Advertisment

കോട്ടൺ വോയിൽ സാരിയും കോലാപൂരി ചപ്പലും ധരിച്ച് ഇന്ത്യ ഭരിച്ച ഇന്ദിരാ പ്രിയദർശിനിയുടെ നാടാണ് ഇത്. സ്വന്തം മകൾക്ക് സാരി വാങ്ങി നൽകാൻ പണമില്ലാതെ കടയിൽ നിന്ന് സാരി കടം വാങ്ങിയ സ: ഇഎംഎസിന്റെ നാടാണിത്. സ്വന്തം പുത്രൻ സർക്കാർ ഫോണിൽ നിന്നും എസ്ടിഡി വിളിച്ചെങ്കിലോ എന്ന് പേടിച്ച് ഫോൺ പൂട്ടി താക്കോൽ ജൂബ്ബയുടെ പോക്കറ്റിൽ ഇട്ട് ക്ലിഫ് ഹൗസിൽ നിന്നും ഓഫീസിൽ പോയിരുന്ന സ: നായനാർ ജീവിച്ച നാടാണ് കേരളം. പക്ഷേ ധൂർത്തനായ പിണറായി വിജയനെ എന്ത് പേരിട്ടു വിളിക്കണം - തിരുമേനി എഴുതുന്നു

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

ധൂർത്തനായ പിണറായി വിജയൻ യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റോ ? യാഥാസ്ഥിതികനായ കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്ന പിണറായി വിജയൻ എന്ന മുഖ്യമന്ത്രി കഴിഞ്ഞ അഞ്ച് വർഷക്കാലം നടത്തിയ ധൂർത്തിന്റെ കണക്ക് ഓരോ മലയാളിയും അറിഞ്ഞിരിക്കണം. ജനാധിപത്യം എന്നാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണ സംവിധാനമാണ്. നമ്മൾ ഓരോരുത്തരും നൽകുന്ന നികുതിപ്പണമാണ് പല രീതിയിൽ ഇവിടെ ചിലവഴിക്കപ്പെടുന്നത്.

ഏത് രാഷ്ട്രീയ സംവിധാനമായാലും തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ജനങ്ങൾക്കുവേണ്ടി നീതിയുക്തമായി പ്രതിബദ്ധതയോടു കൂടി പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധമാണ്. അതായത് ചിലവഴിക്കപ്പെടുന്ന ഓരോ രൂപയും പൊതു സമൂഹത്തിന്റെ ക്ഷേമത്തിനായിരിക്കണം. ഭരണ സംവിധാനത്തിനായി വളരെ മിതമായ തോതിൽ ചിലവാക്കിയാൽ മാത്രമേ കേരളം പോലൊരു സംസ്ഥാനത്തിന് പിടിച്ച് നിൽക്കാൻ സാധിക്കൂ.

ഇക്കാര്യത്തിൽ വളരെ കർക്കശക്കാരായ ഭരണാധികാരികൾ നമുക്കുണ്ടായിരുന്നു. ദൗർഭാഗ്യവശാൽ ഒരു യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ പിണറായി വിജയൻ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ തികഞ്ഞ ഒരു ബൂർഷ്വാ ആയി പരിണമിച്ചിരിക്കുന്നു എന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ തിരിച്ചറിഞ്ഞിരിക്കുന്നു.

തന്നെ തിരഞ്ഞെടുത്ത ജനതക്ക് ഒരു പ്രയോജനവുമില്ലാതെ സ്വാർത്ഥലാഭത്തിന് വേണ്ടി പിണറായി വിജയൻ ചിലവാക്കിയ കോടികളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ ഖജനാവിലെ നികുതിപ്പണം ചിലവഴിക്കുമ്പോൾ കാണിക്കേണ്ട സത്യസന്ധത പിണറായി വിജയൻ കാണിച്ചില്ല. നമുക്ക് ഓരോന്നായി പരിശോധിക്കാം.

