ലേഖനങ്ങൾ

ഒരു ഹോണററി പ്രധാനമന്ത്രിയുടെ ആശങ്കകൾ ; ദി പ്രസിഡണ്ട് ഹാസ് പ്രൊക്ലയിംഡ് എമർജൻസി, പരമ്പര – 2

സത്യം ഡെസ്ക്
Wednesday, July 14, 2021

-സിപി കുട്ടനാടൻ

ഗുംഗി ഗുഡിയയുടെ ചില്ലാന ആരംഭിയ്ക്കുകയാണ്. രാജ്‌നാരായൺ കൊടുത്ത തിരഞ്ഞെടുപ്പ് കേസിലെ വിധി പറയുവാനായി 1975 ജൂൺ 12 വ്യാഴാഴ്ച അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ്‌മോഹൻലാൽ മിശ്ര കോടതിയിലെത്തി. ആകാംഷയോടെ ഇന്ത്യയിലെ പത്രക്കാരും മറ്റു രാഷ്ട്രീയ പ്രമുഖരും അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് കാതോർത്തു.

വിധിപ്രസ്താവം ആരംഭിച്ചു. രാജ്‌നാരായൺ ഉന്നയിച്ച ആരോപണങ്ങളെ ശരിവച്ചുകൊണ്ടായിരുന്നു വിധിപ്രസ്താവം തുടങ്ങിയത്. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന തരത്തിലായിരുന്നു സ്ഥാനാർഥിയായ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്നും സർക്കാർ സംവിധാനങ്ങളെ ഇന്ദിരാഗാന്ധി എംപി പ്രയോജനപ്പെടുത്തിയെന്നും അവരുടെ തിരഞ്ഞെടുപ്പ് ഈ ഉത്തരവിനാൽ കോടതി റദ്ദു ചെയ്യുന്നുവെന്നും ഇന്നേക്ക് 6 വർഷങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് ശ്രീമതി. ഇന്ദിരാ ഫിറോസിനെ ഈ ഉത്തരവിനാൽ വിലക്കുന്നതായും കുറ്റക്കാരിയായ പ്രധാനമന്ത്രിയ്ക്ക് സുപ്രീം കോടതിയിൽ അപ്പീൽ പോകാനായി 20 ദിവസത്തെ സാവകാശം നൽകുന്നതായും മിശ്ര വിധിച്ചു.

ഇതോടെ ഇന്ത്യൻ പ്രതിപക്ഷ പാർട്ടികൾ ആർത്തലച്ചു. ഇന്ദിരയുടെ രാജിയ്ക്കായി പ്രതിപക്ഷ നേതാക്കൾ മുറവിളികൂട്ടി. സുവർണ സിംഹാസനത്തിൽ മുടിവച്ചു വാണിരുന്ന ഇന്ദിരയ്ക്ക് ഓർക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി.

ഹൈക്കോടതി വിധിക്കെതിരെ ഇന്ദിര സുപ്രീംകോടതിയെ സമീപിച്ചു. ഇന്ദിരയുടെ അപ്പീൽ സുപ്രീം കോടതിയിൽ ഫയലിൽ സ്വീകരിച്ചു. മലയാളിയായ ജസ്റ്റിസ് വിആർ കൃഷ്ണയ്യരുടെ മുമ്പാകെയായിരുന്നു അപ്പീൽ എത്തിയത്. അലഹബാദ് ഹൈക്കോടതിയുടെ വിധിയ്ക് 1975 ജൂൺ 24 വരെ ഉപാധികളോടെ സ്റ്റേ അനുവദിച്ചു നൽകി അദ്ദേഹം. ആ ഉപാധികൾ കേട്ടാൽ വിചിത്രമായിത്തോന്നും

ഇന്ദിരയ്ക്ക് പ്രധാനമന്ത്രി എന്ന നിലയിൽ പാർലമെൻ്റെ അങ്കണത്തിൽ പ്രവേശിക്കാം. പിഎം ഓഫീസിലും പോകാം. എന്നാൽ പാർലമെണ്ടിലെ സംവാദങ്ങളിൽ പങ്കെടുക്കുന്നതിനും എം.പി.യെന്ന നിലയിൽ വോട്ടു ചെയ്യുന്നതിനും വിലക്ക് ഉണ്ടായിരിക്കും.

തമാശ നിറഞ്ഞ ഈ വിധിയ്ക്ക് ജൂൺ 24 വരെ മാത്രമേ ജീവനുണ്ടായിരിക്കുകയുള്ളൂ. അതിനുള്ളിൽ താൻ കുറ്റക്കാരിയല്ല എന്നും രാജ്‌നാരായൺ ഹൈക്കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് സുപീംകോടതിയിൽ ഇന്ദിര ബോധിപ്പിയ്ക്കുകയും വേണം. അല്ലാത്ത പക്ഷം ഹൈക്കോടതി വിധി സാധുവായിത്തീരും. ചുരുക്കത്തിൽ താൻ അലങ്കരിച്ചിരുന്ന പ്രധാനമന്ത്രി പദം വെറുമൊരു ഹോണററി പദവിയായി മാറിയതിൽ ഇന്ദിരയിലെ ഏകാധിപതി പ്രകോപിതയായി.

