Advertisment

സ്വപ്‌നതുല്ല്യമായ തുടക്കം, അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍; പക്ഷേ, കാലം കരുതിയത് മറ്റ് ചിലത് ! വിനോദ് ക്ലാംബ്ലിക്ക് എന്താണ് സംഭവിച്ചത്‌

New Update

publive-image

Advertisment

16 മത്തെ വയസ്സിൽ ഹാരിസ് ഷീൽഡ് ട്രോഫിയിൽ സഹപാഠി സച്ചിനൊപ്പം വിനോദ് ക്ലാംബ്ലി സൃഷ്ടിച്ചത്‌ 664 റൺസിന്റെ പാര്‍ട്ട്ണര്‍ഷിപ്പ്‌. ആ മാച്ചിൽ 326 റൺസ് സച്ചിനും കാംബ്ലി നോട്ട് ഔട്ട് ആയി 349 റൺസുമാണ് എടുത്തത്.

രഞ്ജിട്രോഫിയിലെ ആദ്യമത്സരത്തിലെ ആദ്യപന്തിൽ സിക്സ്, ടെസ്റ്റ് മാച്ചിൽ വേഗതയാർന്ന 1000 റൺസ് നേടിയ റിക്കോർഡ്, ആദ്യ 7 ടെസ്റ്റ് മത്സരങ്ങളിൽ രണ്ട് ഇരട്ട സെഞ്ചറിയടക്കം 4 സെഞ്ച്വറികൾ, ടെസ്റ്റിൽ 54 ഉം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 60+ ഉം ശരാശരി റൺ റേറ്റ്, 21 മത്തെ വയസ്സിൽ ആദ്യ ടെസ്റ്റ് പക്ഷേ ആകെ 14 മാച്ചുകൾ, സ്പിൻ മാന്ത്രികൻ ഷെയ്ൻ വാണിന്റെ ഒരു ഓവറിൽ അടിച്ചെടുത്തത് 22 റൺസ്, 23 മത്തെ വയസ്സിൽ അവസാന ടെസ്റ്റ്... പിന്നീട് മടങ്ങിവരവുണ്ടായില്ല.

publive-image

വിനോദ് കാംബ്ളിക്കിതെന്താണ് സംഭവിച്ചത്. 2000 മാണ്ട്‌ ഒക്ടോബർ മാസത്തിനുശേഷം അന്താരാഷ്ട്ര മത്സരങ്ങളൊന്നും അദ്ദേഹം കളിച്ചിട്ടില്ല.

സ്‌കൂൾ പഠനകാലത്ത് സച്ചിനേക്കാൾ പ്രതിഭാവാനായി കാണാക്കപ്പെട്ടിരുന്ന വിനോദ് കാംബ്ലിയുടെ കഴിവിനെ സച്ചിന്റെ കോച്ച് രമാകാന്ത് അച്ഛരേക്കർ വരെ പ്രകീർത്തിച്ചിരുന്നു.

പിന്നെന്തുകൊണ്ടാണ് ഈ പ്രതിഭ ഇത്രപെട്ടെന്ന് ഗർത്തത്തിലേക്ക് പിന്തള്ളപ്പെട്ടുപോയത് ? സഹപാഠിയായിരുന്ന സച്ചിൻ ഉയരങ്ങൾ കീഴടക്കിയപ്പോഴും കാംബ്ലിയെ ആരും ഓർത്തില്ല.

publive-image

തൻ്റെ കരിയർ തകർത്തതിനുപിന്നിൽ ടീം ക്യാപ്റ്റന്മാരും, സഹകളിക്കാരും സെലക്ഷൻ കമ്മിറ്റിയുമാണെന്ന് കാംബ്ലി പരസ്യമായ ആരോപണം പലവട്ടം ഉയർത്തിയിരുന്നു. ഒരു കൂട്ടരുടെ പക്ഷപാതവും നെറികെട്ട രാഷ്ട്രീയവും തൻ്റെ ക്രിക്കറ്റ് ജീവിതത്തിന് ഫുൾ സ്റ്റോപ്പ് ഇടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആത്മസുഹൃത്തും സഹപാഠിയുമായിരുന്ന സച്ചിൻ തന്നെ ഒരു ഘട്ടത്തിലും പിന്തുണച്ചില്ലെന്നും കാംബ്ലി കുറ്റപ്പെടുത്തി.

കാംബ്ലിയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടാകാം. എന്നാൽ ചില ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തലിൽ അദ്ദേഹത്തിൻറെ കരിയറിന്റെ അസ്തമനത്തിനു കാരണം അദ്ദേഹത്തിൻ്റെ പെരുമാറ്റവും, ജീവിതശൈലിയും , കളിയോടുള്ള അപ്രോച്ചും, സാഹചര്യങ്ങൾക്കനുസൃതമായി കളിക്കാനുള്ള വിമുഖതയുമാണത്രേ.