1 പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് ചിലവായത് 3.71 കോടി രൂപ

2 മന്ത്രിസഭയുടെ നൂറാം ദിവസം ആഘോഷത്തിന് 2.24 കോടി രൂപ

3 ഒന്നാം വാർഷികത്തിന് ചിലവാക്കിയത് 18.6 കോടി രൂപ

4 ആയിരം ദിനാഘോഷത്തിന് ചിലവായത് 10.27 കോടി

5 സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ നടത്തിയ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും മൂലം ഉണ്ടായ ബാധ്യത ഏറ്റെടുത്ത വകയിൽ ചിലവായത്: റബ്കോ 238 കോടി, മാർക്കറ്റ് ഫെഡ് 27 കോടി, റബ്ബർ മാർക്ക് 41 കോടി - ആകെ 306 കോടി

6. ഒരു ശുപാർശ പോലും നടപ്പാകാത്ത ഭരണ പരിഷ്ക്കാര കമ്മീഷൻ എന്ന വെള്ളാന 31/12/2019 വരെ ചിലവാക്കിയത് 713 36666 രൂപ

7 നവകേരള മിഷൻ കോർഡിനേറ്ററിന് നൽകിയ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ

8 ക്യാബിനറ്റ് പദവി നൽകിയ ആർ.ബാലകൃഷ്ണപിള്ളക്ക് വേണ്ടി ചിലവാക്കിയ തുക

9 ആറ് ഉപദേഷ്ടാക്കൾ ആണ് മുഖ്യമന്ത്രിക്കുള്ളത് അതിൽ മാധ്യമ ഉപദേഷ്ടാവിന്റെ ശമ്പളസ്ക്കെയിൽ 93000 - 120000 രൂപ, നിയമ ഉപദേഷ്ടാവിന്റെ ശമ്പളസ്ക്കെയിൽ 77400 - 115 200 രൂപ.

10. ആകെ 150 ഗവ.പ്ലീഡർമാരാണ് ഹൈക്കോടതിയിൽ ഉള്ളത്. സാധാരണ ഗതിയിൽ ഇവരിൽ ഒരാളെ ലയ്സൺ ഓഫീസർ ആയി നിയമിക്കുകയാണ് രീതി. എന്നാൽ വേലപ്പൻ നായർ എന്ന വ്യക്തിയെ പ്രതിമാസം 114000 / - രൂപ ശമ്പളത്തിൽ ലയ്സൺ ഓഫീസറായി നിയമിച്ചു.

11. സ്പ്രിംക്ലർ അഴിമതി കേസ് വാദിക്കാൻ വന്ന വക്കീൽ NS നിപ്പനായി നൽകിയത് ലക്ഷങ്ങൾ

12. മുൻ എം.പി. ഡോ. സമ്പത്തിനെ ക്യാബിനറ്റ് റാങ്കിൽ ഡൽഹിയിൽ നിയമിച്ചത് പ്രതിമാസം 175000 രൂപ ശമ്പളത്തിന്. കൂടാതെ 8 സഹായികൾ , കാറുകൾ ഉൾപ്പടെ പ്രതിമാസ ചിലവ് 50 ലക്ഷം രൂപ.

12. ഹെലികോപ്റ്റർ വാടകക്ക് എടുത്ത വകയിൽ പ്രതിമാസം 16400000+ജിഎസ്ടി

13 മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകൾ 27, മിക്കതും കുടുംബസമേതം

14. നിലവിൽ 4 ബുള്ളറ്റ് പ്രൂഫ് കാറുകൾ ഉണ്ട്. പുതിയത് വാങ്ങിയ വകയിൽ ഒന്നര കോടി

15. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂരിലെ ഷുഹൈബിനെ വധിച്ച കേസിൽ പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാൻ വക്കീലിനെ കൊണ്ടു വന്ന വകയിൽ ചിലവായത് 86 ലക്ഷം

16. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും വധിച്ച സിപിഎം നേതാക്കളെ സിബിഐ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകനെ കൊണ്ടുവന്ന വകയിൽ ചിലവായത് 45 ലക്ഷം. അരിയിൽ ഷുക്കൂർ വധക്കേസിന് ചിലവാക്കിയത് വേറെ.

17. സർവീസിൽ നിന്ന് വിരമിച്ച ഇഷ്ടക്കാരെ തിരുകി കയറ്റിയ വകയിൽ ചിലവായത് കോടികൾ.

കിഫ്ബി സിഇഒ ആയി ഡോ.കെ.എം. അബ്രാഹമിനെ നിയമിച്ചത് പ്രതിമാസം 332750 രൂപ ശമ്പളത്തിൽ.

18. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പരിപാലനത്തിനായി 9 പേർ. ഒരാൾക്ക് മാസ ശമ്പളം 54014 രൂപ

19. എഡിബിയിൽ നിന്നും പ്രളയാനന്തരം Rebuild കേരളക്ക് ലഭിച്ച 1780 കോടി രൂപ വകമാറ്റി ചില വഴിച്ചു.

