ലേഖനങ്ങൾ

ജനാധിപത്യത്തിൽ നിന്നും സ്വേച്ഛാധിപത്യത്തിലേയ്ക്ക്; ദി പ്രസിഡണ്ട് ഹാസ് പ്രൊക്ലയിംഡ് എമർജൻസി, പരമ്പര -3

സത്യം ഡെസ്ക്
Tuesday, July 20, 2021

-സിപി കുട്ടനാടൻ

സിദ്ധാർഥ ശങ്കർ റായ് ചില്ലറക്കാരനായിരുന്നില്ല. രാഷ്ട്രീയക്കാരൻ എന്നതിലുപരി, ബ്രിട്ടീഷ് ഭരണകാലത്ത് കൽക്കട്ട കോടതിയിലെ ബാരിസ്റ്ററായിരുന്ന പിതാവിൻ്റെ പാരമ്പര്യം പേറിയിരുന്ന നല്ലൊന്നാം തരം നിയമ വിദഗ്ധനായിരുന്നു റായ്. പ്രധാനമന്ത്രിയുടെ വിളി വന്നപ്പോൾ തന്നെ റായ് ഡൽഹിക്കുള്ള വിമാനം പിടിച്ചു.

ഡൽഹിയിലെത്തിയ റായിക്ക് ചെയ്യാനുണ്ടായിരുന്നത് ഭരണഘടനയിൽ എവിടെയെങ്കിലും, കോൺഗ്രസ്സ്  ഇപ്പോൾ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കുവാനുള്ള എന്തെങ്കിലും പഴുതുകൾ ഉണ്ടോ എന്ന് പരിശോധിച്ച് അറിയിക്കുക എന്നതാണ്.

അതായത് കോടതിയുടെ ശക്തിയും അധികാരങ്ങളും ഇല്ലാതാക്കുവാനുള്ള മാർഗ്ഗമായിരുന്നു ഇന്ദിരയുടെ ആവശ്യം. ഇത് മനസ്സിലാക്കിയിരുന്ന റായിക്ക് നേരിടേണ്ടി വന്ന സമ്മർദ്ദം വളരെ വലുതായിരുന്നു. ഒടുവിൽ സിദ്ധാർഥ ശങ്കർ റായിയുടെ നാവിൽ നിന്നും ഒരു ശബ്ദം പുറപ്പെടുവിക്കപ്പെട്ടു. ആ ശബ്ദത്തിൽ ആർട്ടിക്കിൾ 352 എന്ന പദം ഉണ്ടായിരുന്നു.

അതെ.. ആർട്ടിക്കിൾ 352, “ദേശീയ ആഭ്യന്തര അടിയന്തരാവസ്ഥ”. ഇതിലൂടെ ഇന്ദിരയ്ക്ക് എന്നും അധികാരത്തിൽ തുടരാം. കോടതികൾക്ക് ഭരണകൂടത്തെ ചോദ്യം ചെയ്യാനാവില്ല. പൗരാവകാശങ്ങൾ, മൗലികാവകാശങ്ങൾ, പത്രങ്ങൾ എന്നിവ സ്റ്റേറ്റിൻ്റെ നിയന്ത്രണത്തിൽ നിർത്താം. ആര് ചോദ്യം ചെയ്താലും വിലപ്പോവില്ല. വികലമായ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ള നിയമങ്ങൾ ഉപയോഗിച്ച്, ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യാം. എല്ലാംകൊണ്ടും സുഖിക്കാം. ഇന്ദിരയുടെ മനസ്സിൽ ലഡ്ഡുപൊട്ടി. എന്നാൽ ചില നെഹ്‌റു കുടുംബ അനുകൂല പത്രക്കാർ മറ്റൊരു വേർഷൻ പ്രചരിപ്പിയ്ക്കുണ്ട്. അത് ഇനി പറയാം.

