സാമൂഹ്യ ബാധ്യതകളെ വിസ്മരിക്കരുത്…

സമദ് കല്ലടിക്കോട്
Saturday, May 1, 2021

-പി.കെ.എം ശറഫുദ്ധീൻ അൻവരി, പള്ളിക്കുറുപ്പ്

ഇസ്ലാമിന്റെ വിധി വിലക്കുകളിൽ സിംഹഭാഗവും സമൂഹത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നവയാണ്. വ്യക്തി തന്റെ താല്പര്യങ്ങൾ സംരക്ഷിക്കുകയും സമൂഹത്തെ അവഗണിക്കുകയും ചെയ്യുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല.

ലോക മുസ്ലിങ്ങൾ ഒരു ശരീരത്തിന്റെ വിവിധ അവയവങ്ങൾക്ക് തുല്യമാണ്. അവർ പരസ്പരം സ്നേഹിക്കുകയും ദയ കാണിക്കുകയും ചെയ്യേണ്ടതുണ്ട്. ലോകത്തിന്റെ ഒരു കോണിൽ ഇസ്ലാമിക സമൂഹത്തിലെ ഒരു അംഗത്തിന് വേദന അനുഭവപ്പെടുമ്പോൾ സ്വന്തം ശരീരത്തിന്ന് മുറിവേറ്റന്നപോലെ ഓരോ മുസ്ലിമിന്നും ആ വേദന തോന്നണം.

ഒരു അവയവത്തിന്റെ മുറിവ് കാരണം നിദ്ര വിഹീനരായും പനിച്ചും ശരീരമാസകലം അതിൽ പങ്കാളിയാവുന്നത് പോലെ ആ സഹോദരന്റെ വേദന മുസ്‌ലിം ലോകം മൊത്തം പങ്ക് വെക്കണം. പ്രശ്നപരിഹാരത്തിന്ന് നിതാന്ത ജാഗ്രത പുലർത്തണം.

ഇസ്ലാമിക സ്റ്റേറ്റിൽ കഴിഞ്ഞുകൂടുന്ന അമുസ്ലിങ്ങളോട് പോലും ഒരു മുസ്ലിമിന്ന് ധാരാളം കടമകളുണ്ട്. വ്യക്തിയുടെ സംരക്ഷണത്തിലോ സമൂഹത്തിലെ ആരുടെയെങ്കിലും രക്ഷയിലോ ഉള്ള പക്ഷി മൃഗാദികളോട് പോലും കുറെ ബാധ്യതകൾ മുസ്ലിമിന്നുണ്ട്. മാത്രമല്ല ഒരു മുസ്ലിമിൽ
അർപ്പിതമായ കടമകളിൽ ബഹുഭൂരിഭാഗവും ഈ വകയാണുതാനും.

ദുർബലന് അവന്റെ ആവശ്യങ്ങൾ സ്വയം നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവന്റെ ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഇസ്ലാമിക വീക്ഷണത്തിൽ സമൂഹത്തിലെ ധനികൻമാരും ശക്തരുമാണ്.

ചുരുക്കത്തിൽ ഈ സമൂഹത്തിലോ ബന്ധപ്പെട്ട വ്യക്തികളില്ലോ ജീവികളിലോ ഉണ്ടാകുന്ന പ്രയാസങ്ങൾ ദൂരീകരിക്കുവാനും പരിഹരിക്കുവാനും ഇസ്ലാമിക സമൂഹം പ്രതിജ്ഞബദ്ധരായിരിക്കണം. ഇത്തരം കടമകൾ നിർവഹിക്കുന്നതിലൂടെ മറ്റു ഇബാദത്തുകൾക്ക് ലഭിക്കാത്ത പ്രതിഫലവും പുണ്യവും ലഭിക്കുമെന്നതിന്ന് നിരവധി തെളിവുകളുണ്ട്.

ഇസ്രാഈല്യരിൽപ്പെട്ട ഒരു സ്ത്രീ ഭക്ഷണം നൽകാതെ കെട്ടിയിട്ട ഒരു പൂച്ചയുടെ കാരണം കൊണ്ട് നരകത്തിൽ പ്രവേശിച്ചുവെന്നും മറ്റൊരാൾ ദാഹിച്ചവശനായിരുന്ന നായക്ക് കിണറ്റിൽ ഇറങ്ങി തന്റെ ഷൂവിൽ വെള്ളം നിറച്ചു അതിന്റ ദാഹം അകറ്റിയപ്പോൾ സ്വർഗാവകാശി ആയെന്നും ലോക ഗുരു മുഹമ്മദ്‌ (സ) ഉണർത്തിയതായി ബുഖാരി നിവേദനം ചെയ്യുന്നു.

എല്ലാ പച്ചയായ കരളിലും (ജീവികളിലും) പ്രതിഫലമുണ്ടന്നും നബി തിരുമേനി (സ്വ) തങ്ങൾ പറയുകയുണ്ടായി (ബുഖാരി). പൊതുജനം അഗതികളോടും ആലംബഹീനരോടും അവഗണന മനോഭാവം പുലർത്തുന്നു. അവരെ ഒരു ശല്യമായി കാണുന്നു. അവരുമായി സംസാരിക്കുന്നതും അവരുടെ ബന്ധുവാണെന്ന് പറയുന്നതു പോലും പലരും ഇഷ്ടപ്പെടുന്നില്ല. പ്രായമുള്ളവരെ ആദരിക്കുക എന്ന മര്യാദ സാധുക്കൾ ആവുമ്പോൾ പരിഗണിക്കുന്നില്ല. ജനാസ സംസ്കരണത്തിൽ പോലും ഈ ബഹിഷ്കരണം കാണാം.

