ലേഖനങ്ങൾ

സൗത്ത് ആഫ്രിക്കയിൽ അരാജകത്വം; ഭാരതീയർ വ്യാപകമായി ആക്രമിക്കപ്പെടുന്നു !

പ്രകാശ് നായര്‍ മേലില
Monday, July 19, 2021

ആദ്യചിത്രങ്ങൾ വളരെ ഹൃദയഭേദകമാണ്. ഡർബനിൽ കലാപകാരികൾ അഗ്നിക്കിരയാക്കിയ ഒരു കെട്ടിടത്തിലെ മുകളിലത്തെ നിലയിൽനിന്നും തൻ്റെ ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഒരമ്മ രക്ഷപെടുത്താനായി താഴേക്കിടുന്നു. താഴെ കൂട്ടം കൂടി നിന്നവർ അതീവജാഗ്രതയോടെ കുഞ്ഞിനെ താഴെവീഴാതെ കൈകളിൽ ഏറ്റുവാങ്ങി രക്ഷിച്ചു.

അഴിമതിയാരോപണത്തിൽ അന്വേഷണവുമായി സഹകരിക്കാതിരുന്ന മുൻ പ്രസിഡണ്ട് ജേക്കബ് സുമ (79) യെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി 15 മാസത്തേക്ക് ജയിലിടച്ചിട്ട് ഇപ്പോൾ ഒരാഴ്ചയായിരിക്കുന്നു.

അന്നു മുതൽ അദ്ദേഹത്തിൻ്റെ അനുയായികൾ രാജ്യവ്യാപകമായി അക്രമവും കൊള്ളയും തീവയ്പ്പും നടത്തു കയാണ്. നിരവധി സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടു. വീടുകളും കടകളും അഗ്നിക്കിരയാക്കി.

ഇതുവരെ 117 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനാൾക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നിട്ടും അക്രമങ്ങൾക്ക് ഒരറുതിയുമില്ല. കടകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കുകയാണ്. കമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. ഗതാഗതവും താറുമാറായി.

ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്നത് ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുടെ കടകളും സ്ഥാപനങ്ങളും കൂട്ടമാ യെത്തി കൊള്ളയടിക്കുകയും അവരെ ആക്രമിക്കുകയും ചെയ്യുകയാണ്. വീടുകളിൽ കയറിയും ആക്രമണം തുടരുന്നു.

പണവും സ്വർണ്ണവുമാണ് ഇവർ വീടുകളിൽനിന്നും ലക്ഷ്യമിടുന്നത്.പോലീസ് ഇന്ത്യക്കാരുടെ പരാതികൾ തുടർച്ചയായി അവഗണിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹം വിദേശകാര്യമന്ത്രി ജയശങ്കറോട് അടിയന്തരമായി തങ്ങളുടെ സുരക്ഷയ്ക്കും സാഹായത്തിനുമായി അഭ്യർത്ഥിച്ചിരിക്കുന്നു.

ദക്ഷിണാഫ്രിക്കയിൽ ആഹാരസാധനങ്ങളും കുടിവെള്ളവും ലഭിക്കാതെ ജനം വലയുകയാണ്. സർക്കാർ സ്റ്റോറുകൾക്കുമുന്നിൽ സാധനങ്ങൾ വാങ്ങാനുള്ള നീണ്ട ക്യൂ കാണാം. മണിക്കൂറുകൾ ക്യൂ നിന്നാണ് ആളുകൾ ബ്രെഡ് , പാൽ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുന്നത്.

തികഞ്ഞ അരാജകത്വമാണ് രാജ്യത്തിപ്പോൾ. നാഥനില്ലാത്ത അവസ്ഥപോലെയായി. കുടിവെള്ളത്തിനുവരെ ജനം പരക്കം പായുകയാണ്.

16 ജൂലൈയിൽ അമേരിക്കൻ സ്പേസ് ടെക്‌നോളജി കമ്പനിയായ മാക്സർ ടെക്‌നോളജീസ് , പീറ്റർസ്ബർഗ് ,ഡർബൻ നഗരങ്ങളിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ നിൽക്കുന്നവരുടെ നീണ്ട നിരകൾ ഇതിൽ കാണാവുന്നതാണ്.

×