അഫ്ഗാനിസ്ഥാനില്‍ മരണ ഭീതിയില്‍ ഒരു ഗോത്രവിഭാഗം ! അഫ്ഗാന്‍ പോരാളികളുടെ ആക്രമണത്തില്‍ ‘ഹസാര’ വിഭാഗക്കാര്‍ ഇവിടെ ഉന്മൂലനം ചെയ്യപ്പെടുകയാണ്. അമേരിക്കന്‍ സഖ്യസേനയുടെ പിന്‍മാറ്റത്തോടെ ഈ രക്തപങ്കിലമായ മണ്ണില്‍ വീണ്ടും അശാന്തിയുടെ ഇരുള്‍ പടര്‍ന്നേക്കുമെന്ന ഉത്കണ്ഠയില്‍ ലോകം… 

പ്രകാശ് നായര്‍ മേലില
Tuesday, June 15, 2021

അഫ്‌ഗാനിസ്ഥാനിലെ ‘ഹസാര’ വിഭാഗം (Hazara) അപകടാവസ്ഥയിൽ ! മിക്ക ദിവസവും ഇവർ ആക്രമണവിധേയരായി കൊല്ലപ്പെടുകയാണ്

അഫ്‌ഗാൻ ജനസംഖ്യയായ 3.60 കോടിയിൽ ഏകദേശം 9% വരുന്നവരാണ് അവിടുത്തെ ഹസാര ഗോത്രം. 16 -മത്തെ നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബർ, പടിഞ്ഞാറൻ അഫ്‌ഗാനിസ്ഥാനിലെ ഹജാരിസ്ഥാനിൽ സ്ഥാപിച്ച 1000 പേരുടെ (1000 എന്നത് പേർഷ്യ, ഉറുദു, ഹിന്ദി ഭാഷകളിൽ ഹസാർ എന്നാണ് പറയപ്പെടുന്നത്) സൈനിക ഗ്രൂപ്പിന്റെ പിന്മുറക്കാരാണ് ഹസാരകൾ. ഇവർ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലും ഇറാനിലും ധാരാളമായുണ്ട്.

ഷിയ വിഭാഗക്കാരാണ് ഹസാരകൾ. ഇപ്പോൾ അഫ്‌ഗാൻ പോരാളികൾ ഇവരെ ടാർജറ്റ് ചെയ്യുന്നതും കൊല പ്പെടുത്തുന്നതും വളരെ വേറിട്ട രീതിയിലാണ്. ഹസാര വിഭാഗം ഒത്തുകൂടുന്ന സ്‌കൂളുകൾ, ആശുപത്രികൾ, മസ്ജിദുകൾ, കളിസ്ഥലങ്ങൾ, വിവാഹ വേദികൾ, ബസ്സുകൾ, ഷോപ്പുകൾ എന്നിവിടെല്ലാമാണ് ഇവർക്കെതിരേ ആക്രമണം നടക്കുന്നത്.

കഴിഞ്ഞ വർഷം ഹജാര സ്ത്രീകൾ പ്രസവിച്ചുകിടന്ന ഒരു മെറ്റേർണിറ്റി ഹോമിൽ നടന്ന തീവ്രവാദി ആക്രമണങ്ങളിൽ പിറന്നുവീണ കുഞ്ഞുങ്ങളുൾപ്പെടെ 24 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം ഹസാര വംശജരുടെ കുട്ടികൾ പഠിച്ചിരുന്ന സ്‌കൂളിൽ നടന്ന ആക്രമണങ്ങളിൽ 100 പെൺകുട്ടികൾ കൊല്ലപ്പെട്ടു.

ഹസാര വിഭാഗത്തിലെ പെൺകുട്ടികളും സ്ത്രീകളുമാണ് കൂടുതലും ആക്രമിക്കപ്പെടുന്നതും കൊല്ല പ്പെടുന്നതും. ഇപ്പോൾ മാർക്കറ്റുകളിൽ, ബസ്സുകളിൽ ഒക്കെയാണ് അവർ ഇരയാകപ്പെടുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 4 ബസ്സുകളിൽ നടന്ന തീവ്രവാദി ആക്രമണങ്ങളിൽ 18 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങൾ ഭയന്ന് നിരവധി ഹസാരകൾ ഇറാനിലേക്ക് പലായനം ചെയ്യുന്നുമുണ്ട്.

കാബൂളിലെ മനുഷ്യാവകാശ സംഘടനയായ ‘ഹ്യുമൻ റൈറ്സ് ആൻഡ് ഇറാഡിക്കേഷൻ ഓഫ് വയലൻസ് ‘ തലവൻ ‘ബദൂദ് പേദ്രം’ നിരത്തുന്ന കണക്കുകൾ പ്രകാരം അഫ്‌ഗാനിസ്ഥാനിൽ ഇതുവരെ 1200 ഹസാര വിഭാഗക്കാർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്.

