/sathyam/media/post_attachments/dEgiIh2uwDMmYrpEvFb2.jpg)
ഇവിടെ നൽകിയിരിക്കുന്ന ചിത്രങ്ങള്‍ കാണുക. ഇന്നലെ (02/07/2021) ഉച്ചയ്ക്ക് 1 മണിക്ക് കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ബീവറേജ് ഔട്‍ലെറ്റിൽ ക്യൂ നിൽക്കുന്നവരുടെ നിരയാണിത്.
ഈ നിര പ്രൈവറ്റ് ബസ് സ്റ്റാൻഡും കടന്ന് പുറത്തേക്ക് നീണ്ടപ്പോൾ അവിടുത്തെ പ്രീമിയം കൗണ്ടറിലും സമാനമല്ലെങ്കിലും ആൾക്കാരുടെ നല്ല നിരതന്നെയുണ്ടായിരുന്നു.
ഇടയ്ക്ക് ചെറിയ മഴപെയ്തപ്പോഴും ആരും ലൈൻ വിട്ടുമാറിയില്ല. മഴ നനഞ്ഞുകൊണ്ട് ആളുകൾ അവിടെ ത്തന്നെ നിന്നു. പിന്നീട് വെയിൽവന്നപ്പോഴും അതുതന്നെയായിരുന്നു അവസ്ഥ. ഈ രംഗങ്ങൾ ഇന്ന് ഈ കോവിഡ് സമയത്ത് നേരിട്ടുകണ്ടപ്പോൾ സാധാരണക്കാരായ ഇവിടുത്തെ ജനങ്ങളുടെ ഗതികേട് ഒരു നിമിഷം ഓർത്തുപോയി. കാരണം കേരളത്തിൽമാത്രം കാണപ്പെടുന്നതാണ് ഈ വിചിത്രമായ കാഴ്ച...
/sathyam/media/post_attachments/O9127MuC1cKJuVVDKarg.jpg)
ആരാണിതിന് കാരണക്കാർ ?
എന്തുകൊണ്ടാണ് ഇത്ര ബൃഹത്തായ ഒരു ഉപഭോക്തൃസമൂഹത്തെ സർക്കാർ ഇങ്ങനെ അപഹസിക്കുന്നത് ?
100 രൂപ വിലയുള്ള സാധനം 1000 രൂപയ്ക്കു വിറ്റു കൊള്ളലാഭം കൊയ്യുന്ന സർക്കാർ എന്തുകൊണ്ട് അത് മാന്യമായ രീതിയിൽ കസ്റ്റമേഴ്സിന് വിൽക്കുന്നില്ല ?
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യം ഏറ്റവും വിലകൂട്ടി വിൽക്കുന്ന കേരളത്തിൽ അന്യായ വിലകൊടുത്ത് വാങ്ങാൻ നിർബന്ധിതനാകുന്ന ഉപഭോക്താവിന് അത് മാന്യമായും സുതാര്യമായും ലഭ്യമാ ക്കേണ്ട ഉത്തരവാദിത്വം ആർക്കാണ് ?
ചപ്പും ചവറും ദുർഗന്ധവും നിറഞ്ഞ ബീവറേജ് പരിസരങ്ങൾ വൃത്തിയാക്കാൻ പോലും ആളില്ല ? എന്തിനാണ് ഇങ്ങനെയൊരു കോർപറേഷനും അതിനൊരു മന്ത്രിയും ? ലജ്ജതോന്നുകയാണ്.
മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ ഇങ്ങനെ അപമാനകരമായ ദൃശ്യങ്ങൾ കാണാൻ കഴിയുമോ ? പ്രബുദ്ധ കേരളമാണത്രെ ? മണിക്കൂറുകൾ ക്യൂ നിന്നുവാങ്ങാൻ ഇതെന്താ ലോകത്ത് കിട്ടാച്ചരക്കാണോ ?
ഇതിനുകാരണക്കാർ ഇവിടുത്തെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ്. അവരാണ് കേരളത്തിന്റെ മദ്യനയം ഇങ്ങനെ വികൃതവും വികലവുമാക്കിയത്.ചാരായനിരോധനം തൊട്ടു തുടങ്ങിയതാണ് അശനിപാതം പോലെ ജനത്തെ അപഹസിക്കുന്ന ഈ സ്ഥിരം കോമാളിയാക്കൽ പരിപാടി.
