Advertisment

വായനപക്ഷാചരണം - അപനിര്‍മ്മതികളുടെ ബഹി:സ്ഫുരണം

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

മലയാളിയെ വായനയുടെ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയും സാക്ഷരതയുടെ ചക്രവാളങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്ത പി.എന്‍ പണിക്കര്‍ ഓര്‍മ്മയായ ജൂണ്‍ 19 ആണ് വായനാദിനമായി ആചരിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 19 മുതല്‍ 25 വരെ വായനാവാരമായും ആചരിച്ചുവരുന്നു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആദ്യ സെക്രട്ടറിയായിരുന്ന ഐ.വി ദാസിന്‍റെ ജന്മദിനമായ ജൂലൈ 7-നെ ബന്ധിപ്പിച്ചുകൊണ്ട് 2016 മുതല്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ വായനാപക്ഷാചരണമായി കൊണ്ടാടുന്നു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എന്ന് ഇന്നറിയപ്പെടുന്ന കേരളത്തിലെ ഗ്രന്ഥശാലകളുടെ ഭരണ സംവിധാനം എങ്ങനെ ഇവിടംവരെ എത്തി എന്നറിയണമെങ്കില്‍ വായനാദിനത്തിനു കാരണഭൂതനായ മഹത് വ്യക്തിയേയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളേയും കുറിച്ച് അറിയേണ്ടിരിക്കുന്നു.

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ഒരു സംഘടിതരൂപം ഉണ്ടായത് 1945-ല്‍ അമ്പലപ്പുഴ പി. കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ചുനടന്ന ഒരു സമ്മേളനത്തിലാണ്. തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലകളുടെ ആ സമ്മേളനം വിളിച്ചുകൂട്ടിയത് പി.എന്‍ പണിക്കര്‍ എന്ന ഒരദ്ധ്യാപകനായിരുന്നു.

പി. എന്‍. പണിക്കര്‍ എന്ന പുതുവായില്‍ നാരായണപ്പണിക്കര്‍ 1909 മാര്‍ച്ച് 1ന് കോട്ടയം ജില്ലയില്‍ നീലംപേരൂര്‍ എന്ന സ്ഥലത്ത് ജനിച്ചു. വളരെ ചെറുപ്പത്തിലേ അദ്ധ്യാപകനായ അദ്ദേഹം, കൂട്ടുകാരോടൊപ്പം വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് 1926ല്‍ ജന്മനാട്ടില്‍ "സനാതനധര്‍മ്മം വായനശാല" ആരംഭിച്ചു.

അന്ന് അദ്ദേഹത്തിനു പ്രായം 17 വയസ്സ്. പിന്നീട് 1945 സെപ്റ്റംബറില്‍, (1121 ചിങ്ങം 29) അമ്പലപ്പുഴ പി. കെ. മെമ്മോറിയല്‍ വായനശാലയുടെ നേതൃത്വത്തില്‍ തിരുവിതാംകൂറിലെ ഗ്രന്ഥശാലകളുടെ ഒരു സമ്മേളനം അദ്ദേഹം വിളിച്ചുകൂട്ടി. "തിരുവിതാംകൂര്‍ ഗ്രന്ഥശാലാ രൂപീകരണയോഗം" എന്നറിയപ്പെടുന്ന ഈ സമ്മേളനം നടന്നത് അമ്പലപ്പുഴയിലെ സാഹിത്യ പഞ്ചാനനന്‍ തിയേറ്ററില്‍ വച്ചായിരുന്നു.

ഈ യോഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി  രാമസ്വാമി അയ്യരായിരുന്നു. സ്വാതന്ത്യ സമരപ്രക്ഷോഭങ്ങളുടെ തീജ്വാലകള്‍ ആളിപ്പടര്‍ന്നിരുന്ന കാലഘട്ടമായിരുന്നതിനാല്‍ ക്ഷണം കിട്ടിയ നിരവധി വായനശാലകള്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തില്ല. ആകെ 47 വായനശാലകളാണ് ആ സമ്മേളനത്തില്‍ പങ്കെടുത്തത്.

