-സിപി കുട്ടനാടൻ
ബഹുമാന്യ സത്യം ഓൺലൈൻ വായനക്കാർക്ക് നമസ്കാരം. വീണ്ടും ഒരു കർക്കിടകമാസം വന്നെത്തുകയാണ് കൊല്ലവർഷം 1196 കർക്കിടകം 1 മുതൽ 31 വരെ ഇനി രാമായണ ശീലുകൾ കേരളത്തിലെമ്പാടും ഉയർന്നു കേൾക്കും.
നമ്മുടെ പൂർവികനായ തുഞ്ചത്ത് ആചാര്യൻ നമുക്കായി ഒരുക്കിയ ശുദ്ധ മലയാളത്തിൻ്റെ കാവ്യ പാരമ്പര്യത്തെ കിളിപ്പൈതലിൻ്റെ കളമൊഴികളോടെ മഴയിൽ കുളിർന്ന അന്തരീക്ഷവും പ്രകൃതിയുടെ കാതുകളും ഏറ്റുവാങ്ങും. ഈ സന്ദർഭത്തിൽ ഈ വർഷത്തെ കർക്കിടക വിചാരത്തിനും തുടക്കമിടാൻ പോകുകയാണ്.
കർക്കിടക മാസത്തിൻ്റെ ഗൃഹാതുരത നിറയുന്നത് കാർമേഘം മൂടിയ പശ്ചാത്തലങ്ങളിലാണ്. ഈ പശ്ചാത്തലങ്ങളിലാണ് നമ്മുടെയുള്ളിലെ ധർമ്മവും അധർമ്മവും, ശ്രീരാമനും രാവണനുമെന്ന പേരിൽ ഏറ്റുമുട്ടലുകൾ നടത്തുന്നത്. അതിന് കഥയുടെ കാവ്യാത്മക ഭാവം കൂടെ ഉൾച്ചേരുമ്പോൾ ആസ്വാദനത്തിൻ്റെ മായികമായ തലവും അനുഭവവേദ്യമാകുന്നു.
രാമായണ പുരാണത്തിൻ്റെ വായന ആരംഭിയ്ക്കുന്നതിനു മുമ്പ് പുരാണത്തെക്കുറിച്ചൊരു ആമുഖം നമുക്ക് ആവശ്യമാണ്. എന്താണ് പുരാണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരാണത്തെ മനസിലാക്കേണ്ടത് എപ്രകാരമാണ് എന്ന സംശയത്തിൽ പൊതിഞ്ഞ ഒരുതരം ജുഗുപ്സാവഹമായ സാഹചര്യം ഈ രംഗത്ത് നിലനിക്കുന്നുണ്ട്.
അതുകൊണ്ടാണ് ചിലർ പുരാണങ്ങളെ ചരിത്രങ്ങളായി വ്യാഖ്യാനിക്കുന്നതും മറ്റു ചിലർ അനുഷ്ഠിയ്ക്കാനായി ഹൈന്ദവർക്ക് നൽകപ്പെട്ട വചനങ്ങളായുമൊക്കെ വ്യാഖ്യാനിക്കുന്നത്. ഇത് പൂർണമായും ശരിയല്ലെങ്കിലും ഇതിഹാസം എന്ന തലത്തിൽ ചിന്തിയ്ക്കുമ്പോൾ പുരാണങ്ങളെ ചരിത്രം എന്ന പരിപ്രേക്ഷ്യത്തിലേക്ക് കൊണ്ടുവരാൻ സാധിയ്ക്കുന്നതാണ്.
വാസ്തവത്തിൽ പുരാണങ്ങൾ എന്നത് ചതുർവേദങ്ങളെ സാഹിത്യ ഭംഗിയിൽ മുക്കി കാവ്യാത്മകമായി വ്യഖ്യാനിക്കുന്നതാണ്. വേദങ്ങളിലെ തത്വങ്ങളെ കഥകളുടെ അകമ്പടിയോടെ ആസ്വാദ്യകരമാക്കി അവതരിപ്പിക്കുക എന്നതാണ് പുരാണങ്ങളുടെ കടമ. ഭാരതത്തിൽ മാത്രമല്ല ഇത്തരത്തിലുള്ള സാഹിത്യ ശൈലി നിലനിന്നിട്ടുള്ളത്.
ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇത്തരം സാഹിതീ ശീലങ്ങൾ കാണാൻ സാധിയ്ക്കും. എന്നാൽ ഭാരതീയ ശൈലികൾക്കാണ് ഇത്തരത്തിൽ പ്രചുരമായ പ്രചാരം ഉണ്ടായിട്ടുള്ളത്. അത് ഭാരതീയ സംസ്കാരത്തിൻ്റെ പ്രത്യേകതയാണ്.
ലോകത്തിൽ ഏറ്റവും പഴക്കമേറിയ ഒന്നാണ് ഭാരതീയ സംസ്കാരം. ‘ജ്ഞാനം’ ചേർന്നു നിൽക്കുന്ന സംസ്കാരമെന്ന ഖ്യാതി ഭാരതീയ സംസ്കാരത്തിനുണ്ട്. ഭൗതിക സ്വത്തുക്കളോ വലിയ മന്ദിരങ്ങളോ അല്ല ഈ സംസ്കാരത്തിൻ്റെ സവിശേഷത.
