽ വെച്ച് ട്രെയിനിൽ തീപിടുത്തമുണ്ടാകുന്നു. അടുത്ത ദിവസങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ സംഘടിത ആക്രമണം, കലാപം - ഇവയൊക്കെ പൊട്ടിപുറപ്പെടുന്നൂ. മുസ്ലീങ്ങൾക്ക് നേരെ നിരന്തരമായ അധിക്ഷേപം വഴി ഒരു സമൂഹം ഭിന്നിപ്പിക്കപ്പെടുന്നൂ. ഇപ്പോൾ ഗുജറാത്തിൽ പലയിടങ്ങളിലും മുസ്ലിംസിനു താമസിക്കാൻ ഒരു ഏരിയ, ഹിന്ദുവിന് വേറെ ഏരിയ എന്നീ രീതിയാണ് കാര്യങ്ങൾ എന്നാണ് അവിടുന്നുള്ള പലരും പറയുന്നത്. ഇഗ്ളീഷിൽ പറയുന്ന 'ഗെട്ടോഐസേഷൻ' ആണ് മുസ്‌ലീംസിൻറ്റെ കാര്യത്തിൽ നടന്നുവരുന്നതെന്നാണ് ഗുജറാത്തിലെ സാമൂഹ്യസ്ഥിതി സസൂഷ്മം നോക്കികാണുന്ന പല നിരീക്ഷകരും പറയുന്നത്. ഗുജറാത്ത് കലാപത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നരേന്ദ്ര മോഡിയെ ഇന്ത്യ റ്റുഡേ വിശേഷിപ്പിച്ചത് 'ദ ഗ്രെയ്റ്റ് ഡിവൈഡർ' എന്നായിരുന്നു.
കേരളത്തിൽ ഗുജറാത്തിനെ ചൊല്ലി ആകുലപ്പെടേണ്ട കാര്യമില്ലാ.1947-ലെ വിഭജന സമയത്തും, ബാബ്‌റി മസ്ജിദ് പൊളിച്ചപ്പോഴും കേരളം ശാന്തമായിരുന്നു. ഉത്തരേന്ത്യൻ സമൂഹങ്ങളിലെ 'സ്ട്രക്ച്ചറൽ വയലൻസ്' കേരളത്തിലില്ലാ. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലും, ഉത്തരേന്ത്യൻ നഗരങ്ങളിലെ ഗലികളിലും എപ്പോഴും വർഗീയ സംഘർഷത്തിന് സാധ്യത കൂടുതലാണ്.
ഉത്തരേന്ത്യയിലെ ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ വർഗീയ സംഘർഷം ഉണ്ടാകുന്നതെങ്ങനെയാണ്? പശുവിനെ കൊല്ലിച്ചു ഏതെങ്കിലും അമ്പലത്തിനു മുമ്പിൽ കൊണ്ടിടുക; പന്നിയെ കൊല്ലിച്ചു ഏതെങ്കിലും മസ്ജിദിൻറ്റെ മുന്നിൽ കൊണ്ടിടുക - പിന്നീട് അതിൻറ്റെ പേരിൽ ജനം സംഘടിക്കുക; ദരിദ്രരും ദരിദ്രരും ആയ സാധാരണ ജനങ്ങൾ തമ്മിൽ മതത്തിൻറ്റെ പേരിൽ ഏറ്റുമുട്ടുക - ഉത്തരേന്ദ്യയിലെ ഗലികളിൽ സ്ഥിരം നടക്കുന്ന കലാപരിപാടിയാണിത്.
കേരളത്തിലെ ഇസ്‌ലാമിസ്റ്റുകളും അവരുടെ സപ്പോർട്ടേഴ്‌സും ഉത്തരേന്ത്യൻ നഗരങ്ങളിലെ സവിശേഷ സാഹചര്യം മനസിലാക്കാതെ 'മുസ്‌ലീംസിനെ അവിടെയൊക്കെ വേട്ടയാടുന്നൂ' എന്ന രീതിയിലാണ് മലയാള മാധ്യമങ്ങളിൽ കൂടി പ്രചാരണം കൊടുക്കുന്നത്. സത്യത്തിൽ, ഉത്തരേന്ത്യൻ സമൂഹങ്ങളിലെ 'സ്ട്രക്ച്ചറൽ വയലൻസ്' മനസിലാക്കാതെ ഇതിനെയൊക്കെ ചൊല്ലി പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന മലയാളികൾ എന്തിനാണ് വേവലാതിപ്പെടുന്നത്? ഇതൊന്നും ചോദിച്ചിട്ട് തന്നെ ഇപ്പോൾ കാര്യമില്ലാതായിക്കൊണ്ടിരിക്കയാണ്.
