ഉടുമുണ്ടുനഷ്ടപ്പെട്ട സിബിഐയുടെ ഉരുണ്ടുകളി ! ചാരക്കേസില്‍ ആരും കണ്ടെത്താത്ത കാര്യങ്ങള്‍ കണ്ടെത്താനോ പുതിയ സിബിഐ സംഘത്തിന്റെ നീക്കം. പ്രതി സ്ഥാനത്ത് ഇപ്പോള്‍ നില്‍ക്കുന്നവര്‍ നല്‍കിയ തെളിവുകളും അന്വേഷിക്കണെമെന്ന സുപ്രീം കോടതി നിര്‍ദേശം കാറ്റില്‍ പറത്തുന്നുവോ ? കേസുവരും മുമ്പേ രാജിവച്ചുപോകാന്‍ അപേക്ഷകൊടുത്ത ശാസ്ത്രജ്ഞനോ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യാപരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാനിരുന്നത് ? സിബിഐ അന്വേഷണത്തില്‍ ഉയരുന്നത് നിരവധി ചോദ്യങ്ങള്‍

New Update

publive-image

Advertisment

ഐഎസ്ആര്‍ഒ ചാരക്കേസ് സൃഷ്ടിച്ചെടുത്തതാണെന്നും അതിനു പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐക്കു പങ്കുണ്ടെന്നും സംശയിക്കുന്നതായി സിബിഐയുടെ വെളിപ്പെടുത്തല്‍ !

ഈ കേസ് ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യാപദ്ധതി ഇരുപതു വര്‍ഷം മുന്‍പ് പൂര്‍ത്തിയാകുമായിരുന്നെന്നും കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജുവാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. ഐഎസ്ആര്‍ഒയിലെ രണ്ടു ശാസ്ത്രജ്ഞരെ പ്രതിയാക്കിയതിനാല്‍ ക്രയോജനിക് സാങ്കേതിക വിദ്യാ പരീക്ഷണങ്ങള്‍ മുടങ്ങിയതായും സിബിഐ പറയുന്നുണ്ട്.

എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സികളായ ഇന്റലിജിന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് എന്നീ അതിരഹസ്യ അന്വേഷണ ഏജന്‍സികള്‍ കേരളാപോലീസിന് നല്‍കിയ റിപ്പോര്‍ട്ടു പ്രകാരമാണ് ഇരട്ട പാസ്‌പോര്‍ട്ടുള്ള മാലി വനിതകളായ മറിയം റഷീദയെയും സഹായി ഫൗസിയ ഹസനെയും പോലീസ് അറസ്റ്റു ചെയ്യുന്നത്.

ഇവരെ അറസ്റ്റു ചെയ്തയുടന്‍ ഐഎസ്ആര്‍ഒയില്‍ എഞ്ചിനീയര്‍ ആയിരുന്ന നമ്പി നാരായണന്‍ സ്വയം വിരമിക്കലിനപേക്ഷിക്കുകയും ആ അപേക്ഷ ഉടന്‍ അംഗീകരിക്കണമെന്ന് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു. ഈ അപേക്ഷ ഐഎസ്ആര്‍ഒ ഡയറക്ടര്‍ ആയിരുന്ന ഡോ. മുത്തുനായകം തന്റെ ശുപാര്‍ശയോടെ കേന്ദ്ര സര്‍ക്കാരിന് അയക്കുകയും ചെയ്തു.

ഇക്കാര്യം നമ്പി നാരായണന്‍ തന്റെ ആത്മകഥയായ ' ഓര്‍മകളുടെ ഭ്രമണപഥത്തില്‍ ' പറഞ്ഞിരുന്നു. താന്‍ ഐഎസ്ആര്‍ഒയില്‍ നിന്നു മാറി അമേരിക്കയിലെ സ്‌പേസ് സെന്ററില്‍ ഉയര്‍ന്ന തസ്തികയിലും ഭീമമായ ശമ്പളത്തിലും ജോലി പ്രതീക്ഷിക്കുന്നുവെന്നും വ്യവസായിയായ കളത്തില്‍ കുര്യനുമായി ചേര്‍ന്ന് കന്യാകുമാരി ജില്ലയില്‍ മത്സ്യവ്യവസായവും, കയറ്റുമതിയും പ്ലാന്‍ ചെയ്തിരുന്നതായും പുസ്തകത്തില്‍ അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.

