കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായ ഭർതൃപിതാവിനെ തോളിൽ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന മരുമകളാണ് ചിത്രത്തിൽ. ആരും അവളെ സഹായിച്ചില്ല. അയൽക്കാർ പോലും. വീട്ടിലേക്ക് ഓട്ടോ എത്തിയില്ല. രോഗബാധിതനായി നേരെ നിൽക്കാൻ പോലും ത്രാണിയില്ലാതായ ഭർതൃപിതാവിനെ മറ്റൊരു വഴിയുമില്ലാതെ അവൾ മുതുകിലേറ്റി നടന്നു ഏകദേശം 2 കിലോമീറ്റർ ദൂരം.
ആസ്സാമിലെ 24 വയസ്സുകാരി നിഹാരികാ ദാസ് എന്ന വനിതയാണ് തൻ്റെ നിസ്സഹായാവസ്ഥയിലും ഒട്ടും പതറാതെ ഒരു ജീവൻ രക്ഷിക്കാൻ സ്വജീവൻതന്നെ അപകടത്തിലാക്കി ഈ സാഹസത്തിനു മുതിർന്നത്.
ആസ്സാമിലെ നഗാവ് നിവാസിനിയായ നിഹാരികയുടെ ഭർത്താവ് ജോലിസംബന്ധമായി ബംഗാളിലെ സിലിഗുഡിയിലാണുള്ളത്. അവർക്ക് 5 വയസ്സുള്ള ഒരു മകനുമുണ്ട്. അവൻ ഒരകന്ന ഒരു ബന്ധുവിന്റെ സംരക്ഷണയിലാണ്.
ആരും സഹായിക്കാൻ തയ്യാറാകത്ത അവസ്ഥയിലാണ് തികച്ചും ഒറ്റപ്പെട്ട അവർ ഭർതൃപിതാവ് തുലേശ്വർ ദാസിലെ ചുമലിലേറ്റി ഇടവഴിതാണ്ടി മുന്നോട്ടുനീങ്ങിയത്. അപൂർവ്വമായ ഈ ദൃശ്യം തങ്ങളുടെ മൊബൈലിൽ പകർത്താൻ വഴിനീളെ ആളുകളുടെ തിരക്കായിരുന്നു.
അതൊന്നും ഗൗനിക്കാതെ അവർ മുന്നോട്ടു നടന്ന് ഓട്ടോയ്ക്കരുകിലെത്തി. ഇക്കഴിഞ്ഞ ജൂൺ 2 നാണ് ഇത് നടന്നത് (അവരുടെ വീടുവരെ ഒരു കിലോമീറ്റർ ദൂരം ഓട്ടോയോ മറ്റു വാഹനങ്ങളോ എത്തില്ല).
ഓട്ടോയിൽ 2 കിലോമീറ്റർ ദൂരെയുള്ള റാഹ പ്രാഥമിക ആശുപത്രിയിലെത്തിയപ്പോൾ അവിടെയും ആംബുലൻസോ സ്ടെക്ച്ചറോ ലഭിച്ചില്ല. വീണ്ടും അദ്ദേഹത്തെ നിഹാരിക തോളിലേറ്റി ആശുപത്രിയിൽ എത്തിച്ചു.
അവിടെ നടന്ന പരിശോധനയിൽ തുലേശ്വറിന് കോവിഡ് പോസിറ്റിവ് ആണെന്നുറപ്പായി. 21 കിലോമീറ്റർ അകലെയുള്ള നഗാവ് കോവിഡ് ഹോസ്പ്പിറ്റലിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു.
നിഹാരിക ഒരു പ്രൈവറ്റ് കാർ ഏർപ്പാടാക്കി ആ കാറിൽക്കയറ്റാനും അവർ അദ്ദേഹത്തെ ഇതേപോലെ ചുമക്കേണ്ടിവന്നു. തീർന്നില്ല നഗാവ് ആശുപത്രിയിൽ ചെന്നപ്പോഴും അവസ്ഥ അതുതന്നെ.
തുലേശ്വർ അപ്പോഴേക്കും അബോധാവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. അവിടെനിന്നും നഗാവ് സിവിൽ ആശുപ ത്രിയിൽ പോകാൻ നിർദ്ദേശം ലഭിച്ചു. വീണ്ടും അവരുടെ തോൾ തന്നെ ശരണം. നിർവികാരതയോടെ തൻ്റെ ദൈന്യത നോക്കിനിന്ന ആശുപത്രി ജീവനക്കാർക്കും ജനങ്ങൾക്കുമിടയിലൂടെ അവൾ ഉള്ളുരുകുന്ന വേദനയോടെ തുലേശ്വറിനെ തോളിലേറ്റി മുന്നോട്ടുനടന്നു.
