Advertisment

ഒരു സാധു കുടുംബത്തിനു കരുതലേകി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

New Update

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലുള്ള തലവൂർ - പാണ്ടിത്തിട്ട - ചരൂർ ജംക്ഷനടുത്തു താമസക്കാരായ മാത്യു - ജെസ്സി ദമ്പതികൾ അവരുടെ അയൽവാസിയായ ഒരു വിമുക്തഭടനിൽ നിന്നും തുടർച്ചയായുണ്ടായ ഭീഷണിയും ,വെല്ലുവിളികളും അസഭ്യവർഷവും മറ്റു പലതരത്തിലുള്ള ഉപദ്രവവും മൂലം ഒരിക്കൽ ആത്മഹത്യയുടെ വക്കിലായിരുന്നു.

Advertisment

അവർ പരാതി നൽകാൻ ഒരിടവും ബാക്കിയില്ല. കുന്നിക്കോട് പോലീസ് സ്റ്റേഷൻ, കൊല്ലം റൂറൽ എസ്.പി, ഡിജിപി , മുഖ്യമന്ത്രി, തലവൂർ ഗ്രാമ പഞ്ചായത്ത്, പുനലൂർ ആര്‍ഡിഒ, കൊല്ലം ജില്ലാ കളക്ടർ, പത്തനാപുരം ലീഗൽ സർവീസ് അതോറിറ്റി എന്നിവിടെയെല്ലാം പരാതികൾ നൽകി. ഒന്നല്ല, പലതവണ.

publive-image

കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ നിന്നും ആ ദമ്പതികൾക്ക് നീതികിട്ടിയില്ലെന്ന് മാത്രമല്ല അപമാനവും നേരിടുകയുണ്ടായി. അതിനെതിരേ കൊല്ലം റൂറൽ എസ്.പി ക്ക് അവർ പരാതി നൽകിയത് അന്ന് എസ്.പി ആയിരുന്ന ഇളങ്കോവൻ ഗൗരവമായെടുക്കുകയും കുന്നിക്കോട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക്‌ കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പക്ഷേ ഇളങ്കോവൻ പെട്ടെന്ന് സ്ഥലം മാറി പോയതോടെ ആ നടപടിയും അവസാനിച്ചു.

മാത്യു - ജെസ്സി ദമ്പതികൾ ഈ നാട്ടുകാരല്ല. പത്തനംതിട്ട ജില്ലയിൽനിന്നും ഇവിടെവന്നു താമസിക്കുന്ന വരാണ്. അതാണ് അവർ നേരിടുന്ന പ്രശ്നവും. പ്രദേശികവാദം അഥവാ മണ്ണിന്റെ മക്കൽവാദം മൂലമാകാം അവർക്ക് ഈ നാട്ടിൽ ആരും സഹായത്തിനില്ലാതായി. അയൽവാസിയുടെ തുടരെയുള്ള ശല്യം മൂലം മാത്യുവിന് ഗൾഫിലെ ജോലിപോലും ഉപേക്ഷിക്കേണ്ടിവന്നു.

publive-image

അധികാരികളിൽനിന്നോ നിയമപാലകരിൽ നിന്നോ തദ്ദേശ ഭരണകൂടത്തിൽ നിന്നോ ജനപ്രതിനിധികളിൽ നിന്നോ ഒരുതരത്തിലുള്ള പിന്തുണയും ലഭിക്കാതെ വരുകയും ഇവർക്കുനേരെ അയൽവാസി നിരന്തരം കൂടുതൽ വാശിയോടെ അയാളുടെ ഉപദ്രവങ്ങൾ തുടരുകയും ചെയ്തപ്പോൾ വൃദ്ധയായ മാതാവുമൊത്ത് ആത്മഹത്യയുടെ വക്കിലെത്തിയ അവർക്ക് തുണയാകാനും നിയമപരമായി മുന്നോട്ടു നീങ്ങാനുമുള്ള ഉപ ദേശവും സഹായവും നൽകിയത് തലവൂരിലെ ഒരു പൊതുപ്രവർത്തകനും ചെറുകിട ബിസ്സിനസ്സുകാരനുമായ ആർ. രാജേന്ദ്രൻ പിള്ളയും ഒപ്പം ഞാനുമായിരുന്നു. ജീവിക്കാൻവേണ്ടി അവർ നടത്തിയ പിന്നീടുള്ള നിയമപോരാട്ടങ്ങളിൽ അവർക്കൊപ്പം നിഴൽപോലെ ഞങ്ങൾ രണ്ടാളും ഉണ്ടായിരുന്നു. ഭീഷണി ഞങ്ങൾക്കു മുണ്ടായിരുന്നു.

നിയമപരമായ കാര്യങ്ങളിൽ ഞങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത് പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകരായ കോട്ടയം സ്വദേശി ജോസ് പ്രകാശ് കിടങ്ങനും തിരുവനന്തപുരം സ്വദേശി നിലാവ് മുരളിയുമായിരുന്നു.

