ഉക്രൈനിലെ അലക്‌സാണ്ടറും (33) വിക്ടോറിയയും (29) ഇരുവരും123 ദിവസങ്ങൾക്ക് മുൻപാണ് കൈകൾ പരസ്പ്പരം വിലങ്ങുകളാൽ ബന്ധിച്ച് ഒരുമിച്ചു കഴിയാൻ തീരുമാനിച്ചത്. വിവാഹത്തിനുമുമ്പ് പരസ്പരം കൂടുതൽ മനസ്സിലാക്കാനും പൊരുത്തപ്പെടാനും വേണ്ടിയുള്ള ഒരു പരീക്ഷണം എന്നായിരുന്നു അവരിതിനെ അന്ന് വിശേഷിപ്പിച്ചത്.
കാർ സെയിൽസ്മാനായ അലക്‌സാണ്ടറും ബ്യുട്ടീഷ്യനായ വിക്ടോറിയയും വിലങ്ങുകളിൽ ബന്ധനസ്ഥരായി ഒരു മിച്ചങ്ങനെ കഴിഞ്ഞു. പാചകം, ആഹാരം, വാഷ്‌റൂം, മേക്കപ്പ്, ഷോപ്പിംഗ്, കറക്കം, ഉറക്കം എല്ലാം ഇതേ അവസ്ഥയിലാണ് അവരിരുവരും തുടർന്നുവന്നത്.
അങ്ങനെ നീണ്ട റിക്കാർഡ് ആയ 123 ദിവസങ്ങൾ പിന്നിട്ടപ്പോൾ ഇരുവർക്കും ഒരു കാര്യം ബോദ്ധ്യമായി. ഒരുമിച്ചു ജീവിക്കാൻ ഒരിക്കലും തങ്ങൾക്കാവില്ല എന്ന സത്യം. ലോകത്തൊരു വ്യക്തികളും ഇത്രയും നാൾ ഇതുപോലെ പരസ്പരം ബന്ധിതരായി ജീവിച്ചിട്ടില്ല.
വിക്ടോറിയ മണിക്കൂറുകൾ മേക്കപ്പിനായി ചെലവഴിക്കുന്നതും അവളുടെ അലസതയുമാണ് അലക്‌സാണ്ടറെ വല്ലാതെ മടുപ്പിക്കുന്ന വിഷയമെങ്കിൽ തന്നെ ശ്രദ്ധിക്കാത്തതും സ്നേഹിക്കാത്തതുമാണ് അലക് സാണ്ടറിൽ വിക്ടോറിയ കാണുന്ന ഗുരുതരമായ ന്യൂനതകൾ. എന്നാൽ വേർപിരിയാൻ വിഷമമുണ്ടെങ്കിലും അല്ലാതെ വേറേ വഴിയില്ലെന്നുമാണ് വിക്ടോറിയ പറയുന്നത്.
അങ്ങനെ അവർ പരസ്പ്പര സമ്മതത്താൽ കൈവിലങ്ങുകൾ അറുത്തുമാറ്റി മോചിതരായി. ഒരുമിച്ചൊരു ജീവിതം ഇനിയില്ലെന്ന് ഇരുവരും ഉറപ്പിച്ചുവെങ്കിലും പരസ്പ്പര സൗഹൃദം തുടരാൻ അവർ തീരുമാനിച്ചിട്ടുണ്ട്.
അതുകൊണ്ടാണ് തങ്ങൾ 123 ദിവസം ധരിച്ചിരുന്ന കൈവിലങ്ങു് ലേലം ചെയ്യാനും അതുവഴി ലഭിക്കുന്ന തുക ചാരിറ്റിക്കായി നൽകാനും തീരുമാനിച്ചത്. മറ്റൊന്നുകൂടി അതായത് ലോകത്താരും തങ്ങൾ അവലംബിച്ച ഈ രീതി അനുകരിക്കരുതെന്നും അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.