പരസ്പരം തോൽക്കാതിരുന്നാൽ എല്ലാവർക്കും വിജയിക്കാം

സമദ് കല്ലടിക്കോട്
Monday, May 10, 2021

വിവിധയിനം സങ്കീർണ്ണമായ പ്രശ്നങ്ങൾ പ്രകൃതിയെയും മനുഷ്യനെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഈ പ്രശ്നകലുഷിതമായ അന്തരീക്ഷത്തിൽ ഏറ്റവും മാരകം കോവിഡ് തന്നെ.

ലോകമെങ്ങും ജനജീവിതം ആശങ്കയിലാഴ്ത്തി കൊണ്ടിരിക്കുകയാണ് ഈ മഹാമാരി. ലോകത്ത് മനുഷ്യ ജീവിതം ഇനി നിർണ്ണയിക്കപ്പെടുക കോവിഡിന് മുമ്പും ശേഷവും എന്ന വിശേഷണത്തോടെ ആയിരിക്കും.

വൈറസ് കടന്നു ചെല്ലാത്ത നാടും നഗരവുമില്ല.ജീവിതത്തിന്റെ എല്ലാ മേഖലയെയും ഇത് സ്തംഭിപ്പിച്ചു കൊണ്ടിരിക്കുന്നു. കടയും കമ്പോളവും പള്ളിയും പള്ളിക്കൂടവും തെരുവും കളിക്കളവുമൊക്കെ ശൂന്യമായി കൊണ്ടിരിക്കുന്നു.

ആൾദൈവങ്ങളും ആചാര്യന്മാരും വരെ ജീവഭയത്തിലാണ്. അവർ ആരെക്കാളും മുമ്പേ വാക്സിൻ എടുക്കാനുള്ള താല്പര്യത്തിലുമാണ്. യഥാർത്ഥത്തിൽ ജീവിതഗതി സമ്പൂർണ്ണമായും കോവിഡിനെ കേന്ദ്രീകരിച്ചായി.

വേഷവും പെരുമാറ്റവും മരണവും കല്ല്യാണവും ആരാധനയും അനുഷ്ഠാനവും വരെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായി. ജീവിതത്തെ സമൂലമായി ആട്ടിമറിക്കാനുള്ള ശേഷി ഈ സൂക്ഷ്മ വൈറസിനുണ്ടെന്ന് നാം അനുഭവിച്ചറിഞ്ഞു. നമ്മുടെ നിസ്സാരത നമുക്ക് ബോധ്യമായി.

ഇപ്പോൾ കോവിഡിന്റെ രണ്ടാം വരവ് നമ്മുടെ സംസ്ഥാനത്തെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. കോവിഡിന് ഇനി എത്ര വരവുണ്ടാകുമെന്ന് അറിയില്ല. ആരെല്ലാം പോകേണ്ടിവരുമെന്നും യാതൊരു നിശ്ചയവുമില്ല.

ലോകമാകെ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ മഹാ പരീക്ഷണത്തെ നേരിടാൻ അതീവ ജാഗ്രതയോടെ മുന്നോട്ട് നീങ്ങുമ്പോഴും തെറ്റായ വിശ്വാസങ്ങളും തെറ്റായ ആചാര രീതികളും വലിയൊരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് പറയാതെ വയ്യ.

രോഗ പ്രതിരോധ സന്നാഹങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്ന നവ മാധ്യമങ്ങൾ വഴി തന്നെ വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങളും പ്രചരിക്കുന്നു. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കാര്യങ്ങൾ യഥാർത്ഥ വസ്തുതയായി പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരികൾ പോലും നടത്തുന്നു.

കാര്യഗൗരവത്തോടെ പ്രശ്നങ്ങളെ സമീപിക്കാൻ നാം ശീലിക്കണം. കേരളത്തിന്റെ പ്രബുദ്ധതയും സാമൂഹികവബോധവും ഈ തെറ്റായ പ്രചാരണങ്ങൾക്ക് കൂടുതൽ കീഴ്പ്പെടില്ല എന്നാശ്വസിക്കാം.

ലോകത്തിനു മുൻ പരിചയമില്ലാത്ത ഒരു പ്രതിരോധ യുദ്ധത്തിലാണ് നമ്മൾ. എന്തും നേരിടാൻ നമ്മൾ മലയാളികൾക്ക് ആകും എന്ന മിഥ്യധാരണ നാം വെടിയണം. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും യത്നങ്ങൾക്ക് നാം പൂർണ്ണ പിന്തുണ നൽകണം.

അണുവിട തെറ്റിയാൽ കോവിഡിന്റെ കാര്യത്തിൽ ഏറ്റവും മോശം ഉദാഹരണമാകാൻ നമ്മുടെ നാടിനു കഴിയും. വീടകങ്ങളിൽ വാർധക്യത്തിന്റെ വിവശതയിലും പലവിധ ശാരീരിക ബുദ്ധിമുട്ടുകളാലും കഴിയുന്നവരുടെ അവസ്ഥയാണ് ഏറെ കഷ്ടം.

അതിനാൽ ഒരു നിതാന്ത ജാഗ്രത ഓർമിപ്പിക്കുന്നു രണ്ടാം തരംഗത്തിന്റെ ഈ
അടച്ചുപൂട്ടൽ വേള. ആരോഗ്യപരിരക്ഷയും മികച്ച ആതുരാലയങ്ങളുമാണ് ഇന്ന് വിലപ്പെട്ട കനികളാവേണ്ടത്. എന്നാൽ അവ വിലക്കപ്പെട്ട കനികളായി മാറുന്ന കാഴ്ചയാണ്.

മറ്റു ചില സംസ്ഥാനങ്ങളിൽ, രോഗബാധിതരെ കൊണ്ടും മരിച്ചവരെ കൊണ്ടും ആശുപത്രികളും മോര്‍ച്ചറികളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ പോലും മതിയായ സൗകര്യങ്ങളില്ലെന്നാണ് റിപ്പോർട്ടുകൾ.

അവിചാരിതമായി കടന്നുവന്ന പല പരീക്ഷണങ്ങളയും നേരിട്ട പ്രബുദ്ധ സമൂഹമാണ് നമ്മുടേത്. ഈ വിഷമസന്ധിയിൽ വലിയ ഐക്യപ്പെടൽ ആവശ്യമാണ്.

ലോകം മുഴുക്കെ സന്തോഷവും ആശ്വാസവും തിരിച്ചു വരും,വരാതിരിക്കില്ല.
ജീവൻ ആരുടേതായാലും വിലപ്പെട്ടതാണ്. ഈ മാരക വൈറസ് എന്നിൽ പകരരുത്,ഞാൻ പടർത്തില്ല എന്ന് ഉറച്ച പ്രതിജ്ഞ എടുക്കേണ്ടതായുണ്ട്.

ആരോഗ്യ പ്രവർത്തകർ ആവർത്തിച്ച് നൽകുന്ന മുന്നറിയിപ്പുകൾ നമുക്ക് ഓർക്കാം,പാലിക്കാം. രോഗത്തെ നേരിടുന്നതിൽ പരസ്പരം തോൽക്കാതിരുന്നാൽ നമുക്കെല്ലാവർക്കും ഒരുമിച്ച് ജയിക്കാം.

×