കാഴ്ചപ്പാട്

മുന്‍ എംഎല്‍എ ഐഷാ പോറ്റിയെ വനിതാ കമ്മീഷൻ അദ്ധ്യക്ഷയാക്കണമെന്ന ആവശ്യം ശക്തമാകുന്നു !

പ്രകാശ് നായര്‍ മേലില
Tuesday, June 29, 2021

വളരെ പക്വതയാർന്ന പെരുമാറ്റം, ലളിതമായ ജീവിതശൈലി, നേതാവെന്ന ഗർവ്വ് ലവലേശമില്ല, ആർക്കും എപ്പോൾവേണമെങ്കിലും അവരെ വീട്ടിൽപ്പോയി കാണാം, ഒരു പ്രോട്ടോക്കോളും അവിടെയുണ്ടാകില്ല. സന്ദർശകരുടെ തിരക്കോ, ചുറ്റും ഉപജാപകവൃന്ദമോ സ്തുതിപാഠകരോ ഒരിക്കലും കാണില്ല.

കൊട്ടാരക്കരയിലും പ്രാന്തപ്രദേശങ്ങളിലും യാത്രചെയ്യുന്ന ഏതൊരു വ്യക്തിക്കും അവരെ കണ്ടുമുട്ടാം, ചിലപ്പോൾ വാഹനത്തിൽ മറ്റുചിലപ്പോൾ കാൽനടയായി.ഇന്നുവരെ ഒരു വിവാദങ്ങളിലും അഴിമതിയിലും ഉൾപ്പെടാത്ത സംശുദ്ധമായ വ്യക്തിത്വം. അതാണ് കൊട്ടാരക്കരയുടെ ജനകീയ നായികയായ സഖാവ് ഐഷാപോറ്റി.

ആർ. ബാലകൃഷ്ണപിള്ളയുടെ കുത്തകയായിരുന്ന കൊട്ടാരക്കര മണ്ഡലം, 2006 ൽ പിടിച്ചെടുത്ത സഖാവ് ഐഷാപോറ്റി പിന്നീട് കൊട്ടാരക്കരക്കാരുടെ ജനകീയ നേതാവായി മാറുകയായിരുന്നു. മൂന്നുതവണ അവർ കരസ്ഥമാക്കിയ ഉജ്ജ്വല വിജയം ആ ജനപിന്തുണയാണ് വ്യക്തമാക്കുന്നത്. ഇപ്പോൾ ജയിച്ച സി.പി.എം സ്ഥാനാർത്ഥിയുടെ വിജയത്തിന് പിന്നിലും സഖാവ് ഐഷാ പോറ്റി കെട്ടിപ്പടുത്ത ജനകീയാടിത്തറയുടെ പിൻബലമുണ്ടായിരുന്നു.

2016 ൽ കൊട്ടാരക്കര നിന്ന് മൂന്നാം തവണയും വിജയിച്ചപ്പോൾ എല്‍എല്‍എം ബിരുദധാരിണിയായ അവർ നിയമസഭാ സ്പീക്കറാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ആ പദവിക്ക് സർവ്വതായോഗ്യയുമായിരുന്നു എല്ലാം കൊണ്ടും അവർ.

എന്നാൽ ഒരു ലോബിയിലും ഗ്രൂപ്പിലും പെടാതെ അച്ചടക്കമുള്ള ഒരു പാർട്ടിക്കാരിയായി പാർട്ടിയെടു ത്ത തീരുമാനങ്ങൾ എന്നുമവർ ശിരസ്സാവഹിക്കുകയായിരുന്നു. കണ്ണൂർ ലോബിയുടെ പാർട്ടിയിലെ അധീ ശത്വം മൂലം സഖാവ് ഐഷാ പോറ്റിക്ക് അവർ എംഎല്‍എ ആയിരുന്ന 15 വർഷക്കാലവും പദവികളും സ്ഥാനമാന ങ്ങളുമൊന്നും ലഭിച്ചിരുന്നില്ല.

എപ്പോഴും മിതത്വത്തിന്റെ വക്താവായാണ് അവർ പാർട്ടിവേദികളിൽപ്പോലും കാണപ്പെടുന്നതും അറിയുന്നതും. ആ ആദരവ് അവർക്ക് പൊതുസമൂഹവും നൽകുന്നുണ്ട്.

2015 ൽ ബാർ കോഴ അഴിമതിക്കേസിൽപ്പെട്ട കെ.എം മാണി ബഡ്ജെറ്റവതരിപ്പിക്കുന്നതിനെതിരേ നിയമസഭയിൽ ഇടതുപക്ഷം നടത്തിയ അക്രമങ്ങളിൽ വളരെ സംയമനവും പക്വതയുമാർന്ന നിലപാടെടുത്ത സഖാവ് ഐഷാ പോറ്റിയെ അന്നത്തെ ഭരണകക്ഷിയും അഭിനന്ദിച്ചിരുന്നു.

വലിയ ജനസമ്മിതിയും അംഗീകാരവും അതിലുപരി ജനസേവനത്തിൻ്റെ എല്ലാ മേഖലകളിലും മികവ് തെളിയിക്കുകയും ചെയ്ത സഖാവ് ഐഷാ പോറ്റി, വനിതാ കമ്മീഷൻ അദ്ധ്യക്ഷയാകാൻ എന്തുകൊണ്ടും അനുയോജ്യയാണ്.

ആ പദവിയുടെ നഷ്ടമായ അന്തസ്സും മഹിമയും കാത്തുസൂക്ഷിക്കാനും അതുവഴി സ്ത്രീ സമൂഹത്തിൻ്റെ വിശ്വസ്യത നേടിയെടുക്കുന്നതോടൊപ്പം അവരുടെ പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം കണ്ടെത്താനും അവർക്ക് കഴിയും എന്നത് തർക്കമറ്റ വസ്തുതയാണ്.

ഒരു പദവിയുമാഗ്രഹിക്കാത്ത സഖാവ് ഐഷാ പോറ്റി വനിതാ കമ്മീഷൻ അദ്ധ്യക്ഷയാകുന്നത് പ്രതിപ ക്ഷമുൾപ്പെടെ കേരളസമൂഹത്തിലെ നാനാതുറയിലുമുള്ളവർ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യും എന്ന കാര്യത്തിലും ഒരു സംശയവുമില്ല.

അതുകൊണ്ടുതന്നെ കേരളത്തിലെ ഇടതുപക്ഷസർക്കാർ ജനവികാരം ഉൾക്കൊണ്ട് ഈ വിഷയത്തിൽ ഉചിതമായ നടപടി എത്രയും വേഗം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹം.

×