നമ്പി നാരായണനുമായി പതിവായി ഹോട്ടല്‍മുറിയില്‍ സന്ധിക്കാറുണ്ടായിരുന്നുവെന്ന മാലി സ്ത്രീകളുടെ പോലീസിനോടുള്ള വെളിപ്പെടുത്തലും അവരുടെ ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തിലുമാണ് പിന്നീട് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. അപ്പോള്‍ ഇദ്ദേഹം ഐഎസ്ആര്‍ഒയില്‍ നിന്നു വിരമിക്കല്‍ അപേക്ഷ നല്‍കിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ സിബിഐ പറയുന്നതല്ല യാഥാര്‍ത്ഥ്യമെന്ന് ചുരുക്കം.

സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു നമ്പി നാരായണന്റെ അറസ്റ്റ്. കൂടാതെ കോടതിയില്‍ എഫ്‌ഐആര്‍ഉം ഫയല്‍ ചെയ്തിരുന്നു. കേവലം നാലു ദിവസം മാത്രമാണ് നമ്പിനാരായണന്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്.

മാലി വനിതകള്‍ 15 ദിവസവും. ഇവരെ ചോദ്യം ചെയ്ത അന്വേഷണ സംഘതലവന്‍ ഡിഐജി സിബി മാത്യൂസിനു ഈ കേസ് അന്താരാഷ്ട്ര ബന്ധമുള്ളതാണെന്ന് മനസിലാവുകയും, സിബിഐക്കു കൈമാറുകയാണ് ഉചിതമെന്നു സംസ്ഥാന പോലീസ് മേധാവി മുഖേന സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ടു ചെയ്യുകയുമുണ്ടായി.

അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ഈ ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും, പിറ്റെ ദിവസം തന്നെ സിബിഐ ഈ കേസിന്റെ അന്വേഷണചുമതല ഏറ്റെടുക്കുകയും ചെയ്തു.

എന്നാല്‍ ഇവരുടെ അന്വേഷണത്തില്‍ വലിയ ഇടപെടലുകളുണ്ടാവുകയും ഈ അന്വേഷണം ഒരു പ്രഹസനമായിത്തീരുകയുമാണുണ്ടായത്. ഐഎസ്ആര്‍ഒയില്‍ എഞ്ചിനീയര്‍ ആയിരുന്ന നമ്പി നാരായണന് വീട്ടിലേക്കനുവദിച്ചിരുന്ന ലാന്‍ഡ് ഫോണിന് പുറമേ 0471- 451900 എന്ന നമ്പറിലുള്ള മറ്റൊരു ഫോണും ഉണ്ടായിരുന്നു. ഒരു പ്രമുഖ ബിസിനസുകാരന്റെ പേരിലുള്ള ഈ ഫോണിന് 1994 ആഗസ്ത് സെപ്റ്റംബര്‍ മാസങ്ങളിലെ ദ്വൈമാസ ബില്‍ തുക 45498 രൂപയായിരുന്നെന്നും അന്തര്‍ദ്ദേശീയകോളുകളാണ് ഈ ഫോണില്‍ നിന്നും നടത്തിയിട്ടുള്ളതെന്നും കേരള പോലീസ് കണ്ടെത്തിയിരുന്നു.