ഹസാര സമുദായ തലവൻ ‘ഖത്തർദുല്ല ബ്രോമൻ’, അഫ്‌ഗാൻ സർക്കാരിനെതിരെയാണ് പൊട്ടിത്തെറിക്കുന്നത്. “സർക്കാരിന് ഞങ്ങളെ ശ്രദ്ധിക്കാൻ നേരമില്ല, ഞങ്ങളുടെ ഭാവി അതുകൊണ്ടുതന്നെ ഇരുളടഞ്ഞിരിക്കുന്നു” എന്നാണ് അദ്ദേഹം പറയുന്നത്.

അഫ്ഗാനിസ്ഥാനിൽ രക്തച്ചൊരിച്ചിൽ ഒഴിഞ്ഞ ദിവസങ്ങൾ വിരളമാണ്. അവിടെയുണ്ടായിരുന്ന 2 ലക്ഷത്തോളം ഹിന്ദു – സിഖ് മത ന്യൂനപക്ഷങ്ങളിൽ അവശേഷിച്ച 99 % വും രാജ്യം വിട്ടുപോയി. അവരെ ലക്ഷ്യംവച്ച് നിരന്തരമുണ്ടായ തീവ്രവാദി ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാൾക്കാർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് അവർ ഇന്ത്യയിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതരായത്. നൂറ്റാണ്ടുകളായി അവിടെ കഴിഞ്ഞുവന്നവരുടെ പുതുതലമുറയായിരുന്നു ഇവരെല്ലാം. നിരവധി സിഖ് ഗുരുദ്വാരകളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു.

ഇനി ഏതു നിമിഷവും കൊല്ലപ്പെടാമെന്ന ഭീതി നിലനിൽക്കുമ്പോഴും ജനിച്ചമണ്ണ് വിട്ടുപോകില്ല എന്ന നിലപാടിൽ ഒരു ചെറുവിഭാഗം ഹിന്ദുക്കളും സിഖ് കാരും മാത്രമാണ് ഇപ്പോൾ അവിടെയുള്ളത്.

മുജാഹിദുകൾ കാബൂളിൽ പ്രവേശിക്കുകയും ആക്രണമം ശക്തമാക്കുകയും ചെയ്തതോടെയാണ് അഫ്‌ഗാൻ സർക്കാർ അവിടുത്തെ ഹിന്ദു – സിഖ് വംശജർക്ക് വളരെ വേഗത്തിൽ Aab Gang pilgrimage പാസ്‌പോർട്ടും, ഇന്ത്യാ ഗവൺമെന്റ് വിസയും അനുവദിച്ചത്. അതോടെയാണ് അവരുടെ പ്രയാണം ഇന്ത്യയിലേക്ക് എളുപ്പമായത്.

Aab Gang എന്നത് അഫ്‌ഗാൻ വാക്കാണ്. Aab എന്നാൽ നദിയെന്നും Gang എന്നാൽ ഗംഗ എന്നുമാണ് അർഥം. ഗംഗാനദി തീർത്ഥ യാത്ര എന്ന പേരിലാണ് അതിവേഗ പാസ്സ്പോർട്ടുകൾ നൽകപ്പെട്ടത്. ഇന്ത്യയിലെത്തിയ ഇവർക്കെല്ലാം ഇന്ത്യൻ പൗരത്വം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുമുണ്ട്.

അഫ്‌ഗാനിസ്ഥാനിൽ 63 സിഖ് ഗുരുദ്വാരകളുണ്ടായിരുന്നതിൽ 53 എണ്ണവും അടച്ചുപൂട്ടി. ഇപ്പോൾ പ്രവർത്തി ക്കുന്ന 10 ഗുരുദ്വാരകളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്. നിരവധി ഹിന്ദു ക്ഷേത്രങ്ങളുണ്ടായിരു ന്നതിൽ അഞ്ചോ ആറോ മാത്രമേ ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നുള്ളു.

ഇക്കൊല്ലം അമേരിക്കൻ സഖ്യസേന അഫ്‌ഗാനിസ്ഥാനിൽ നിന്നും പൂർണ്ണമായി പിന്മാറുന്നതോടെ ഒരിക്കൽക്കൂടി, രക്തപങ്കിലമായ ആ മണ്ണിൽ അശാന്തിയുടെ ഇരുൾ പരന്നേക്കാമെന്ന ഉദകണ്ഠയിലാണ് ലോകം.

×