സിവിൽ ആശുപത്രിയുടെ മൂന്നാമത്തെ നിലയിലേക്ക് തുലേശ്വറിനെ കൊണ്ടുപോകാൻ വേണ്ടി അവർ ആശുപത്രി സ്റ്റാഫുൾപ്പെടെ പലരോടും സഹായമഭ്യർഥിച്ചു, പക്ഷേ ഒരാൾപോലും മുന്നോട്ടുവന്നില്ല. ഒടുവിൽ പഴയ അവസ്ഥയുടെ തനിയാവർത്തനം ഇവിടെയും നടന്നു.
തുലേശ്വറിനെ മുതുകിലേറ്റി ആശുപത്രിയിലേക്ക് നടന്നുനീങ്ങുന്ന നിസ്സഹായയായ നിഹാരികയുടെ ഗതികേട് ക്യാമറയിൽ പകർത്താനുള്ള വ്യഗ്രതയി ലായിരുന്നു പെൺകുട്ടികളുൾപ്പെടെയുള്ള അവിടെയുണ്ടായിരുന്ന ജനാവലി.
ആരും അടുത്തുപോകാൻ ധൈര്യം കാട്ടിയില്ല. മനസ്സിലെ ദുഖവും അമർഷവും ഉള്ളിലൊതുക്കി അവൾ ആശുപത്രിയുടെ പടവുകൾ ഒന്നൊന്നായിക്കയറി മൂന്നാം നിലയിൽ അദ്ദേഹത്തെയെത്തിച്ചു. ഏകദേശം രണ്ടു കിലോമീറ്റർ ദൂരമാണ് അവർ അദ്ദേഹത്തെയും തോളിലേന്തി ആകെ നടന്നത്.
നമ്മുടെ ആരോഗ്യമേഖലയുടെ പരിതാപാവസ്ഥയും ജീവനക്കാരുടെ നിസ്സഹകരണവും സമൂഹത്തിന്റെ നിഷേധാത്മക നിലപാടുകളും വളരെയേറെ പ്രതിഷേധാർഹമാണ് എന്ന നിലപാടാണ് നിഹാരികയ്ക്കുള്ളത്.
സാമൂഹിക പ്രതിബദ്ധത എന്നത് മറ്റുള്ളവരുടെ ദൈന്യത കണ്ടാസ്വാദിക്കുകയും അത് സാമൂഹ്യമാധ്യമങ്ങളി ൽ പങ്കുവയ്ക്കലുമായി മാറിക്കഴിഞ്ഞുവെന്നും അവർ പറയുന്നു. പരസ്പര സഹകരണം പ്രത്യേകിച്ചും ആപത്തിൽപ്പെട്ടവരെ സഹായിക്കാനെങ്കിലും ആരെങ്കിലും മുന്നോട്ടു വരണം.
ഇവിടെ അതുപോലു മുണ്ടായില്ലയെന്നവർ ദുഖത്തോടെ വിവരിക്കുന്നു. ഇന്ന് സമൂഹമാധ്യമങ്ങളിൽ വളരെ ഉത്തമയും വീടിൻ്റെ ഐശ്വര്യവും കുടുംബങ്ങൾക്ക് മാതൃകയുമായ ഒരു മരുമകളായി തന്നെ ആളുകൾ വാഴ്ത്തിപ്പുകഴ്ത്തുമ്പോഴും തൻ്റെ ഗതികേട് വിളിച്ചോതുന്ന ചിത്രങ്ങൾ വൈറലാകുമ്പോഴും മനസ്സിൽ സമൂഹത്തോടുതന്നെ ചിലപ്പോൾ പുച്ഛം തോന്നാറുമുണ്ടെന്ന് അവർ പറയുന്നു.
തുലേശ്വറിന്റെ നില ഗുരുതരമായി തുടർന്നു. പിന്നീട് നടന്ന പരിശോധനയിൽ നിഹാരികയും കോവിഡ് പോസിറ്റിവായി മാറിയതിനെത്തുടർന്ന് ഇരുവരെയും ജൂൺ 5 ന് ഗുവാഹത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുണ്ടായി.
ഭർതൃപിതാവിനെ തോളിൽച്ചുമന്നുകൊണ്ടുപോകുന്ന നിഹാരികയുടെ ചിത്രങ്ങൾ പത്ര - ദൃശ്യ - സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ ഇപ്പോൾ നേതാക്കൾ, പത്രപ്രതിനിധികൾ, അധികാരികൾ ഉൾപ്പെടെ ധാരാളമാളുകൾ അവരെ ഫോണിൽവിളിച്ച് വിവരങ്ങളാരായുന്നത് ആശ്വാസകരമാണെങ്കിലും താനിത്ര ത്യാഗം സഹിച്ചുകൊണ്ടുവന്ന ഭർതൃപിതാവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന ദുഃഖം അവരുടെ മനസ്സിൽ ഇപ്പോഴും തളംകെട്ടിനിൽക്കുന്നു.
തുലേശ്വർ ദാസ് ഇക്കഴിഞ്ഞ തിങ്കളാഴ്ച (ജൂൺ 7) രാത്രി ഗുവാഹത്തി മെഡിക്കൽ കോളേജിൽ മരണത്തിനു കീഴടങ്ങി.
-പ്രകാശ് നായര്‍