മണൽക്കാടും മരുപ്പച്ചയും (രണ്ടാം ഭാഗം)

സത്യം ഡെസ്ക്
Thursday, June 3, 2021

-ഹസ്സൻ തിക്കോടി

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലാണ് “മണൽക്കാടും മരുപ്പച്ചയും” ഞാൻ എഴുതിയത്. അക്കാലത്തു ഗൾഫിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “ഗൾഫ് വോയ്‌സ്” മാസികയുടെ പതിനാലു ലക്കങ്ങളിൽ അത് പ്രസിദ്ധീകരിക്കുകയും പിന്നീട് എൻ.ബി.എസ് പുസ്തക രൂപത്തിൽ ഇറക്കുകയും ചെയ്തു.

പ്രവാസത്തിന്റെ അരനൂറ്റാണ്ട് പിന്നിടുമ്പോൾ മനസ്സിൽ ചിതലരിക്കാതെ ബാക്കിയിരുപ്പുള്ള ഓർമ്മകളും അനുഭവങ്ങളും ഒരിക്കൽകൂടി വായനക്കാരുമായി പങ്കുവെക്കുമ്പോൾ ആദ്യ പതിപ്പിന്റെ പേരുതന്നെ അനുയോജ്യമെന്ന് തോന്നിയതുകൊണ്ടാണ് “മണൽക്കാടും മരുപ്പച്ചയും” രണ്ടാം ഭാഗമായി എഴുതിത്തുടങ്ങിയത്.

എന്റെ മരുവാസത്തിനിടയിൽ പരിചയപ്പെട്ട ഒരുപാടു മനുഷ്യരുടെ മണവും നിറവും, ചിരിയും
കരച്ചിലും, നോവും നൊമ്പരങ്ങളും ഇതിലുണ്ടാവും. സ്നേഹമെന്ന വികാരത്തിന്റെ വിഷുപ്പക്ഷികളെ അശാന്തമായ മനസ്സിന്റെ കൂട്ടിലിട്ടു സുഖസൗകര്യങ്ങളുടെ സുഷുപ്തിയിലമരുന്ന എത്രയോ ജീവിതങ്ങളുടെ ആട്ടുകട്ടിലാണ് ഈ മണൽക്കാട്.

അവിടെ കണ്ടുമുട്ടിയവരുടെ നേർക്കാഴ്ചകൾ ആരെങ്കിലുമായി സാമ്യമുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രം.

ആഴക്കടലിൽ അരമാസം !

ഉപ്പ കൊടുത്തയച്ച വിസ കയ്യിൽ കിട്ടിയപ്പോൾ സന്തോഷം തോന്നിയില്ല. എന്റെ ബാല്യകൗമാരങ്ങളുടെ കാൽപതിഞ്ഞ ഭൂമികയിൽ നിന്നും കേട്ടറിഞ്ഞ മരുഭൂമിയിലേക്കുള്ള യാത്ര എന്നെ ഏറെ വേദനിപ്പിച്ചു.

എന്നെ സാഹിത്യത്തിലെ കിളിവാതിൽ തുറക്കാൻ സഹായിച്ച എന്റെ അധ്യാപകരായ മണിയൂർ ഇ. ബാലനും കുട്ടികൃഷ്‌ണൻ മാഷും എന്നെ ഉപദേശിച്ചു. ”ഹസ്സൻ നീ വെറുമൊരു സാധാരണ ഗൾഫ്കാരനായി മാറരുത്. അവിടെ പോയി മരുഭൂമിയിലെ വിശേഷങ്ങൾ മനസ്സിലാക്കണം അറബികളുടെ ജീവിതം പഠിക്കണം. അതൊക്കെ എഴുതണം.” മനസ്സിൽ ഒരു മണിമുഴക്കം പോലെ എന്നും ആ വാക്കുകൾ ഒപ്പമുണ്ടായിരുന്നു.

ബോംബയിൽനിന്നായിരുന്നു യാത്ര. അക്ബർ എന്ന വലിയ കപ്പൽ. പതിനാലു ദിവസത്തെ കടൽയാത്ര. അളിയൻ ആറ്റക്കോയ തങ്ങൾ കൂടെയുണ്ട്. ആദ്യദിവസങ്ങളിൽ തന്നെ പനിയും ഛർദിയും തുടങ്ങി. കപ്പലിൽ ക്ലിനിക്കും ഒരു ഡോക്ടറൂമുണ്ടായിരുന്നു. ആദ്യയാത്രയിൽ ഇതൊക്കെ സാധാരണമാണെന്ന പതിവ് സമാധാനിപ്പിക്കൽ. കുറച്ചു മരുന്നുകൾ തന്നു.

