ഡോ. ബി.ആർ അംബേദ്കർ ; വർഗ രാഷ്ട്രീയത്തിനു ഊടും പാവും നൽകിയ ജനനേതാവ് – അഡ്വ. ചാൾസ് വർഗീസ് അരികുപുറം

സത്യം ഡെസ്ക്
Wednesday, April 14, 2021

ഭരണഘടനാ ശിൽപി എന്ന നിലയിലാണ് പൊതുവേ അംബേദ്ക്കറിനെ ഓർക്കുക. എന്നാൽ വർഗരാഷ്ട്രീയത്തിന്റെ പ്രയോക്താവ് എന്ന നിലയിലും അധ:സ്ഥിത ജനവിഭാഗങ്ങളുടെ രാഷ്ട്രീയത്തെ ഉയർത്തിപിടിച്ച ജനനേതാവ് എന്ന നിലയിലും അംബേദ്ക്കർ ഓർമിക്കപെടേണ്ടതും, വായിക്കപെടേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഹിന്ദു ജാതിവ്യവസ്ഥിതിയിൽ താഴ്ന്ന ജാതിയെന്നു കണക്കാക്കപെടുന്ന മഹർ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ ജാതിയെന്ന തിന്മക്കെതിരെ പോരടിച്ചുകൊണ്ടിരുന്നു.

വിപ്ലവത്തിലൂടെയല്ല, മറിച്ച് പരിണാമത്തിലൂടെ സോഷ്യലിസം സാദ്ധ്യമാക്കാമെന്നു വിശ്വസിച്ചിരുന്ന ഫേബിയൻ ചിന്താധാര പിൻപറ്റിയാണ് അംബേദ്ക്കറിന്റെ ധൈഷ്ണിക ധാര വികസിച്ചത്. മാർക്സിന്റെ യുക്തിയില്ലായിരുന്നെങ്കിലും വർഗരാഷ്ട്രീയത്തിന്റെ പ്രയോക്താവായിരുന്നു അംബേദ്കർ. ജാതിയെ വർഗമെന്ന രീതിയിൽ അദ്ദേഹം വിശേഷിപ്പിച്ച് വന്നിരുന്നു. അദ്ദേഹത്തിന്റെ ആദ്യ രാഷ്ട്രീയ പാർട്ടിയായ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി തൊഴിലാളി വർഗ പാർട്ടിയായിട്ടാണ് പ്രഖ്യാപിച്ചത്.

ഫ്രഞ്ച് രാഷ്ട്രീയ ഗവേഷകനായ ക്രിസ്റ്റി ജാഫ്രിലോട്ട് അംബേദ്ക്കറിന്റെ പ്രസ്ഥാനത്തെ രാജ്യത്തെ ആദ്യ ഇടതുപക്ഷ പ്രസ്ഥാനമായിട്ടാണ് വിശേഷിപ്പിച്ചത്. 1936 ഓഗസ്റ്റിൽ ഐ.എൽ.പി പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കുടക്കീഴിലായിരുന്നു.

1942-ൽ ക്രിസ്പ് മിഷൻ ഒരു സമുദായത്തെയും പ്രതിനിധീകരിക്കുന്നില്ലായെന്നു പറഞ്ഞു മാറ്റി നിർത്തിയപ്പോൾ അംബേദ്ക്കർ അതു പിരിച്ചുവിട്ടു ജാതിയിലധിഷ്ഠിതമായ പട്ടികജാതി ഫെഡറേഷൻ രൂപീകരിക്കുകയും ചെയ്തു. അപ്പോഴും താൻ പ്രതിനിധികരിക്കുന്ന ജനവിഭാഗത്തിന്റെ അന്തസും അഭിമാനവും ഉയർത്തി പിടിക്കുവാനും ഒരു വർഗമെന്ന രീതിയിൽ പൊതു സമുഹത്തിന്റെ അംഗീകാരവുമായിരുന്നു അംബേദ്ക്കർ അഗ്രഹിച്ചത്.

സോഷ്യലിസ്റ്റ് സമ്പത്ത് ഘടനയെ ഭരണഘടനയുടെ ഉള്ളടക്കത്തിൽ കൊണ്ടുവന്ന അംബേദ്ക്കറിൽ ഒരു ഇടതു പക്ഷക്കാരനെയും കാണാം. എന്നാൽ ഇന്ത്യൻ കമ്മ്യുണിസ്റ്റുകളാവട്ടെ അംബേദ്ക്കറിന്റെ പ്രസ്ഥാനത്തെ തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന ഒന്നായി കാണുകയും 1952 ലെ തിരഞ്ഞെടുപ്പിൽ വോട്ടുകൾ പാഴാക്കിയാലും അംബേദ്ക്കറിനു നൽകരുതെന്നു ഡാങ്കെ ആഹ്വാനം ചെയ്തിരുന്നു.

ജാതി വിശകലനത്തിൽ ഗാന്ധിജിയുടെ നിലപാടുകളെ നിശിതമായ അംബേദ്ക്കർ വിമർശിച്ചിരുന്നു. ജനനാധിഷ്ഠിതമായ നാലായിരം ജാതികളെ ഗുണാധിഷ്ഠിതമായ നാലു വർണങ്ങളായി വെട്ടിച്ചുരുക്കുന്നതെങ്ങനെയെന്നും അദ്ദേഹം ജാതി നിർമൂലത്തിൽ ചോദിക്കുന്നു. ഹിന്ദുജാതിയിലെ അയിത്താചാരങ്ങളിൽ ദുഃഖിതനായിരുന്ന അദ്ദേഹം. ഞാനൊരു ഹിന്ദുവായി മരിക്കില്ലായെന്നു പ്രഖ്യാപിക്കുകയും ബുദ്ധമതം സ്വീകരിക്കുകയും ചെയ്തിരുന്നു.

×