അനന്തമായ ജ്ഞാന സപര്യയ്ക്കു വേണ്ടിയുള്ള സമർപ്പണവും. ജ്ഞാനത്തെ ലോകത്തിനും ഭാവി തലമുറയ്ക്കും വേണ്ടി സംരക്ഷിക്കാനുള്ള അപൂർവമായ ശേഷിയുമാണത്. ശ്രുതികളും സ്മൃതികളും പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ഇതിനുള്ള തെളിവുകളാണ്.
ശ്രുതികളും സ്മൃതികളും പുരാണങ്ങളും ഇതിഹാസങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ശ്രുതികൾ മാറ്റമില്ലാതെ തുടരുന്നവയും കാലാതിവർത്തിയുമാണ്. അവയാണ് വേദങ്ങൾ, സ്മൃതികൾ എന്നാൽ നിയമങ്ങളാണ്.
ഭാരത ഖണ്ഡത്തിൽ നിലനിന്നിരുന്ന നിയമ സംഹിതകൾ അതാതു മന്വന്തരങ്ങളിൽ സ്മൃതികളായി ഉണ്ടായിരുന്നു. നമുക്ക് കേട്ടു പരിചയമുള്ള മനുസ്മൃതി മാത്രമല്ല, ഇതുവരെ 73 സ്മൃതികൾ കണ്ടെത്തിയിട്ടുണ്ട് എന്നതാണ് എൻ്റെ അറിവ്.
നളന്ദ തക്ഷശിലാ സർവ്വകലാശാലകൾ മുഗൾ പടയോട്ടത്താൽ തകർന്നപ്പോൾ അതിൽപ്പെട്ടു പല ഗ്രന്ഥങ്ങളും നശിച്ചു പോയിട്ടുണ്ട്. മുഴുവൻ ഭാരതത്തിനും ബാധകമായത് സനാതന ധർമ്മം മാത്രമാണ്. ദേശകാല പരിസ്ഥിതിക്കനുസരിച്ച് ഉദിക്കുകയും അതാതു സ്ഥലത്തും സമയത്തും അസ്തമിക്കുകയും ചെയ്ത നിയമങ്ങളാണ് സ്മൃതികൾ.
മനു, യാജ്ഞവൽക്യൻ, ജീമൂതവാഹനൻ, പരശുരാമൻ, ദേവലൻ - ഇത് പോലെ അസംഖ്യം പേർ സ്മൃതികളെഴുതിയിട്ടുണ്ട്. സ്മൃതികളുടെ നിയമ പ്രകാരം ഇപ്പോഴത്തെ സ്മൃതി എന്നത് ഇന്ത്യൻ ഭരണ ഘടനയാണ്. അക്കണക്കിൽ ഇന്ത്യൻ സബ്‌കോണ്ടിനൻ്റലിൽ അവസാനം സ്മൃതി രചിച്ചത് ഭീമറാവുജിയാണ്.
പുരാണങ്ങൾ എന്നത് വേദത്തെ സാധാരണക്കാരന് മനസ്സിലാകും വിധം വ്യാഖ്യാനിക്കുവാനുള്ള കഥാ സംഹാരങ്ങളാണന്ന് മുകളിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് അതിനെ പുരാണ കഥകൾ എന്ന് പറയുന്നത്. അതിൽ സന്മാർഗ ഉപദേശങ്ങളും സമൂഹത്തെ പരുവപ്പെടുത്തുന്ന മൂല്യങ്ങളും വാങ്മയ ചിത്രങ്ങളായി സംവേദനം ചെയ്യപ്പെടും
എന്നാൽ ഇതിഹാസങ്ങൾ എന്നത് സംഭവിച്ച കാര്യങ്ങളാണ്. അതായത് ഇവിടെ ഇതൊക്കെ നടന്നിരിക്കുന്നു. ശരി തെറ്റുകൾ വായിക്കുന്നവൻ വിവക്ഷിച്ചു മനസ്സിലാക്കണം. ഇത്രയുമാണ് ഇന്ത്യൻ ഫിലോസഫിയുടെ അടിസ്ഥാന വിവരങ്ങൾ ഇവയെ മുൻനിറുത്തി പുരാണ വായനകൾ ആരംഭിച്ചാൽ അതിൽ ഭാരതീയ തത്വ ചിന്തയുടെ ഔന്നിത്യം ദർശിക്കാൻ സാധിയ്ക്കും.
ഒരു കാലത്തും വ്യതിചലനമുണ്ടാവാന്‍ പോകാത്ത ഒന്നാണ് ഭാരതീയ തത്വചിന്തകള്‍. നിരാശയില്‍ നിന്നും ഉത്ഭവിക്കുന്നതും ബാബിലോണിയന്‍ സംസ്‌കാരത്തിൻ്റെ പലായനവും കൊണ്ട് നിറഞ്ഞതാണ് പാശ്ചാത്യ തത്വചിന്തകള്‍.
