ലേഖനങ്ങൾ

ബാങ്കിനു മുന്നിൽ വരി നിന്നയാൾക്ക് പോലീസ് പിഴയിട്ടത് ചോദ്യം ചെയ്ത പതിനെട്ടുകാരി; ധീരതയുടെ പര്യായമായി മാറിയ ചടയമംഗലം ഇടുക്കുപാറയിലെ ഗൗരീനന്ദയെ നേരിട്ട് കണ്ട് അഭനന്ദനമറിയിച്ചു !

പ്രകാശ് നായര്‍ മേലില
Friday, July 30, 2021

ധീരതയുടെ പര്യായമായി മാറിയ ചടയമംഗലം ഇടുക്കുപാറയിലെ 18 കാരി ഗൗരീനന്ദയെ ഇന്ന് അവരുടെ വീട്ടിലെത്തി കണ്ടു. പ്ലസ് 2 പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയതിന് അഭിനന്ദിച്ചതോടൊപ്പം ഞങ്ങളുടെവക സമ്മാനവും കൈമാറി.

ഗൗരീനന്ദയ്ക്ക് പ്ലസ് 2 വിജയത്തിനുള്ള സമ്മാനം

6 സെൻറ് സ്ഥലത്ത് ഒരു കൊച്ചുവീട്. അച്ഛൻ കൂലിപ്പണിക്കാരൻ, അമ്മ ഹൗസ് വൈഫ്, ഇളയ അനുജൻ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഇതാണ് ഗൗരീനന്ദയുടെ കൊച്ചുകുടുംബം. അച്ഛന്റെ അദ്ധ്വാനം മാത്രമാണ് കുടുംബത്തിന്റെ ഏകവരുമാനം.

അനുജൻ, അമ്മ, എന്നിവർക്കൊപ്പം ഗൗരീനന്ദയും എൻ്റെ വാമഭാഗവും

ഗൗരീനന്ദ ചെറുപ്പം മുതലേ ഇങ്ങനെയാണ്. നീതിനിഷേധം കണ്ടാൽ ഉടൻ പ്രതികരിക്കും. സ്‌കൂളിലും അതു തന്നെയായിരുന്നു പ്രകൃതം. ബി.കോമിന് ചേരണം… പഠനം പൂർത്തിയാക്കി ഒരു ജോലിസമ്പാദിച്ച് കുടുംബ ത്തിന് തണലേകണം… അതാണ് ഏക ലക്ഷ്യമെന്ന് ഗൗരീനന്ദ പറഞ്ഞു.

സ്വീറ്റ് ഹോം ഗൗരീനന്ദയുടെ വീട്

മകളുടെ പ്രായം പോലുമില്ലാത്ത തന്നോട് ആ പോലീസുദ്യോഗസ്ഥൻ വളരെ മോശമായ ഭാഷയിൽ ഒരു തെറി പറഞ്ഞതാണ് പ്രശ്‍നം വഷളാക്കിയതെന്നും അവിടെയുണ്ടായിരുന്ന പോലീസുകാർ സാമൂഹ്യ അകലം പാലിക്കാത്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പോലീസുകാരൻ തെറിപറഞ്ഞത്.

ഗൗരീനന്ദയുടെ വീട്

സംഭവസ്ഥലത്ത് തടിച്ചുകൂടിയ ആളുകളും സാമൂഹ്യാകലം പാലിച്ചിരുന്നില്ലെന്നും അത് ചൂണ്ടിക്കാട്ടിയപ്പോഴാണ് “നീയൊരു പെണ്ണായി പ്പോയി അല്ലെങ്കിൽ കാണിച്ചുതരാമായിരുന്നു” എന്ന പോലീസുകാരൻ ഭീഷണിപ്പെടുത്തിയതെന്നും ഗൗരീനന്ദ വെളിപ്പെടുത്തി. പോലീസുകാർ ആണുങ്ങളോട് എത്ര മോശമായാണ് പെരുമാറുന്നതെന്ന് ആ വാക്കുകളിലെ ധ്വനി വെളിവാക്കുന്നു.

വീട്ടിലേക്കുള്ള വഴി ഒപ്പം വീടും കാണാം

പോലീസിനെ അപമാനിച്ചിട്ടില്ല, അധിക്ഷേപിച്ചില്ല, അവരുടെ ജോലിക്ക് ഒരു തടസ്സവും സൃഷ്ടിച്ചിട്ടില്ല. തികഞ്ഞ ആദരവോടെയാണ് അവരോട് സംസാരിച്ചിരുന്നത്. പോലീസ് ഓഫീസർ തെറി പറഞ്ഞതോടെയാണ് രംഗം വഷളായത്.

റോഡിൽ നിന്നു വീട്ടിലേക്കുള്ള പഞ്ചായത്ത് റോഡ്

പോലീസ് ഇതുവരെ വിളിച്ചിട്ടില്ല, പെറ്റി നോട്ടീസ് വന്നാൽ തുക അടയ്ക്കണോ നിയമപരമായി നീതിക്കുവേണ്ടി പോരാടാണോ എന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല. ധാരാളം ആളുകൾ അഭിനന്ദനങ്ങളുമായി വരുന്നുണ്ട്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾവരെ നേരിട്ടെത്തി അനുമോദിച്ചു.

പെൺസിങ്കത്തോടൊപ്പം

താൻ ആർക്കുവേണ്ടിയാണോ പൊരുതിയത് ആ സാധ്യമനുഷ്യൻ തന്നെക്കാണാൻ നേരിട്ടെത്തിയ വിവരം വളരെ സ്നേഹവായ്‌പോടെയാണ് ഗൗരീനന്ദ വിവരിച്ചത്. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു പരിചയവുമില്ലാത്ത ഒരു സാധുവൃദ്ധൻ. അദ്ദേഹത്തിൻ്റെ അവസ്ഥയിൽ ആർക്കും സഹതാപം തോന്നിപ്പോകുമത്രെ.

ഗൗരീനന്ദയുടെ വീട്ടിൽനിന്നിറങ്ങുമ്പോൾ മനസ്സിൽ ഒരു കാര്യം ഉറപ്പായി. ഇന്നത്തെ തലമുറ കൂടുതൽ കരുത്തും പക്വതയും ആർജ്ജിക്കുകയാണ്. നെറികേട് കണ്ടാൽ നേരേനിവർന്നു നിന്ന് പ്രതിഷേധിക്കാനും പ്രതിരോധിക്കാനും അവർ പഠിച്ചിരിക്കുന്നു. കാലത്തിനൊപ്പം പുതുതലമുറയും മാറുകയാണ്.

×