മറുവശത്ത് മുസ്‌ലിം കമ്യൂണിറ്റിയുടെ മതബോധവും സാമുദായിക ബോധവുമാണ് മുസ്‌ലിം വിരുദ്ധ സംഘടനകൾ ആയുധമാക്കുന്നത്. സംഘ പരിവാറുകാർ സ്വർണ കള്ളക്കടത്ത് ആണെങ്കിലും, കൊറോണയുടെ വ്യാപനം ആണെങ്കിലും മുസ്‌ലിം സമുദായത്തെ അതിനൊക്കെ പ്രതികളാക്കും. അതിനോടൊക്കെ തീവ്രമായി പ്രതികരിക്കുമ്പോൾ, മതമൈത്രിയുടെ സന്ദേശമാണ് വിസ്മരിക്കപ്പെടുന്നത്. ഇന്ത്യ-പാക്കിസ്ഥാൻ വിഭജന സമയത്തും, 1992-ൽ ബാബ്‌റി മസ്ജിദ് തകർന്നപ്പോഴും ഇല്ലാതിരുന്ന സാമൂഹ്യ സംഘർഷാവസ്ഥ കേരളത്തിൽ സൃഷ്ടിക്കേണ്ട യാതൊരു കാര്യവും ഇപ്പോഴില്ലാ. പക്ഷെ ഇപ്പോൾ ലോകത്തെവിടെ പ്രശ്നമുണ്ടായാലും, കേരളത്തിലും പ്രശ്നമുണ്ട്.
സദാം ഹുസൈനെ തൂക്കി കൊന്നാലും, ഇസ്രായേലിലെ ഗാസയിൽ പ്രശ്നമുണ്ടായാലും, അയോദ്ധ്യ, കാശ്മീർ - ഈ സ്ഥലങ്ങളിൽ പ്രശ്നമുണ്ടായാലും മലയാളികളിൽ ചിലർ വികാരാധീനരാകും. സത്യത്തിൽ സ്വന്തം 'ഐഡന്റിറ്റി' കളഞ്ഞു കുളിക്കുകയല്ലേ മലയാളികൾ? സ്വന്തം മൂക്കിന് താഴെയുള്ള പ്രശ്നങ്ങൾ മറന്ന് അന്യ സ്ഥലങ്ങളിലെ പ്രശ്നങ്ങൾ ഏറ്റു പിടിക്കേണ്ട വെല്ലോ കാര്യവും മലയാളിക്കുണ്ടോ?
ഉത്തരേന്ത്യയിലെ മഹാഭൂരിപക്ഷം മുസ്ലീങ്ങളും റിക്ഷാക്കാരും, വഴിയോര കച്ചവടക്കാരും, താഴ്ന്ന വരുമാനകാരുമാണ്. ഗൾഫ് പണം കേരളത്തിലേക്ക് ഒഴുകുന്നതിന് മുമ്പ് കേരളത്തിലെ മഹാ ഭൂരിപക്ഷം മുസ്ലിംങ്ങളും താഴ്ന്ന വരുമാനക്കാർ തന്നെയായിരുന്നു.
വൈകാരികമായ വിഷയങ്ങൾ മാറ്റിവെച്ച്, ഇന്ത്യയിലെ മുസ്‌ലീം കമ്യൂണിറ്റിയുടെ യഥാർത്ഥ പ്രശ്നങ്ങളായ സുരക്ഷിതമായ കുടിവെള്ളം, പോഷകാഹാര കുറവ്, പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ - ഇവയൊക്കെ പരിഹരിക്കുവാനാണ് മുസ്‌ലിം സമുദായത്തിൻറ്റെ ഉന്നമനമാണ് ലക്ഷ്യമെങ്കിൽ വ്യക്തികളും സംഘടനകളും ശ്രമിക്കേണ്ടത്. അതല്ലാതെ തീവ്രവാദങ്ങൾക്ക് കളമൊരുക്കിയാൽ, ഉത്തരേന്ത്യയിലെ താഴ്ന്ന വരുമാനക്കാരായ മുസ്ലീങ്ങൾ കൂടുതൽ കൂടുതൽ പാർശ്വവൽക്കരിക്കപ്പെടാൻ മാത്രമേ പോകുന്നുള്ളൂ.
കേരളത്തിൽ ഗുജറാത്ത് കലാപത്തെ ചൊല്ലിയുള്ള ഡോക്യുമെന്ററിയോട് അത്യധികം വികാരാവേശത്തോട് കൂടി ആളുകൾ പ്രതികരിക്കുന്നത് മലയാളികളുടെ ഇന്നത്തെ ഉയർന്ന സാമൂഹ്യ-സാമ്പത്തിക അവസ്ഥ മൂലമാണ്. പണ്ടൊന്നും മലയാളികൾക്ക് ഇത്തരം ഡോക്കുമെൻറ്ററിയെ കുറിച്ചൊന്നും ചർച്ച ചെയ്യാൻ ത്രാണിയില്ലായിരുന്നു. പണ്ടത്തെ കേരളത്തിലെ ഒരു ആവറേജ് മുസ്‌ലീം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളെ ചൊല്ലി അധികം ബേജാറാകാറില്ലായിരുന്നു.