മാത്രമല്ല, ഇതോടെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ചക്രവ്യൂഹത്തിലുമായി. ജനാധിപത്യത്തിൻ്റെ സാമാന്യമായ ശീലം വച്ച് ഇത്തരം സന്ദർഭങ്ങളിൽ രാജിവച്ച് തൻ്റെ രാഷ്ട്രീയത്തിന് മാന്യത നൽകുകയാണ് സാധാരണ രാഷ്ട്രീയക്കാർ ചെയ്യാറുള്ളത്. എന്നാൽ രാജിവയ്ക്കാനുള്ള മര്യാദ കാണിക്കാൻ ഇന്ദിരയോ, അത് ചോദിച്ചു വാങ്ങുവാനുള്ള രാഷ്ട്രീയ ബോധം കോൺഗ്രസ്സു പാർട്ടിയോ കാണിച്ചില്ല.

ഈ മര്യാദ കാണിച്ചു രാജ്യത്തിന് മാതൃകയാക്കേണ്ട രാഷ്ട്രീയ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കപ്പെടേണ്ടത് ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിന് അത്യന്താപേക്ഷിതമാണ്. ഈ മര്യാദ സംഭവിപ്പിക്കുക എന്ന കർത്തവ്യമാണ് ക്രിയാത്മക പ്രതിപക്ഷത്തിൻ്റെ കടമ. ഈ കടമ നിറവേറ്റാൻ തന്നെ ഇന്ത്യൻ പ്രതിപക്ഷം തീരുമാനിച്ചു.

അതിനായി അവരെല്ലാം ചേർന്ന് സ്വാതന്ത്ര്യ സമര നേതാവായിരുന്ന സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായൺജിയെ (ജെപി) രംഗത്തിറക്കി. ജെപിയുടെ രൂക്ഷമായ പ്രസംഗങ്ങൾ ഇന്ദിരയുടെ രാജിയാവശ്യത്താൽ നിറഞ്ഞു കവിഞ്ഞു. ഡൽഹിയിലെ രാംലീല മൈതാനം സമരമുഖരിതമായി. വമ്പിച്ച പൊതു യോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളായ ബഹുമാനപ്പെട്ട വോട്ടർമാർ ഈ റാലികളിൽ എത്തിച്ചേർന്നു.

അടൽ ബിഹാരി വാജ്‌പേയ്, ലാൽ കൃഷ്ണ അദ്വാനി തുടങ്ങിയ ജനസംഘ് നേതാക്കൾ പലയിടത്തും പ്രസംഗിച്ചു. രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. സമാധാനപരവും ജനാധിപത്യപരവുമായ ഇത്തരം പൊതുയോഗങ്ങളെയും രാഷ്ട്രീയ പ്രകടനങ്ങളെയും കോൺഗ്രസ്സ് നേരിട്ടത് പോലീസിൻ്റെ ലാത്തിയുപയോഗിച്ചായിരുന്നു.

ജനത്തിന് നേർക്കുയുള്ള പോലീസിൻ്റെ ലാത്തി പ്രയോഗങ്ങൾ അതിരുവിട്ടപ്പോൾ രാഷ്ട്രീയ നേതാക്കളുടെ ഭാഷയും മാറി. ജനാധിപത്യവിരുദ്ധമായ ഉത്തരവുകൾ നടപ്പാക്കുവാനുള്ള യാതൊരു ബാദ്ധ്യതയും പോലീസിനോ പട്ടാളത്തിനോ ഇല്ലെന്ന് ജെപി പ്രസംഗിച്ചു. ഈ പ്രസംഗം വളരെ തരംഗങ്ങൾ സൃഷ്ടിയ്ക്കുവാൻ പോന്നതായിരുന്നു. കാരണം ഇത് ജെപിയുടെ വാക്കുകളാണ് എന്നത് തന്നെ.

ഇന്ദിരയുടെ പോലീസും പൊതുജനവുമായുള്ള അല്ലറചില്ലറ അടിപിടികൾ ഇന്ത്യയിലങ്ങളമിങ്ങോളം (സിഎഎ വിരുദ്ധ സമരത്തിൽ ഉണ്ടായതു പോലെയുള്ള) ഉണ്ടായി എങ്കിലും രാജ്യത്തൊരിടത്തും ക്രമസമാധാനത്തിന്‌ കാര്യമായ വെല്ലുവിളികളുണ്ടായിരുന്നില്ല.

എന്നാൽ ഇന്ദിരയെ അലട്ടിക്കൊണ്ടിരുന്ന യഥാർത്ഥ പ്രശ്‌നം മറ്റൊന്നുമായിരുന്നില്ല, അത് ജൂൺ 24 എന്ന തീയതിയായിരുന്നു. കാരണം എല്ലാവർക്കും ബോദ്ധ്യമുണ്ടല്ലോ. ജൂൺ 25 മുതൽ അലഹബാദ് ഹൈക്കോടതിയുടെ വിധി സാധുവായിത്തീരും. മാത്രമല്ല മറിച്ചാണ് സത്യം എന്ന് സുപ്രീംകോടതിയിൽ തെളിയിക്കാൻ ജനാധിപത്യ വഞ്ചകിയായ കോൺഗ്രസ്സ് നേതാവ് ഇന്ദിരയുടെ പക്കൽ മെറിറ്റ് ഒന്നുമുണ്ടായിരുന്നില്ല.

ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ എന്തെങ്കിലും നിയമപരമായ പഴുതുകളുണ്ടോ എന്ന് കോൺഗ്രസ്സുകാർ തലപുകഞ്ഞാലോചിച്ചു. ഒടുവിൽ അവർ ഒരു ഉത്തരത്തിൽ എത്തിച്ചേർന്നു. ആ ഉത്തരം ഒരു വ്യക്തിയായിരുന്നു. ആ വ്യക്തിയാണ് കോൺഗ്രസ്സ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന സിദ്ധാർത്ഥ ശങ്കർ റോയ്…

തുടരും …

×