നാലു ദിവസത്തെ കസ്റ്റഡി കാലയള വിലുള്ളിലാണ് ഇത്തരം നിരവധി കാര്യങ്ങള്‍ പോലീസ് ചികഞ്ഞെടുത്തത്. ഇവയെല്ലാം സിബിഐക്കു കൈമാറിയിട്ടുള്ളതാണ്. 2005 ല്‍ തിരുനല്‍വേലി ജില്ലയിലെ നാഗുമേനി താലൂക്കില്‍ നമ്പി നാരായണന്‍ 17 എക്കര്‍ സ്ഥലം സിബിഐ ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന രാജേന്ദ്രനാഥ് കൗളിനും, സി ബി ഐ സൂപ്രണ്ടായിരുന്ന ഹരിവത്സന്റെ സഹോദരി ശ്യാമളകുമാരിക്കും, മുന്‍ ഡിജിപി രമണ് ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുടെ പേരിലും നിരവധി ഏക്കര്‍ ഭൂമി കൈമാറിയതായുള്ള രേഖകള്‍ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍. ബി ശ്രീകുമാറും ഇപ്പോള്‍ പ്രതിസ്ഥാനീയരായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥരും കോടതികളില്‍ ഹാജരാക്കിയപ്പോള്‍ അവയൊക്കെ സിബിഐക്കു നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ഇവയൊക്കെ സ്വീകരിക്കാനോ, അന്വേഷിക്കാനോ, വിശ്വാസ്യത ഉറപ്പാക്കാനോ സിബിഐ തയ്യാറായിട്ടില്ല. ചാരക്കേസന്വേഷണത്തെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ഡി. കെ ജെയിന്‍ കമ്മീഷന്‍ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ (ജെയിന്‍ കമ്മീഷന്‍ പ്രതിസ്ഥാനീയരെ കാണുകയോ, അവര്‍ക്കു പറയാനുള്ളത് കേള്‍ക്കാനോ തയ്യാറായിട്ടില്ലെന്നത് ആക്ഷേപമുണ്ട്).

അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നുവരുത്തി തീര്‍ക്കുവാനും, പാക് ബന്ധമെന്ന കൊട്ടിഘോഷിച്ചു സത്യസന്ധരും അര്‍പ്പണമനോഭാവവുമുള്ള മുന്‍ അന്വേഷണോദ്യോഗസ്ഥരെ പൊതു സമൂഹത്തില്‍ അപഹാസ്യരും രാജ്യദ്രോഹികളുമാക്കിതീര്‍ക്കാനാണ് സിബിഐയുടെ ഗൂഡശ്രമം.

വിരമിക്കല്‍ അപേക്ഷ നല്‍കി മാറി നിന്ന ശാസ്ത്രജ്ഞനെ അറസ്റ്റു ചെയ്തതുകൊണ്ടാണ് നമ്മുടെ ക്രയോജനിക് സാങ്കേതിക വിദ്യാ ഗവേഷണങ്ങള്‍ നിലച്ചു പോയതെന്ന തരത്തിലുള്ള തല്‍പ്പരകക്ഷികളുടെ പ്രചരണം അടിസ്ഥാനരഹിതമാണ്. കേരളത്തില്‍ സിബിഐക്കു പ്രോസീക്യൂട്ടര്‍മാരുണ്ടായിരുന്നിട്ടും മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ബി ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അവരെയൊന്നും നിയോഗിക്കാതെ ഡല്‍ഹിയില്‍ നിന്നും അഡീ. സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജുവിനെതന്നെ കൊണ്ടുവന്നതിലും ഗൂഡ അജണ്ടകളുള്ളതായാണ് സംശയം.

ജസ്റ്റിസ് ഡി. കെ ജെയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തിലും ഇപ്പോഴത്തെ പ്രതി സ്ഥാനത്തു നിര്‍ത്തിയിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പാക് ബന്ധം ആരോപിക്കുന്നില്ല. അവരാരും അനധികൃത സ്വത്തു സമ്പാദനം നടത്തിയ ശേഷം പാപ്പര്‍ ഹര്‍ജി നല്‍കിയവരുമല്ല.

സിബിഐ ഉന്നതര്‍ വന്‍ പാരിതോഷികം വാങ്ങി ചാരക്കേസ് ആട്ടിമറിച്ചതിനു വ്യക്തവും ശക്തവുമായ തെളിവുകള്‍ നിലനില്‍ക്കെ നമ്മുടെ ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ ഇപ്പോഴത്തെ നിലപാട് ആള്‍ക്കൂട്ടത്തിനാല്‍ പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ ഉടുമുണ്ടുപോലും നഷ്ടപ്പെട്ട് വേശ്യാഗ്രഹത്തില്‍ നിന്നും ഇറങ്ങിയോടിയ പകല്‍മാന്യന്റെ വ്യാജ ആരോപണം പോലെ തന്നെയാണ്.

(ലേഖനത്തിന്റെ ഉള്ളടക്കം സ്ഥാപനത്തിന്റെ അഭിപ്രായമല്ല. ലേഖരുടെ അഭിപ്രായപ്രകടനം മാത്രമാണ് ഇത്)

-പ്രകാശ് നായര്‍ മേലില, ജോസ്പ്രകാശ് കിടങ്ങന്‍

voices
Advertisment