/sathyam/media/post_attachments/LLeQvlylzXMz8RUOY6nA.jpg)
മദ്യവിതരണം സ്വകാര്യമേഖലയ്ക്ക് കൈമാറുകയും മറ്റു സംസ്ഥാനങ്ങൾ ചെയ്യുമ്പോലെ മദ്യം ഓൺലൈൻ വഴി വിതരണം നടത്തുകയും ചെയ്‌താൽ ഇപ്പോഴത്തെ ഈ ദുർവ്യവസ്ഥക്ക് പൂർണ്ണമായും അറുതിയുണ്ടാകും. മാത്രവുമല്ല കസ്റ്റമേഴ്സിന് മാന്യമായ പെരുമാറ്റവും കൂടുതൽ യുവാക്കൾക്ക് തൊഴിലവസരങ്ങളും അതുവഴി സംജാതമാകുമെന്നുറപ്പാണ്. നാടിനപമാനകരമായ നീണ്ട ക്യൂവും അതോടെ ഇല്ലാതാകും.
ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ചിട്ടപ്പടി ജോലിക്കാരായ ഉദ്യോഗസ്ഥരും പല രാഷ്ട്രീയപാർട്ടികളുടെയും നോമിനികളും ചേർന്നുള്ള ഒരു സ്വകാര്യ സ്വയം ഭരണ സമിതിയാണോ ഓരോ ബീവറേജുകളും ഭരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ഇവരിൽ പലരുടെയും ധാർഷ്ട്യവും പലപ്പോഴും അവർ കസ്റ്റമേഴ്സിനോട് കാട്ടുന്ന ഗുണ്ടായിസവും ഒക്കെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
കയ്യിട്ടുവാരലുകളും ട്രേഡ് യൂണിയനിസവുമാണ് കോടികൾ വന്നുമറിയുന്ന ഈ രംഗത്തെ ഇതേപടി നിലനി ർത്തി അരാജകത്വം സൃഷ്ടിക്കാൻ രാഷ്ട്രീയ - ഉദ്യോഗസ്ഥ ലോബിയെ പ്രേരിപ്പിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സർക്കാർ നിർമ്മിക്കുന്ന ജവാൻ പോലുള്ള മദ്യത്തിൽവരെ അഴിമതി വ്യാപ്‌തമാണെന്ന് ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ വ്യക്തമാക്കുന്നു. സ്പിരിറ്റ്‌വരെ മൊഷ്ടിക്കപ്പെടുന്നു, പകരം മദ്യത്തിൽ വെള്ളം ചേർത്ത് കസ്റ്റമേഴ്‌സിനെ വർഷങ്ങളായി കബളിപ്പിക്കുന്നു. കോടികൾ അടിച്ചുമാറ്റുന്നു. ഇത് ഉദ്യോഗസ്ഥർ മാത്രം നടത്തുന്ന അഴിമതിയാണെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല.
ആഴത്തിലുള്ള വ്യാപക അഴിമതി കേരളത്തിലെ മദ്യവയവസായത്തിൽ നടക്കുന്നുണ്ടെന്ന് ഇതോടെ സംശ യിക്കപ്പെടുന്നു. മദ്യക്കമ്പനികൾ നൽകുന്നു എന്ന് പറയപ്പെടുന്ന കമ്മീഷനുകൾ, സൗജന്യങ്ങൾ ഒക്കെ ആർക്കാണ് ലഭി ക്കുന്നത് ?
മറ്റു സംസ്ഥാനങ്ങളിൽ മദ്യശാലകൾക്കുമുന്നിൽ കസ്റ്റമേഴ്സിന് നേരിട്ട് പലവിധ ഓഫറുകളുമായി നിരവധി മദ്യക്കമ്പനികളുടെ റെപ്രെസൻറ്റേറ്റിവുകളെ നമുക്ക് നേരിട്ടുകാണാവുന്നതാണ്. അത്തരമൊരവസ്ഥ ഇന്നുവരെ കേരളത്തിൽ കണ്ടിട്ടില്ല. എന്തുകൊണ്ട് ?
ആരോടാണ് പറയേണ്ടത് ? ആരാണ് കേൾക്കുക ? ഇരുമുന്നണികളും ഈ വിഷയത്തിൽ ഒരേ തൂവൽപ്പ ക്ഷികളാണ്. ഒന്നുകിൽ മദ്യം കേരളത്തിൽ പൂർണ്ണമായി നിരോധിക്കുക അല്ലെങ്കിൽ അത് മാന്യമായി വാങ്ങാനും കഴിക്കാനുമുള്ള സൗകര്യം സർക്കാർ സംജാതമാക്കുക, അതാണാവശ്യം.
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അടിയന്തരശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണം. കാരണം സർക്കാർ ഇത് കസ്റ്റമേഴ്സിനോട് കാട്ടുന്ന അനീതിയും ക്രൂരതയുമാണ്. ഒരു ജനാധിപത്യ സംവിധാനത്തിലും ഇതുപോലുള്ള ഏകാധിപത്യരീതി ഒരു നാടിനും അഭികാമ്യമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us