1970-കളിലേയും, 80-കളിലേയും മുസ്‌ലീമിന് പ്രാദേശികമായ അവൻറ്റെ ജീവിതാവസ്ഥകളായിരുന്നു മുഖ്യം. അന്നത്തെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ, കണ്ടമാനം മതബോധമൊന്നും വന്നിരുന്നില്ല എന്നതാണ് യാഥാർഥ്യം.
അന്നത്തെ കാലം വിവരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിൻറ്റെ നോവലുകളിലും കഥകളിലും കണ്ടുമുട്ടുന്നത് ദരിദ്രരും നിരക്ഷരുമായ കഥാപാത്രങ്ങളെയാണ്. അന്നത്തെ കാലത്തെ ബഹു ഭൂരിപക്ഷം മുസ്‌ലീങ്ങളും അങ്ങനെയൊക്കെ തന്നെ ആയിരുന്നു. ഇന്നിപ്പോൾ ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കോടെ കേരളത്തിലെ വലിയൊരു ഭാഗം ബിസിനസ് രംഗം കയ്യാളുന്നത് മുസ്‌ലീങ്ങളാണല്ലോ. അതുകൊണ്ട് ഇന്നത്തെ മുസ്‌ലീം കമ്യൂണിറ്റിയിൽ പെട്ടവർ 40-50 വർഷം മുമ്പത്തെ കാര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കാൻ താൽപര്യപ്പെടുന്നില്ലാ.
പക്ഷെ അന്നത്തെ ജീവിതാവസ്ഥകൾ കഥകളായും നോവലുകളായും നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട്. വൈക്കം മുഹമ്മദ് ബഷീറിൻറ്റെ 'ബാല്യകാല സഖി', 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു', 'പാത്തുമ്മയുടെ ആട്' - ഈ കൃതികൾ ഒക്കെ കാണിക്കുന്ന ഒരു ശരാശരി മുസ്ലീമിൻറ്റെ അവസ്ഥ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമാണ്.
'ബാല്യകാല സഖി'-യിലെ മജീദിന്റേയുംയും സുഹ്‌റയുടേയും സഫലമാകാതിരുന്ന പ്രണയം, 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു'-വിലെ കുഞ്ഞിത്താച്ചുമ്മയുടേയും കുഞ്ഞിപാത്തുമ്മയുടേയും ജീവിതാവസ്ഥ, 'പാത്തുമ്മയുടെ ആട്'-ലെ ആടിനെ വളർത്തി ജീവിക്കുന്ന പാത്തുമ്മയുടെ അതിജീവനത്തിൻറ്റെ അവസ്ഥ - ഇതൊക്കെ കാണിക്കുന്നത് ആ കാലഘട്ടത്തിലെ ദാരിദ്ര്യം തന്നെയാണ്. അതുകൊണ്ട് 50-60 വർഷങ്ങൾക്കു മുൻപ് ഓലപ്പുരകളിൽ വസിച്ചിരുന്ന കഥ ഇന്നത്തെ പ്രായം ചെന്നവർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയാണെങ്കിൽ തന്നെ കേരളത്തിൽ ഇന്നു നടക്കുന്ന വർഗീയവൽക്കരണത്തിനൊരു ശമനം വരും.
50-60 വർഷങ്ങൾക്കു മുൻപ് എന്തായിരുന്നു കേരളത്തിലെ അവസ്ഥ? ഓരോ മഴക്കാലത്തിനും മുൻപ് ഓല കെട്ടി മേയണം. ഓല കെട്ടി മേഞ്ഞില്ലെങ്കിൽ, മഴ വെള്ളം സമൃദ്ധമായി താഴേക്കു പതിക്കും. പണ്ടത്തെ വീടുകളിൽ മഴ വെള്ളം സമൃദ്ധമായി താഴേക്കു പതിച്ചിരുന്ന ഓർമ ഇന്നും ചിലർക്കെങ്കിലും ഉണ്ടാകാം. അതൊന്നും പുതുക്കാൻ ഇന്നാർക്കും താൽപര്യമില്ല. അതിനു പകരം 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു' എന്ന രീതിയിൽ പലരും ആന മാഹാത്മ്യം പറയുന്നു. സാമ്പത്തിക അഭിവൃദ്ധിക്കനുസരിച്ച് ദുരഭിമാനവും വർദ്ധിക്കുകയാണിവിടെ. ചുരുക്കം പറഞ്ഞാൽ രാജ്യം പുഷ്ടിപ്പെടുന്നതിനനുസരിച്ച് ചരിത്രത്തെ സത്യസന്ധമായി അറിയാനും, അതുവഴിയുള്ള വിദ്യാഭ്യാസത്തിനും സാമൂഹ്യ പുരോഗതിക്കുമുള്ള അവസരം കളഞ്ഞു കുളിക്കുകയാണ് പലരും.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)