20. കളമശ്ശേരിയിൽ സിപിഎം നേതാവ് നടത്തിയ പ്രളയ ഫണ്ട് തട്ടിപ്പ് 20 ലക്ഷം

21. നവോത്ഥാന സമുച്ചയം 700 കോടി, കേരള സഭാ ഹാൾ 17 കോടി, നവോത്ഥാന മതിൽ 50 കോടി.

22. വിവിധ ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയുന്ന നാം മുന്നോട്ട് പരിപാടിക്ക് പ്രതിവർഷം 6.37 കോടി രൂപയും അഞ്ച് വർഷത്തേക്ക് 31.85 കോടി രൂപയും നൽകി. ഈ പരിപാടിയുടെ നിർമ്മാണക്കരാർ പാർട്ടി ചാനലിനാണ് നൽകിയിരിക്കുന്നത്.

23. മുഖ്യമന്ത്രിയുടെ വെബ് സൈറ്റിനും സാമൂഹ്യ മാധ്യമ പ്രചരണങ്ങൾക്കും പുറം കരാർ നൽകിയത് 4. 23 കോടി രൂപക്ക്.

ഇനിയുമുണ്ട് ധാരാളം. ഇവയെല്ലാം വിവരാവകാശ രേഖകൾ വഴി ലഭിച്ചതാണ്. ഇത് വായിക്കുന്നവർ ശ്രദ്ധിക്കുക. മേൽപറഞ്ഞ ചിലവിൽ ഏതെങ്കിലും ഒന്ന് ഇവിടുത്തെ സാധാരണക്കാരന് എന്തെങ്കിലും ഗുണം ലഭിക്കുന്നതുണ്ടോ? ഖജനാവ് കൊള്ളയടിച്ച ഒരു കമ്മ്യൂണിസ്റ്റിന്റെ ഭരണകാലം നാളെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് സാധാരണക്കാരന്റെ ചോരയിൽ മുക്കിയ എഴുത്താണി കൊണ്ടായിരിക്കും.

മിസ്റ്റർ പിണറായി വിജയൻ താങ്കൾ ഒരു കാര്യം മനസ്സിലാക്കണം. ഒന്നും രണ്ടും വട്ടമേശ സമ്മേളനത്തിന് ഒരു മുറി തോർത്തും ഉടുത്ത് പങ്കെടുത്ത മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മജിയുടെ നാടാണ് ഇത്. കോട്ടൺ വോയിൽ സാരിയും കോലാപൂരി ചപ്പലും ധരിച്ച് ഇന്ത്യ ഭരിച്ച ഇന്ദിരാ പ്രിയദർശിനിയുടെ നാടാണ് ഇത്. സ്വന്തം മകൾക്ക് സാരി വാങ്ങി നൽകാൻ പണമില്ലാതെ കടയിൽ നിന്ന് സാരി കടം വാങ്ങിയ സ: ഇഎംഎസിന്റെ നാടാണിത്. സ്വന്തം പുത്രൻ സർക്കാർ ഫോണിൽ നിന്നും എസ്ടിഡി വിളിച്ചെങ്കിലോ എന്ന് പേടിച്ച് ഫോൺ പൂട്ടി താക്കോൽ ജൂബ്ബയുടെ പോക്കറ്റിൽ ഇട്ട് ക്ലിഫ് ഹൗസിൽ നിന്നും ഓഫീസിൽ പോയിരുന്ന സ: നായനാർ ജീവിച്ച നാടാണ് കേരളം.

അവരൊക്കെ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നുവെങ്കിൽ അവർ ബാക്കി വച്ച സ്നേഹവും കരുതലും കാലാതിവർത്തി ആയതു കൊണ്ടാണ്. വെള്ളി നാണയങ്ങൾ വാങ്ങി ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെ വിദേശ കമ്പനികളുടെ കോഴപ്പണം വാങ്ങി ഭൂമിയും ആകാശം കടലും തീറെഴുതി നൽകിയ ഭരണാധികാരി എന്ന് അങ്ങയെ ചരിത്രം വാഴ്ത്തട്ടെ .

ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപതിയായി പരിണമിക്കുമ്പോൾ ഉണ്ടാകുന്ന ദുരന്തമാണ് നമ്മുടെ മുമ്പിൽ വികൃത രൂപത്തിൽ നിൽക്കുന്നത്. ഈ ദുരന്തം ആവർത്തിക്കപ്പെടണമോ?

ഓരോ മലയാളിയും ചിന്തിക്കട്ടെ.

voices
Advertisment