-അസീസ് മാസ്റ്റർ
ദേശീയരാഷ്ട്രീയത്തിൽ വരാൻ പോകുന്ന മാസങ്ങളും വർഷങ്ങളും വളരെ നിർണ്ണായകമാണ്. സുപ്രധാനങ്ങളായ അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാൻ പോകുന്നു. അതിനു ശേഷം പ്രസിഡൻ്റ് തെരഞ്ഞെടുപ്പും ശേഷം പാർലമെൻ്റ് തെരഞ്ഞെടുപ്പും ഭരണ പ്രതിപക്ഷ പാർട്ടികൾക്ക് വിജയം എന്നതിനപ്പുറം മറ്റൊന്നും ചിന്തിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പുകളെല്ലാം പൊതു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നത് തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ വേവലാതി.
നിലവിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. ഇക്കഴിഞ്ഞ മന്ത്രിസഭ വിപുലീകരണവും' തെരഞ്ഞെടുപ്പൂ ലക്ഷൃം വെച്ചു കൊണ്ടു തന്നെയാണ്. നിലവിൽ ബിജെപി മുന്നണിയിൽ ഭിന്നതയോ ബലക്ഷയമോ ഇല്ലെങ്കിലും നിതീഷ് കുമാറിൻ്റെ ഒറ്റപ്പെട്ട ശബ്ദവും പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് മമത ബാനർജിയുടെ നീക്കവും ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്.
പ്രതിപക്ഷങ്ങൾ ചിന്നഭിന്നവും ദുർബലവുമായതുകൊണ്ട് ബിജെപിക്ക് വിജയപ്രതീക്ഷയുമുണ്ട്. പ്രതിപക്ഷ കക്ഷികൾ ഏകോപനമില്ലാത്തതു കൊണ്ട് ഭരണപരാജയം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയൂന്നില്ല. ഓരോ സംസ്ഥാനങ്ങളിലും വെത്യസ്ഥതയും വിഭിന്നവുമായ പാർട്ടികൾക്കാണ് സ്വാധീനം. സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള മിക്ക കക്ഷികൾക്കും ദേശീയ ടിസ്ഥാനത്തിൽ നിലനിൽപില്ല. തങ്ങളുടെ സംസ്ഥാനങ്ങൾക്കപ്പുറം ദേശീയ താൽപര്യമില്ല.
ഉപദേശീയതകളും ഫെഡറലിസവുമാണ് രാജ്യത്ത് രൂപാന്തരപ്പെട്ടു വരുന്ന സംവിധാനം. അപ്രതീക്ഷിതമായി പ്രതിപക്ഷ മതേതര ജനാതിപത്യ കക്ഷികളെല്ലാം കോൺഗ്രസ്സിനു ചുറ്റും വന്നു ചേരുന്നതിൻ്റെ പ്രാഥമീക ലക്ഷണങ്ങളും ചർച്ചകളും വിജയിച്ചുകൊണ്ടിരിക്കുന്നു.
ശിവസേന, എൻസിപി, ഡിഎംകെ, ആർജെഡി, ജെഎഎം എന്നീ കക്ഷികൾ കോൺഗ്രസിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. തൃണമുൽ കോൺഗ്രസ്സ്, വൈ.എസ്.ആർ കോൺഗ്രസ്, ടിആർഎസ് എന്നീ പ്രമുഖ കക്ഷികളും പ്രതിപക്ഷ നിരയിൽ അണിനിരന്ന് കോൺഗ്രസ്സ് പാരമ്പര്യമുള്ള മമത ബാനർജിയിലുള്ള വിശ്വാസവും പ്രേരണയുമാണിതിന്നു കാരണം.
രാജ്യത്ത് 200ൽപരം സീറ്റുകളിൽ ബിജെപിയെ നേരിടുന്നത് കോൺഗ്രസ്സാണ്. അതിൽ കോൺഗ്രസിനെ സഹായിക്കുകയും മറ്റു സീറ്റുകളിൽ കോൺഗ്രസ്സ് മറ്റു കക്ഷികളെ സഹായിക്കുക എന്ന നയമാണ് രൂപപ്പെട്ടു വരുന്നത്. ഇതിനെല്ലാം നേതൃത്വം നൽകൂന്നത് മറ്റൊരു മുൻ കോൺഗ്രസ്സ് നേതാവായ ശരത് പവ്വാറാണ്.
രാജ്യത്ത് അടിവേരുകളുള്ള ഒമ്പതു രാഷ്ട്രീയ പാർട്ടികളാണ് അടുത്ത തെരഞ്ഞെടുപ്പിൽ ഒരു ഫ്ലാറ്റ് ഫോമിൽ അണിനിരക്കുന്നത്. ബിജെപിക്കെതിരെ ദേശീയ തലത്തിൽ ഒരു ഫെഡറൽ മുന്നണി സംവിധാനമെന്ന ആശയമാണ് നിലവിൽ വരുന്നത്. നേതാവിൻ്റെ കാര്യം പിന്നീട് തീരുമാനിക്കും. മമത യുപിഎ ചെയർമാനും ശരത് പവ്വാർ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും ആ കണമെന്ന ചർച്ചയും നടന്നതായി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബിജെപിക്കെതിരെ ഒറ്റക്കെട്ട് എന്ന ആശയമാണ് മമത മുന്നോട്ടു വെക്കുന്നത്. കോൺഗ്രസുമായി അകന്നു നിൽക്കുന്ന പ്രതിപക്ഷ ശക്തികളെ സഹകരണത്തിൻ്റെ പാതയിൽ കൊണ്ടുവരാനാണ് മമത ശ്രമിക്കുന്നത്. ഇതര പ്രതിപക്ഷ കക്ഷികളുമായി മമതക്ക് ഉള്ള ബന്ധം പ്രയോജനപ്പെടുത്തും. ബംഗാളിൽ ബിജെപിയെ പരാജയപ്പെടുത്തിയ മമതയിൽ പ്രതിപക്ഷ കക്ഷികൾക്ക് പ്രതീക്ഷയും വിശ്വാസവുമുണ്ട്. അതാണ് പാർലമെൻ്റിൽ കണ്ട ഐക്യ നിര.