സച്ചിനുമായി കാംബ്ലി തീർത്തും അകലുകയായിരുന്നു. തന്നെ പിന്തുണയ്‌ക്കേണ്ട ഘട്ടത്തിലൊന്നും സച്ചിൻ അത് ചെയ്തില്ലായെന്ന് ഒരു റിയാലിറ്റി ഷോയിലെ കാംബ്ലിയുടെ തുറന്നുപറച്ചിൽ ആ ബന്ധത്തിൽ വലിയ വിള്ളൽ വീഴ്ത്തി.


publive-image

2013 ൽ സച്ചിൻ നടത്തിയ ഫെയർവെൽ സ്പീച്ചിൽ തൻ്റെ പേരും സ്‌കൂൾ കാലഘട്ടത്തിലെ റിക്കാർഡ് പാർട്ട്ണർഷിപ്പും പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് വിനോദ് കാംബ്ലി സച്ചിനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു.

അതിനുശേഷം സച്ചിൻ, ക്രിക്കറ്റ് ലോകവുമായി ബന്ധപ്പെട്ട ആളുകൾക്കായി നടത്തിയ പാർട്ടിയിലേക്കും കാംബ്ലിയെ ക്ഷണിച്ചില്ല..

10 മത്തെ വയസ്സ് മുതൽ ഞങ്ങൾ ഒരു കുടുംബം പോലെയായിരുന്നു. രണ്ടുപേരും മിഡിൽ ക്ലാസ്സ് ഫാമിലിയിൽപ്പെട്ടവർ. ഒന്നിച്ച് ഒരേ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചു വളർന്നു. ഞങ്ങൾ സുഖദുഃഖങ്ങൾ ഒരേപോലെ അനുഭവിക്കുകയും പങ്കിടുകയും ചെയ്തവരാണ്. ഞങ്ങളുടെ ആ പർട്ട്ണർഷിപ്പ് വലിയ ഒരു റിക്കാർഡായിരുന്നു. ഒരു കാര്യം ഉറപ്പിക്കാം, അതൊന്നും പരാമർശിക്കാത്ത സച്ചിൻ എന്നെ പൂർണ്ണമായും മറന്നുകഴിഞ്ഞു.. കണ്ഠമിടറിയാണ് കാംബ്ലി ഈ വാക്കുകൾ മുഴുമിച്ചത്.

കാംബ്ലിയുടെ ആരോപണങ്ങളോട് സച്ചിൻ നേരിട്ട് പ്രതികരിച്ചിട്ടില്ല. 2014 ൽ ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നൽകിയ മറുപടിയിൽ കാംബ്‌ളിയുടെ ജീവിത ശൈലിയും തൻ്റെ രീതികളും വെവ്വേറെയാണെന്നും തനിക്കു കുടുംബമായിരുന്നു വലുതെന്നും അതുകൊണ്ടുതന്നെ തൻ്റെ കാലുകൾ ഭൂമിയിൽത്തന്നെ നിലനിർത്താനാണ് താൻ എപ്പോഴും ശ്രമിച്ചതെന്നും പറയുകയുണ്ടായി. വിനോദിനെപ്പറ്റി തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കാംബ്ലിയുടെ ലൈഫ് സ്റ്റൈലാണ് അദ്ദേഹത്തിൻറെ കരിയർ തകർത്തതെന്ന് മുൻ ക്യാപറ്റൻ കപിൽ ദേവ് 2016 ൽ പൂനെയിൽ നടന്ന ഒരു ചടങ്ങിൽ പറയുകയുണ്ടായി. കപിൽ ദേവിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു, സച്ചിനും കാംബ്ലിയും ഒരേ സമയം ക്രിക്കറ്റിൽ വന്നവരാണ്. സച്ചിനേക്കാൾ പ്രതിഭാവാനായിരുന്നു കാംബ്ലി. എന്നാൽ അദ്ദേഹ ത്തിൻ്റെ കുടുംബജീവിതം, അദ്ദേഹത്തിൻ്റെ അഭ്യുദയകാംക്ഷികൾ, സുഹൃത്തുക്കൾ ഒക്കെയാണ് കാംബ്ലിയുടെ കരിയർ തകർത്തത്. ഫലമോ 24 മത്തെ വയസ്സിൽ സച്ചിൻ രാജ്യത്തിനുവേണ്ടി കളിച്ചപ്പോൾ കാംബ്ലി ഫീൽഡിൽ നിന്നുതന്നെ ഔട്ടായി. കരിയറിന്റെ തുടക്കത്തിൽ ലഭിച്ച വിജയങ്ങൾ അതേപടി തുടരാൻ അദ്ദേഹത്തിനായില്ല...

Advertisment