ഡോ. ബി.ആർ അംബേദ്ക്കർ ഒരു ഇതിഹാസ നാമം

സത്യം ഡെസ്ക്
Monday, April 12, 2021

-ഡോ. എം.കെ ഹരിദാസ്, മണ്ണാർക്കാട്

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ, എനിക്ക് ഏറെ ബഹുമാനം തോന്നിയ മൂന്ന് നേതാക്കൻമാരാണുള്ളത്. ഒന്ന് മഹാത്മാഗാന്ധി, രണ്ട് അംബേദ്ക്കർ, മൂന്ന് സുഭാഷ് ചന്ദ്രബോസ്.
ഈ മൂവരും അധികാര മോഹികളായിരുന്നില്ല എന്നതാണ് കാരണം.അതേസമയം, മൂവരും ഒരു ജനതയുടെ സ്വാതന്ത്ര്യ മോഹങ്ങളെ ലക്ഷ്യബോധത്തിലേക്ക് നയിച്ചവരുമാണ്.

ശക്തമായ ജനപിന്തുണയായിരുന്നു ഗാന്ധിയുടെ മുതൽക്കൂട്ട്. ഡോ. അംബേദ്ക്കറാവട്ടെ മഹാപണ്ഡിതൻ. സുഭാഷ് ചന്ദ്രബോസ് സായുധ സമരത്തിലായിരുന്നു വിശ്വസിച്ചിരുന്നത്. ഈ മൂന്ന് നേതാക്കൻമാരുടേയും മാർഗ്ഗം വിഭിന്നമായിരുന്നുവെങ്കിലും, ലക്ഷ്യം, ഇന്ത്യയുടെ സ്വാതന്ത്ര്യം ഒന്നു മാത്രമായിരുന്നു.

ഡോ. അംബേദ്ക്കറെക്കുറിച്ച് പറയുകയാണെങ്കിൽ,അദ്ദേഹം ഉന്നത വിദ്യഭ്യാസം നേടിയ വ്യക്തിയായിരുന്നു. ഏകദേശം, രണ്ട് ഡസനിൽ അധികം ബിരുദങ്ങളാണ് അദ്ദേഹം പഠിച്ചു നേടിയത്. ബഹുമതികളും, പുരസ്ക്കാരങ്ങളും അതിലേറെ. വസ്ത്രധാരണത്തിലും, സംസാരത്തിലും അതീവ ശ്രദ്ധാലുവായിരുന്നു. ആ കുലീനത അദ്ദേഹത്തിന്റെ വാക്കുകളിലും ചിന്തകളിലും പ്രതിഫലിച്ചു. ഗാന്ധിജി, നെഹ്റു, പട്ടേൽ, ആസാദ് എന്നിവരുമായി അദ്ദേഹത്തിന് കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ അത് ആശയപരമായിരുന്നു.

വ്യക്തിപരമായി,അംബേദ്ക്കർ ഇവർക്കൊക്കെ മാതൃകാ സുഹൃത്തായിരുന്നു. പൊതുവെ അന്തർമുഖനായിരുന്നെങ്കിലും, അംബേദ്ക്കർ സ്നേഹ സമ്പന്നനായിരുന്നു. തികഞ്ഞ കലാ സ്നേഹിയും, സംഗീതാസ്വാദകനുമായിരുന്നു. എത്ര തിരക്കുകൾക്കിടയിലും, കവിത വായിക്കാൻ സമയം കണ്ടെത്തിയിരുന്നു. ആംഗലേയ ഭാഷയോടുമാത്രമല്ല, എല്ലാ ഇന്ത്യൻ ഭാഷകളോടും അദ്ദേഹത്തിന് മമത ഉണ്ടായിരുന്നു.