നിരവധി ബിസിനസ്സ് രാഷ്ട്രീയ എസ്റ്റാബ്ലിഷ്‌മെൻ്റ ഉള്ള സഞ്ജയ് ഗാന്ധി എന്ന ഇന്ദിരാ പുത്രന്, തൻ്റെ മാതാവ് പ്രധാനമന്ത്രി അല്ലാതാവുന്നത് ചിന്തിയ്ക്കാൻ സാദ്ധ്യമായിരുന്നില്ല. ആ കുഞ്ഞു ഹൃദയം നോവും എന്നത് ഇന്ദിരാമ്മയെ ഇരുത്തി ചിന്തിപ്പിച്ചിരിയ്ക്കണം. അതുകൊണ്ട് തന്നെ ഇന്ത്യൻ ഭരണഘടന പരിശോധിച്ച് റായ് കണ്ടുപിടിച്ച അടിയന്തരാവസ്ഥ എന്ന സാഹസത്തിന് മകൻ്റെ നന്മയെ കരുതി ആ അമ്മ ഒരുമ്പെട്ടു. ഇതൊരു തെറ്റാണോ നാട്ടുകാരെ.

ഹിന്ദുസ്ഥാൻ ഇന്ദു ഹേ, ഇന്ദു ഹേ ഹിന്ദുസ്ഥാൻ (‘Indira Is India, India Is Indira) എന്ന മന്ത്രങ്ങൾ മുഴങ്ങിയ കോൺഗ്രസ്സ് രാഷ്ട്രീയ മണ്ഡലത്തിൽ, കിച്ചൺ കാബിനറ്റും ബന്ധുക്കളും ചേർന്ന് ഭാരതത്തിൻ്റെ രാഷ്ട്രീയ ഭരണ തീരുമാനങ്ങൾ എടുക്കുന്ന കോൺഗ്രസ്സ് സാഹചര്യത്തിൽ, നെഹ്‌റു കുടുംബം അനിഷേധ്യമായി തുടരുന്ന കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടിയിൽ, പ്രധാനമന്ത്രിയായ ഒരു അമ്മയുടെ ഏതു സാഹസികതയും അംഗീകരിയ്ക്കപ്പെടും അത് തീർച്ചയാണ്. ആ ധൈര്യം ഇന്ദിരാമ്മയെ മുന്നോട്ടു നയിച്ചു. ഇന്ത്യയിലെ മറ്റേതൊരു അമ്മയ്ക്കും സാധിച്ചു കൊടുക്കാൻ പറ്റാത്ത കാര്യം തൻ്റെ മകനു വേണ്ടി സാധിപ്പിയ്ക്കാൻ ഇന്ദിരാമ്മ തീരുമാനിച്ചു.

ഇതിനകം തന്നെ അമ്ലെഷ്യ ബാധിക്കപ്പെട്ട് താനൊരു ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിയാണെന്ന കാര്യം തന്നെ മറന്നു പോയ മഹാറാണി ഇന്ദിരഗാന്ധി രാജകല്പനയുമായി രംഗത്തെത്തി. ‘ആരവിടെ.. കേന്ദ്ര ആഭ്യന്തര മന്ത്രി കാസു ബ്രഹ്‌മാനന്ദ റെഡ്‌ഡിയോട് ഉടൻ തന്നെ നമ്മെ മുഖം കാണിയ്ക്കാൻ പറയിൻ’. ‘ഉത്തരവുപോലെ റാണീ’ ചുറ്റിനും നിന്നവർ പ്രതിവചിച്ചു,

അങ്ങനെ ഇന്ദിരാഗാന്ധിയുടെ താത്പര്യ പ്രകാരം 1975 ജൂൺ 24ന് രാത്രി 10.30ന് കാസു ബ്രഹ്‌മാനന്ദ റെഡ്‌ഡി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി. തിടുക്കപ്പെട്ട് വിളിച്ചു വരുത്തിയതിൻ്റെ കാരണം അന്വേഷിച്ച റെഡ്ഢിയോട് ഇന്ദിര പറഞ്ഞു. ഞാനൊരു തീരുമാനമെടുത്തിരിയ്ക്കുന്നു അത് അനുസരിയ്ക്കുക. ഇപ്പോൾ, ഈ നിമിഷം അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശം രാഷ്ട്രപതിയ്ക്ക് അയക്കുക.