മരിച്ചത് ഒരു ധനികൻ ആവുമ്പോൾ മയ്യത്തിന്റെ കൂടെ വലിയ ജനാവലി ഉണ്ടാവും. എന്നാൽ പരിശുദ്ധ ദീനിന് തത്വങ്ങൾക്കും നബി (സ്വ) ചര്യക്കും കടകവിരുദ്ധമാണ് ചെയ്തി. പാവങ്ങളോടുള്ള സ്നേഹവും അവരോടുള്ള മമതയും ഒരു സത്യവിശ്വാസിയുടെ മുഖമുദ്രയാണ്. റസൂൽ (സ്വ)യുടെ പ്രാർത്ഥനകളിൽ ഇങ്ങനെ കാണാം നന്മകൾ ചെയ്യാനും തിന്മകൾ വെടിയാനും അഗതികളെ സ്നേഹിക്കുവാനും എന്നെ അനുഗ്രഹിക്കേണമേ നാഥാ.

നബി (സ്വ) ക്ക് ദിവ്യ സന്ദേശവുമായി ജിബിരീൽ ആഗതമായതും പ്രവാചക ലബ്ധിയുടെ തുടക്കത്തിൽ ജിബിരീലിനെ സഹവാസവും അതുമുഖേന തിരുമേനി അനുഭവപ്പെട്ട പ്രയാസവും സൂചിപ്പിക്കുന്ന ഹദീസ് ബുഖാരിയുടെ തുടക്കത്തിലുണ്ട്. അപ്പോൾ നബി (സ്വ) യെ സമാശ്വസിപ്പിച്ചു കൊണ്ട് സഹധർമ്മിണി ഖദീജാ (റ) പറയുകയുണ്ടായി.

അല്ലാഹു തന്നെ സത്യം അവൻ നിങ്ങളെ ദുഃഖിപ്പിക്കുന്നില്ല കൈവിടുകയില്ല അതൊരിക്കലും ഉണ്ടാവില്ല കാരണം അങ്ങ് കുടുംബങ്ങളെ സഹായിക്കുകയും അവരോട് ബന്ധം പുലർത്തുകയും ചെയ്യുന്നു. ആലംബഹീനരുടെ ചുമട് അങ്ങ് വഹിക്കുന്നു. അവരുടെ ജീവിത ഭാരം ഏറ്റെടുക്കുന്നു. ധനവും അർത്ഥവും ആളും നഷ്ടപ്പെട്ടവർക്ക് അതെല്ലാം നൽകുന്നു അങ്ങ് ആതിഥ്യ മര്യാദ പുലർത്തുന്നു.

സത്യത്തിന് പേരിൽ ആര് ദുരിതത്തിൽ അകപ്പെട്ടോ അവർക്കൊക്കെ അങ്ങയോട് സഹാനുഭൂതിയും സഹകരണവും ഉണ്ട്. (ബുഖാരി) ഒരു സത്യവിശ്വാസിയിൽ അർപ്പിതമായ ചുമതലയും അവന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ബാധ്യതകളും അവൻ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളും അവന്ന് ഉണ്ടായിരിക്കേണ്ട ജീവിതശൈലിയും ആണ് പ്രസ്തുത ഹദീസ് നമ്മുടെ മുന്നിൽ വരച്ചുകാട്ടിയത്.

ഭാര്യമാർ, സന്താനങ്ങൾ, മാതാപിതാക്കൾ, അടിമകൾ, വളർത്തുന്ന പക്ഷിമൃഗാദികൾ ഇവയുടെ സംരക്ഷണച്ചുമതല വിവരിച്ചുകൊണ്ട് നീണ്ട അധ്യായങ്ങൾ തന്നെ കർമശാസ്ത്രത്തിലെ ഗ്രന്ഥത്തിലുണ്ട്. ഇതിനെല്ലാം പുറമെ ധനികരിൽ അർപ്പിതമായ ചുമതലകളാണ് സമുദായത്തിന്റെ പൊതു താല്പര്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മുദരിസ്സുമാർ, മുഫ്തികൾ, ജഡ്ജികൾ മുഅല്ലിമീങ്ങൾ എന്നിവർക്ക് മതിയാകുന്ന ജീവിത വിഭവങ്ങൾ നൽകുകയെന്നത്.

കേവലം ശമ്പളം എന്ന നിലയിൽ മാസം പ്രതി അവർക്ക് ഒരു തുക നൽകുന്നത് കൊണ്ട് ധനികരിലർപ്പിതമായ ചുമതല നിർവഹിക്കപ്പെടുന്നില്ല. കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇജാറത്തിന്റെ അധ്യായത്തിൽ ഇജാറത്ത് സ്വഹീഹാകണമെങ്കിൽ തൊഴിൽ നിർണ്ണിതമായിരിക്കണമെന്ന് വിവരിക്കുന്നുണ്ട്.

പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്…” (ക്വുര്‍ആന്‍: 5:2) എന്നാണ് നാഥന്റെ കല്‍പന. സാമൂഹിക ബന്ധങ്ങളില്‍ മുമ്പെങ്ങുമില്ലാത്ത വിധം അസ്വാരസ്യങ്ങളും അകല്‍ച്ചകളും ഉരുണ്ട് കൂടുന്ന വര്‍ത്തമാനകാലത്ത് സാമൂഹ്യ ബാധ്യതകളെ നാം വിസ്മരിക്കരുത്.

×