ഞങ്ങൾ ജെസ്സി - മാത്യു ദമ്പതികൾക്കൊപ്പം 2020 സെപ്റ്റബർ ആദ്യവാരം ഹൈക്കോടതി യിലെ പ്രഗത്ഭ അഭിഭാഷകനായ ബി. മോഹൻലാലിനെ കാണുകയും അദ്ദേഹം വഴി കുടുംബത്തിന് പോലീസ് പ്രൊട്ടക്ഷൻ ലഭിക്കാനുള്ള ഹർജി ( WP(C)20990/2020 ഹൈക്കോടതിയിൽ ഫയൽ ചെയ്യുകയുമുണ്ടായി.

publive-image

അതേത്തുടർന്ന് 07/10/2020 ൽ ജെസ്സി - മാത്യു ദമ്പതികൾക്ക് പോലീസ് പ്രൊട്ടക്ഷൻ നല്കാൻ ഹൈക്കോടതി ഉത്തരവ് നൽകുകയും ഉത്തരവ് പൂർണ്ണമായും നടപ്പാക്കാൻ കൊല്ലം റൂറൽ എസ്.പി യെ ചുമതലപ്പെടുത്തുകയും ചെയ്തു. കാര്യങ്ങൾ അതോടെ മാറിമറിഞ്ഞു. പുനലൂർ ഡിവൈഎസ്പി നേരിട്ട് അവരുടെ വീട്ടിലെത്തി എല്ലാ സഹായവും പിന്തുണയും ഉറപ്പു നൽകി..

അതുവരെ നിശ്ശബ്ദരായിരുന്ന കുന്നിക്കോട് പോലീസും സടകുടഞ്ഞെണീറ്റു. അയൽവാസിയായ എതിർകക്ഷിക്ക് പോലീസ് താക്കീതും മുന്നറിയിപ്പും നൽകുകയുണ്ടായി. എന്നിരുന്നാലും അയാളുടെ ഹുങ്കും ധാർഷ്ട്യവും പൂർണ്ണമായും കെട്ടടങ്ങിയില്ല. വീണ്ടും ഒന്നുരണ്ടുതവണ ശല്യമുണ്ടായപ്പോൾ കാര്യമായ പോലീസ് ഇടപെടലുണ്ടായി.

ഈ ഘട്ടത്തിലൊക്കെ പുറത്തുനിന്നുവന്നു താമസിക്കുന്നവർ എന്നതിനാലാകാം അവർ ഉറച്ചുവിശ്വസിക്കുന്ന

രാഷ്ട്രീയപ്രസ്ഥാനമുൾപ്പെടെയുള്ള എല്ലാ നേതാക്കളും അയിത്തം പാലിച്ചകന്നുനിന്നപ്പോൾ ബിജെപിയുടെ പ്രാദേശികനേതാക്കൾ ജെസ്സി - മാത്യു ദമ്പതികൾക്ക് പിന്തുണയുമായി അവരെ കാണാനെത്തിയത് വലിയ ആശ്വാസമായി.

ഇപ്പോൾ ഹൈക്കോടതിക്ക് പൂർണമായും ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ ജെസ്സി - മാത്യു ദമ്പതികളുടെ പോലീസ് പ്രൊട്ടക്ഷൻ തുടരാനുത്തരവിട്ടുകൊണ്ടും അതിൻ്റെ ചുമതല കുന്നിക്കോട് പോലീസ് SHO ക്ക് നൽകിയുമാണ് 05/01/2023 ൽ ബഹു. ഹൈക്കോടതി ഈ ഹർജി തീർപ്പാക്കിയിരിക്കുന്നത്. ( ഉത്തരവ് WP(C)NO.20990 of 2020 Date 5th January 2023)

ആ സാധു കുടുംബത്തെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാകാത്ത ഒരു വരദാനമാണ് ഈ ഉത്തരവ്. ഓരോ വ്യക്തിക്കും ജീവിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യവും സംരക്ഷണവും നമ്മുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്കുന്നുണ്ട്.അത് നമ്മുടെ മൗലിക അവകാശമാണ്. ഹൈക്കോടതിയുടെ ഉത്തരവിലൂടെ സാധാരണക്കാർക്കും ഇവിടെ നീതി ഉറപ്പായും ലഭിക്കുമെന്നുള്ള വിശ്വാസം കൂടുതൽ ബലപ്പെട്ടിരിക്കുന്നു.

ഈ ഘട്ടത്തിൽ എടുത്തുപറയേണ്ട വസ്തുത ഹൈക്കോടതിയിലെ അഭിഭാഷകനായ ബി മോഹൻലാൽ സാറിന്റെ ആത്മാർത്ഥമായ ഇടപെടലാണ്. വെറും തുച്ഛമായ തുക ഫീസ് വാങ്ങിക്കൊണ്ടാണ് അദ്ദേഹം ഈ കേസ് നടത്തിയത്.

കയ്യൂക്കും,തി ണ്ണമിടുക്കും, ഗുണ്ടായിസവും, പലതരത്തിലുള്ള ഭീഷണികളും ഇന്ന് സമൂഹത്തിൽ സർവ്വസാധാരണമാണ്. എതിരാളി കരുത്തനും രാഷ്ട്രീയ പിൻബലവുമുള്ളവനാണെങ്കിൽ പോലീസും അധികാരികളും പലപ്പോഴും നിഷ്ക്രിയരാകും എന്നതാണ് യാഥാർഥ്യം. സാധാരണക്കാരന് പലപ്പോഴും നീതി ലഭിക്കാത്ത ഇത്തരം അവസ്ഥകളിൽ നീതിപീഠങ്ങൾ തന്നെയാണ് അവസാന അത്താണി.

അധികം സാമ്പത്തിക ബാദ്ധ്യതയും അലച്ചിലുകളുമില്ലാതെ നീതി ലഭിച്ചതിൽ വളരെയേറെ കൃതാർത്ഥരാണ് ജെസ്സി - മാത്യു ദമ്പതികൾ. അതിനായി പിന്തുണ നൽകിയ എല്ലാവരോടും അവർ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്തു.

ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഇവിടെ നൽകുന്നു.

എഴുതിയത്: പ്രകാശ് നായര്‍ മേലില

Advertisment