ഇതുകേട്ട് അല്‍പമൊന്ന് ആലോചിച്ച റെഡ്ഢി ഇന്ദിരയോട് ചോദിച്ചു, “1971ൽ ഇന്ത്യ – പാക്കിസ്‌ഥാൻ യുദ്ധ സമയത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത് നിലവിലുണ്ടല്ലോ, അതിനാൽ മറ്റൊന്നുകൂടെ വേണോ..?” അല്പം രൂക്ഷതയാർന്ന ശബ്ദത്തിലാണ് ഇന്ദിര ഇതിനോട് പ്രതികരിച്ചത്. ആ രൂക്ഷമായ ശബ്ദത്തിൽ കുറെ വാക്കുകൾ ഉണ്ടായിരുന്നു. മിസ്റ്റർ റെഡ്ഢി, എനിയ്ക്കിപ്പോൾ ആവശ്യം ആഭ്യന്തര അടിയന്തരാവസ്ഥയാണ്. അതിനായുള്ള ഉത്തരവുകൾ ഉടൻ നൽകുക.

ഇന്ദിരാകോപം തലയിലേറ്റേണ്ട എന്ന് കരുതിയ റെഡ്ഢി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ലെറ്റർ പാഡ് എടുക്കുവാനുള്ള സമയം പോലും കളയാതെ വെറും വെള്ളക്കടലാസിൽ, അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കാനുള്ള ശിപാർശ കത്ത് തയ്യാറാക്കി രാഷ്ട്രപതി ഭവനിലേക്ക് അയച്ചു. അവിടെ ഇന്ത്യയുടെ ജനാധിപതി ഫക്രുദീൻ അലി അഹമ്മദ് വിരാചിയ്ക്കുന്നുണ്ടായിരുന്നു.

ഇന്ദിരാ ഭരണത്തിലെ ആരോഗ്യകരവും ആസ്വാദ്യകരവുമായ പ്രസിഡൻഷ്യൽഷിപ്പിന്‌ ഒപ്പിടൽ മാത്രമാണ് നല്ലത് എന്ന് നന്നായി അറിയാവുന്ന ബഹു. രാഷ്‌ട്രപതി ഫക്രുദീൻ അലി അഹമ്മദ് രണ്ടാമതൊന്ന് ആലോചിക്കാതെ റെഡ്ഢി കൊടുത്തു വിട്ട കടലാസ്സിൽ ഒപ്പിട്ടു കൊടുത്തു.

അങ്ങനെ 1975 ജൂൺ 25ന് പുലർച്ചെ ഇന്ത്യൻ ഭരണഘടനയുടെ 352-ാം വകുപ്പ് പ്രകാരം ഇന്ത്യയിലെ ജനതയ്ക്ക് മേൽ കോൺഗ്രസുകാരിയായ ഇന്ദിരാഗാന്ധിയുടെ ആവശ്യമായ അടിയന്തരാവസ്ഥ വന്നു വീണു. ജനാധിപത്യത്തിൽ നിന്നും സ്വേച്ഛാധിപത്യത്തിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയിൽ തിരി തെളിഞ്ഞു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം എന്തൊക്കെ ചെയ്യണമെന്നും റെഡ്ഢിയും റായിയും ഇന്ദിരയും ചേർന്ന് ധാരണയുണ്ടാക്കിയിരുന്നു. അതിൻ പ്രകാരം 1971ൽ പാർലമെൻ്റ പാസ്സാക്കിയ മെയിൻ്റനൻസ് ഓഫ് ഇൻ്റെർണൽ സെക്യൂരിറ്റി ആക്റ്റ് (മിസ) ആവശ്യാനുസരണം ഉപയോഗിയ്ക്കുവാൻ സംസ്ഥാന ആഭ്യന്തര വകുപ്പുകൾക്കുള്ള നിർദ്ദേശവും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. അടിയന്തരാവസ്ഥയെ അട്ടിമറിയ്ക്കാൻ സാദ്ധ്യതയുള്ള ശക്തികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിലും വ്യക്തത വരുത്തി.

ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യയിലെ കോടതിയടക്കമുള്ള സംവിധാനങ്ങൾ നിശ്ശബ്ദരും അധികാര വിഹീനരുമാക്കപ്പെട്ടു. കോൺഗ്രസ്സുകാർ കളത്തിലിറങ്ങി വിളയാട്ടം ആരംഭിച്ചു. ഇന്ദിരാമ്മയുടെ പുത്രൻ സഞ്ജയ് ഗാന്ധിയും കൂട്ടുകോൺഗ്രസ്സുകാരുമായിരുന്നു അടിയന്തരാവസ്ഥയുടെ നടത്തിപ്പ് കമ്മറ്റിക്കാർ.

അക്കാലത്ത് സോഷ്യൽ മീഡിയയും മറ്റുമില്ലാതിരുന്നതിനാൽ ഇക്കാര്യങ്ങൾ ജനങ്ങൾ അറിഞ്ഞില്ല ഒടുവിൽ 1975 ജൂൺ 26ന് ഇന്ദിരാഗാന്ധി, ഓൾ ഇന്ത്യാ റേഡിയോയിലൂടെ ആ സംഗതി നാട്ടുകാരെ അറിയിച്ചു. ആ ഇംഗ്ലീഷ് പ്രസംഗം ഇങ്ങനെയായിരുന്നു.

The President has proclaimed an emergency. There is nothing to panic about.

I am sure you are all conscious of the deep and widespread conspiracy which has been brewing ever since I began introducing certain progressive measure of benefit to the common man and woman of India in the name of democracy. It has sought to negate the very functioning of democracy. Duly elected governments have not been allowed to function, and in some cases force has been used to compel members to resign in order to dissolve lawfully elected assemblies.

ഇന്ദിരയുടെ നേതൃത്വം നടപ്പാക്കാൻ ശ്രമിക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ ജനാധിപത്യത്തിൻ്റെ ചില ദൗർബല്യങ്ങളിൽ പെട്ട് നടപ്പാവാതെ പോകുന്നതിലുള്ള തൻ്റെ അമർഷം വിവരിച്ചുകൊണ്ടാണ് ഇന്ദിര പ്രസംഗിച്ചത്. കൂടാതെ 1975 ജനുവരി 2ന് ബീഹാറിലെ ദർബംഗയിൽ വച്ചു ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട റയിൽവേ മന്ത്രി ലളിത് നാരായൺ മിശ്രയെയും പ്രസംഗത്തിൽ അനുസ്മരിച്ചു.

അങ്ങനെ ജനാധിപത്യത്തിൻ്റെ ദൗർബല്യങ്ങൾ സഹിക്ക വയ്യാതെ, ആ ധീരയായ കോൺഗ്രസ്സുകാരി ഇന്ദിരാജി, ഇന്ത്യൻ ജനാധിപത്യത്തിന് ഒരു അറുതി വരുത്താനുള്ള പ്രയത്നം തുടങ്ങി.

അധികാരം സ്ഥാപനങ്ങളെ പൊതിയുന്നത് എട്ടുകാലി വല നെയ്യുന്നതു പോലെ ആണെന്ന് ഫ്രഞ്ച് ചിന്തകനായ മിഷേല്‍ ഫുക്കൊ പറഞ്ഞിട്ടുണ്ട്. ഇതേ മാതിരി തന്നെ എട്ടുകാലി വല നെയ്യുന്നതു പോലെ കോൺഗ്രസ്സുകാർ കോടതികള്‍ ഉള്‍പ്പടെയുള്ള ഭരണഘടന സ്ഥാപനങ്ങള്‍ക്കു മേല്‍ പടര്‍ന്നു കയറി.

തുടരും….

×