വൈകുന്നേരങ്ങളിൽ കപ്പലിന്റെ മുകൾ ഡെക്കിൽ കയറിയാൽ പേടിതോന്നും. കടലിന്റെ അപാരതയിൽ ഇരുട്ട് പരക്കുമ്പോൾ ഒരു ഗുഹയിലേക്കെന്നപോലെ താഴെ ഇറങ്ങി നിരത്തിയിട്ട ഡബിൾഡക്കർ കട്ടിലിൽ കിടക്കും.

എണ്ണൂറോളം യാത്രക്കാരുണ്ടായിരുന്നു അക്ബറിൽ. ഫസ്റ്റ് ക്ളസ്സുകാർക്കു പ്രത്യേക മുറിയുണ്ട്, നല്ല ഭക്ഷണമുണ്ട്. സെക്കൻഡ് ക്‌ളാസ്സുകാർക്കു ഡോർമെറ്ററി, ഭക്ഷണ പാത്രവുമായി താഴെ ഡെക്കിലെ “മെസ്സിൽ” പോയി ക്യൂ നിൽക്കണം. കുളിക്കാനും ടോയ്ലെറ്റിൽ പോവാനുമുണ്ട് ക്യൂ. മുകളിലത്തെ വിശാലമായ തുറന്ന ഡെക്കിൽ രാത്രിയിൽ ഡാൻസും സംഗീതവുമുണ്ടാവും.

മുകളിൽ ഇരുട്ടുകയറിയ ആകാശം. അതിന്നിടയിൽ ഒളിച്ചിരിക്കുന്ന ഇത്തിരി പ്രകാശമുള്ള നക്ഷത്രങ്ങൾ പതിയെ നീങ്ങുന്ന കപ്പലിനെ നോക്കി പുഞ്ചിരിക്കുന്നതായി തോന്നി. ചുറ്റിലും ആർത്തിരമ്പുന്ന നീലിമയാർന്ന അറബിക്കടൽ. ബിയറിന്റെയും വിസ്കിയുടെയും മണം മനംപുരട്ടുമ്പോൾ പലരും അവരവരുടെ മാളങ്ങളിലേക്കിറങ്ങും.

രാത്രി നേരത്തെ ഉറങ്ങാൻ കിടക്കുമ്പോൾ മുകളിലത്തെ ഡെക്കിൽ ആട്ടും പാട്ടും തകൃതിയായി നടക്കുന്നുണ്ട്. പാശ്ചാത്യ സംഗീതത്തിന്റെ താളലയങ്ങൾ എനിക്ക് അത്ര സുപരിചിതമല്ല. യാത്രക്കാർക്ക് വിതരണം ചെയ്ത നേരിയ കമ്പിളി തലയിലൂടെ വലിച്ചിട്ടു ഞാനുറങ്ങി.

നേരം പാതിരാവൊക്കെ കഴിഞ്ഞുകാണും. ഞങ്ങളുറങ്ങുന്ന താഴെ ഡെക്കിൽ ബഹളം. എല്ലാവരും ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നു. കപ്പിത്താൻ വലിയ ശബ്‌ദത്തിൽ സൈറൺ മുഴക്കുന്നുണ്ട്. കപ്പൽ ആകെ ഇളകിമറിയുന്നു. കട്ടിലുകൾക്കരികിൽ ചാരിവെച്ച പെട്ടികൾ എവിടേക്കോ തെറിച്ചു വീഴുന്നു. അടക്കിപ്പിടിച്ച സംസാരം. അധികവും ഹിന്ദിയിലാണ്.

കൂടെയുള്ള അളിയൻ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു: “പേടിക്കേണ്ട, കപ്പൽ കാറ്റിൽ പെട്ടതാണ്. പുറം കടലിൽ കനത്ത മഴയും കൊടുംകാറ്റുമാണെന്നു ക്യാപ്റ്റൻ പറഞ്ഞു. നടുക്കടലിൽ നങ്കൂരമിടാൻ കഴിയില്ല. ഏതെങ്കിലും അടുത്ത കരയിലേക്ക് നീങ്ങേണ്ടിവരും….”

എനിക്കൊന്നും മനസ്സിലാവുന്നില്ല, തല കറങ്ങുന്നപോലെ. പേടിച്ചുവിറച്ചുകൊണ്ടു ഞാൻ ഉമ്മയെ വിളിച്ചു കരഞ്ഞു. പലരും ഉറക്കെ പ്രാർത്ഥിക്കുണ്ടായിരുന്നു. പല ഭാഷകളിൽ. എല്ലാം ദൈവം കേൾക്കുമെന്ന വിശ്വാസത്തിൽ ഞാൻ അളിയനെ കെട്ടിപിടിച്ചു കണ്ണടച്ചിരുന്നു.