മഹത്തായ കാവ്യഭാവുകത്വത്തില്‍ നിന്നും ഉടലെടുത്ത രണ്ട് സാഹിത്യ കൃതികളാണ് രാമായണവും മഹാഭാരതവും. മനുഷ്യരെ നേര്‍വഴിക്ക് നടത്താനും അധർമ്മത്തിൻ്റെ ശിക്ഷയെക്കുറിച്ച് നമ്മളെ ബോധവാൻമാർ ആക്കുവാനുമായാണ് ഇതിഹാസങ്ങള്‍ ശ്രമിക്കുന്നത്.
ഭാരതീയ സംസ്കൃതിയുടെ തുടർച്ച നിലനിർത്തിയത് വേദ പാരമ്പര്യമാണ്. വേദത്തെ വ്യാഖാനിക്കുന്ന സരള ഭാഷ്യമാണ് പുരാണങ്ങൾ. ഇതിഹാസങ്ങൾ സംഭവങ്ങളാണ്. ഓരോ ഉത്തരത്തിലും ഒരായിരം ചോദ്യങ്ങള്‍ ഒളിപ്പിച്ചു വച്ചാണ് വേദവ്യാസന്‍ മഹാഭാരത കഥ രചിച്ചിരിക്കുന്നത്. അതിൻ്റെ ഓരോ വായനയും ഒരു നൂറു പുനര്‍ വായനയുടെ വാതിലാണ് തുറന്നിടുന്നത്.
വായനയേക്കാള്‍, വരികള്‍ക്കിടയിലെ വായനയാണ് അതിൻ്റെ കരുത്ത്. വ്യാസൻ്റെ അക്ഷരങ്ങളേക്കാള്‍, ആ മൗനത്തിൻ്റെ വ്യാഖ്യാനമാണ് അതിൻ്റെ ചാരുത. മഹാഭാരതം എന്നത് വളരെ കള്‍ച്ചറല്‍ ആയിട്ടുള്ള ഒരു ആകാര ഗ്രന്ഥമാണ്. അതിന് പല വേര്‍ഷനുകള്‍ ഉണ്ട്. ആര്‍ക്കും അതില്‍ ഉടമസ്ഥതയില്ല (ഭാരതീയർക്കുപോലും). ആരുടെയും കുത്തകയല്ല. എല്ലാവരുടേയുമാണത്. എല്ലാ കാര്യങ്ങളിലും ഒരു വൈരുദ്ധ്യം മഹാഭാരതത്തിൽ ഉടനീളമുണ്ട്.
ഇതേ രീതിയിലല്ല വാത്മീകി മഹർഷി രാമായണത്തിൻ്റെ സൃഷ്ടി നടത്തിയിരിക്കുന്നത്. അതിലെ സൂക്ഷ്മാംശങ്ങളിൽ അക്കാലഘട്ടത്തിൻ്റെ സാമൂഹിക പാരിസ്ഥിക സാഹചര്യങ്ങൾ കൂടെ ഉൾച്ചേർന്നിരിക്കുന്നു. വാത്മീകിയുടെ ആഖ്യാന ശൈലിയിലല്ല ആദ്ധ്യാത്മ രാമായണം എഴുത്തച്ഛൻ ചമച്ചിരിക്കുന്നത്.
വറുതിയോട് പൊരുതുന്ന കർക്കിടക മാനവൻ്റെ ദൈന്യതക്ക് ഭക്തിയിൽ അഭയം തേടാനുള്ള വഴിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ തുറന്നിടുന്നത്. അതിനാൽ സമകാലിക ലോകത്ത് ഇതിൻ്റെ പ്രസക്തി വർദ്ധിയ്ക്കുന്നത് മറ്റൊരുതരം സാഹചര്യത്തിലാണ്.
ആധുനിക സമൂഹം മുറവിളി കൂട്ടുന്ന എല്ലാവിധ പ്രശ്നങ്ങളുടെയും ആകെത്തുകയാണ് നമ്മുടെ പുരാണേതിഹാസങ്ങള്‍. ഭക്തിയാണോ അതോ യുക്തിയാണോ ഇതിഹാസ വായനയ്ക്ക് നമ്മൾ സ്വീകരിക്കേണ്ടത് എന്നതാണ് ആധുനിക മനുഷ്യന്‍ തീരുമാനിക്കേണ്ടത്. പുരാണങ്ങളെ ഇനിയും പുരാതന വായനയില്‍ തളച്ചിടുന്നതില്‍ അര്‍ഥമില്ല.
എല്ലവരും കൃത്യനിഷ്ഠയോടെ ആചാര ശുദ്ധിയോടെ രാമായണം വായിക്കുക. ഇനിയുള്ള ദിവസങ്ങളിൽ ശ്രീരാമസ്വാമിക്കും സീതാ ദേവിക്കും ലക്ഷ്മണ സ്വാമിക്കുമൊപ്പം നമുക്ക് അയനം ചെയ്യാം.
ജയ് ഭജ്‌രംഗ്‌ബലി