സ്വാതന്ത്രാനന്തര ഇന്ത്യയുടെ ഭരണഘടന നിശ്ചയിക്കുക എന്ന നിയോഗമായിരുന്നു, ചരിത്രം അദ്ദേഹത്തിനായി കരുതി വച്ചത്. ആ കടമ അദ്ദേഹം ഭംഗിയായി നിർവ്വഹിക്കുക തന്നെ ചെയ്തു. വിവിധ രാജ്യങ്ങളിലെ ഭരണ രീതികളെക്കുറിച്ച് അദ്ദേഹത്തിനുള്ള അവഗാഹ പാണ്ഡിത്യം, ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനക്ക് കരുത്തായി. നിയമത്തിലും ചരിത്രത്തിലും രാഷ്ട തന്ത്ര ശാസ്ത്രത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന ഉന്നത വീക്ഷണങ്ങൾ, ഇന്ത്യൻ ഭരണഘടനയെ അതിശക്തമായ ഒരു രാഷ്ട്ര നയ രൂപീകരണ സൂചികയാക്കി.

മാനവികത, സത്യസന്ധത, നീതി ബോധം, ധർമ്മ പാലനം എന്നീ നാലു ഘടകങ്ങളെ ചേരുംപടി ചേർത്താണ് അദ്ദേഹം ഇന്ത്യൻ ഭരണഘടന രചിച്ചത്. ഡോക്ടർ അംബേദ്ക്കർ ഇന്ത്യൻ ഭരണഘടന രചിച്ചത്, ഒരു കാലഘട്ടത്തിന്റെ ആവശ്യത്തിനു വേണ്ടിയായിരുന്നില്ല, മറിച്ച് കാലാതീതമായ വെല്ലുവിളികളെ ലക്ഷ്യം വെച്ചു കൊണ്ടു കൂടിയായിരുന്നു.

ആ അനശ്വര സൃഷ്ടി സൗന്ദര്യമാണ്ഇന്ത്യൻ ഭരണഘടനയെ ലോകത്തിലെ ഒരു ക്ലാസിക്കൽ ഭരണഘടനയാക്കി മാറ്റിയത്. ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാൻ കാലാകാലങ്ങളിൽ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. പക്ഷെ അതിനു ശ്രമിച്ചവരുടെയൊക്കെ കൈ പൊള്ളിയ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. അതി സങ്കീർണ്ണമായ നിയമ പ്രശ്നങ്ങളിൽ, ഇന്ത്യൻ ഭരണഘടനയുടെ ശക്തിയും സൗന്ദര്യവും ഇഴയടുപ്പോടെ നെയ്തു ചേർക്കാൻ അംബേദ്ക്കർക്കായി. മാനവികതയുടെ ഇച്ഛാശക്തിയിലേക്ക്, രാഷ്ട്രതന്ത്രജ്ഞതയുടെ ഇഴുകിച്ചേരലാണ് ഇന്ത്യൻ ഭരണഘടനാ രചനയിൽ സംഭവിച്ചിട്ടുള്ളതെന്ന് ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്റെ ആദ്യ പാർലമെൻറ്റ് അഭിസംബോധനയിൽ ഉറച്ച വാക്കുകളാൽ വ്യക്തമാക്കിയിട്ടുണ്ട്.

ഡോ. അംബേദ്ക്കറെ നാം സ്മരിക്കേണ്ടത് ഒരു ജൻമദിനത്തിൽ മാത്രമല്ല, മറിച്ച് ആ ഇതിഹാസ നാമം നമ്മുടെ ജീവിതചര്യയുടെ ഭാഗമാവണം. അംബേദ്ക്കർ ഒരു വികാരമായി ഓരോ ഭാരതീയന്റെയും രക്തത്തിൽ അലിഞ്ഞുചേരണം. നിർഭാഗ്യവശാൽ, അതിനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ഭാരതത്തിലെ ഭരണാധികാരികളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
പക്ഷെ സമയം ഇനിയും വൈകിയിട്ടില്ല. ജനാധിപത്യ ലോകത്തിന്റെ അസ്തമിക്കാത്ത സൂര്യ തേജസ്സായ ഡോ. അംബേദ്ക്കറെക്കുറിച്ച് കൂടുതൽ അറിയുവാനും പകർത്തുവാനുമുള്ള ഇച്ഛാശക്തി ഭാരതത്തിലെ പരമോന്നത രാഷ്ടീയ നേതൃത്വത്തിനുണ്ടാവണം.

×