നേരം പുലർന്നപ്പോൾ എല്ലാം ശാന്തം. കപ്പൽ നടുക്കടലിൽ ചലനമറ്റപോലെ കിടക്കുന്നു. താഴെ ഡെക്കിൽ കയറിയ വെള്ളം കോരിയൊഴിക്കുന്നു. ആരോ പറഞ്ഞു “ഇനി കുവൈറ്റിലെത്താൻ രണ്ടുമൂന്നു ദിവസം കൂടിയുണ്ട്.” അളിയന്റെ കൈപിടിച്ച് ഞാൻ മുകളിലേക്കുള്ള കോവണികൾ കയറി. നേരത്തെ ഉണ്ടായിരുന്നതോന്നും അവിടെയില്ല. ബാൻഡ് സെറ്റും സ്പീക്കറും, ഇരിപ്പടങ്ങളുമെല്ലാം കാറ്റെടുത്തിരിക്കുന്നു.

തെളിഞ്ഞ ആകാശത്തിനു താഴെ നീലക്കടലയിൽ ഒറ്റയാനെ പോലെ നീങ്ങുന്ന കപ്പൽ. ചുറ്റും വിജനമാണ്. അളിയൻ പറഞ്ഞു: “രണ്ടുമൂന്നു ദിവസം കൂടി… ഇന്നലത്തെ കൊടുംകാറ്റിൽ നിന്നും നമ്മളെ അല്ലാഹുവാണ് രക്ഷിച്ചത്… അത്രക്ക് ശക്തിയുള്ളതായിരുന്നു…..”

ഞാൻ ഓർത്തു, വർഷങ്ങൾക്കുമുമ്പ് കപ്പൽയാത്രകൾ ഇല്ലാതിരുന്ന കാലത്തു പായകെട്ടിയ വലിയ പത്തേമാരിയിൽ ഈ കടലിലൂടെയല്ലേ ഉപ്പ കുവൈറ്റിൽ പോയത്. കോഴിക്കോട്ടെ കടപ്പുറത്തുനിന്നാണ് ഉപ്പ പുറപ്പെട്ടത്. പേർഷ്യയിൽ നിന്നും കച്ചവടത്തിനായി വരുന്ന അറബികൾ തിരികെ പോവുമ്പോൾ അവരുടെ കൂടെ അക്കരെയെത്താൻ കൊതിക്കുന്നവർ വലിയങ്ങാടിയിലെ ഗുദാമുകളിലെ സേട്ടുമാരോടൊ കച്ചവടപ്രമാണിമാരോടൊ കെഞ്ചിപ്പറഞ്ഞാൽ ഒന്നോരണ്ടോ പേരേ അവർ കൂടെ കൊണ്ടുപോവും.

വിസയൊ ടിക്കറ്റോ ഒന്നും വേണ്ട. നീന്തൽ അറിഞ്ഞിരിക്കണം. ആരോഗ്യമുണ്ടായിരിക്കണം. കരയുമായി യാതൊരു ബന്ധവുമില്ലാതെ ഒന്നോരണ്ടോ മാസങ്ങൾ കടലിൽ കഴിയേണ്ടതാണ്. കാറ്റിലും കോളിലും പെട്ടാൽ അതായിരിക്കും യാത്രയുടെ അവസാനം. അങ്ങനെയാണ് മലയാളികളിലധികവും ആദികാലങ്ങളിൽ ഗൾഫുനാടുകളിലെത്തിയത്.

ഷാർജയുടെ തീരത്തുള്ള ഖോർഫിക്കാനായിരുന്നു പലപ്പോഴും ലക്ഷ്യം. പിന്നീടാണ് കുവൈറ്റിലേക്കും ബഹ്റൈനിലേക്കും മലയാളികൾ ചെന്നുപെട്ടത്. അന്നൊക്കെ ഉപ്പ അനുഭവിച്ച പ്രയാസങ്ങളും പ്രതിസന്ധികയും എത്ര വലുതായിരിക്കും.

ഒന്നരമാസം ആടിയുലയുന്ന പത്തേമാരിയിൽ ഈ ആഴക്കടലിൽ കഴിച്ചുകൂട്ടിയതിന്റെ നൂറിൽ ഒരംശം സാഹസികത ഞാൻ അനുഭവിച്ചിട്ടില്ലന്നോർത്തപ്പോൾ എന്റെ മനസ്സ് ശാന്തമായി. അല്ലാഹുവിനു സ്‌തുതി.

(തുടരും)

-ഹസ്സൻ തിക്കോടി 
9747883300 – hassanbatha@gmail.com

×