ഈ സമ്മേളനത്തില്‍വച്ച് അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘം രൂപീകൃതമാകുകയും, പി.എന്‍ പണിക്കരെ സംഘത്തിന്‍റെ കണ്‍വീനറായി തെരഞ്ഞെടുക്കുകയും ചെയ്തു. സംഘം നല്‍കിയ നിവേദനത്തിന്‍റെ ഫലമായി 1946-ല്‍ത്തന്നെ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 250 രൂപ പ്രതിമാസം സഹായധനമായും, ഗ്രന്ഥശാലകളുടെ വാര്‍ഷിക ധനസഹായം 200ല്‍ നിന്ന് 240 ആയി വര്‍ദ്ധിപ്പിച്ചുകൊണ്ടും മഹാരാജാവ് ഉത്തരവായി.

1947-ല്‍ തിരുവിതാംകൂര്‍ കമ്പനീസ് ആക്ട് പ്രകാരം "അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘം" എന്ന പേരില്‍ സംഘം രജിസ്റ്റര്‍ ചെയ്തു. തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരുക്കൊച്ചി ആയപ്പോള്‍, 1949-ല്‍ അത് "തിരുക്കൊച്ചി ഗ്രന്ഥശാല സംഘ"മായി.

കേരളാ സംസ്ഥാന രൂപീകരണത്തിനു ശേഷം 1958-ല്‍ അത് "കേരളാ ഗ്രന്ഥശാലാ സംഘം' എന്ന് പേരുമാറ്റി. 1977-ല്‍ ചില രാഷ്ട്രീയ അന്തര്‍നാടകങ്ങളുടെ ഫലമായി കേരളാ ഗ്രന്ഥശാലാ സംഘം സര്‍ക്കാര്‍ ഏറ്റടുക്കുന്നതുവരെ പി.എന്‍ പണിക്കര്‍ സംഘത്തിന്‍റെ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു. ഏതാണ്ട് 32 വര്‍ഷക്കാലം.

സി. കേശവന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരത്ത് സര്‍ക്കാര്‍വക കെട്ടിടം ആഫീസിനായി അനുവദിച്ചു. 1945-ല്‍ ഏ. അച്ചുതന്‍ മന്ത്രിയായിരുന്നപ്പോള്‍ പബ്ലിക് ലൈബ്രറി കോമ്പൗണ്ടില്‍ സംഘത്തിന് സ്ഥലം അനുവദിച്ചു. 1957-ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി സംഘത്തിന്‍റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

1945 മുതല്‍ 1977 വരെയുള്ള 32 വര്‍ഷക്കാലം പി. എന്‍. പണിക്കര്‍ കേരളമൊട്ടാകെ ചുറ്റിസഞ്ചരിക്കുകയും, കേരളത്തിന്‍റെ മുക്കിലും മൂലയിലും ഗ്രന്ഥശാലകള്‍ സ്ഥാപിക്കുകയും ചെയ്തു. 1977-ല്‍അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെടുമ്പോള്‍ കേരളത്തിലെ ഗ്രന്ഥശാലകളുടെ എണ്ണം 4300-ന് മുകളിലായിരുന്നു.

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തെ ഇന്നത്തെ നിലയിലേയ്ക്കു വളര്‍ത്തുന്നതില്‍ പി.എന്‍ പണിക്കര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം ലോകത്ത് മറ്റൊറിടത്തും കാണാത്ത തരത്തിലുള്ളതാണ്. കേരളത്തിന്‍റെ സാംസ്കാരിക ജീവിതത്തിന്‍റെ കാതലാണത്. സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ് അതിന്‍റെ സംഘാതശക്തി. കേരളത്തിന്‍റെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്‍റെ കേന്ദ്രമാണത്. മലയാളിയുടെ വായനാ സംസ്കാരത്തെ ഇന്നത്തെ രൂപത്തില്‍ പരുവപ്പെടുത്തി എടുത്തത് കേരളാ ഗ്രന്ഥശാലാ സംഘമാണ്.

സംഘം രൂപീകൃതമായപ്പോള്‍ത്തന്നെ, സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ച് പുതിയ ഗ്രന്ഥശാലകള്‍ രൂപീകരിക്കുന്നതിനും, പ്രവര്‍ത്തനം നിലച്ചവ പുനരുദ്ധീകരിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഓരോ മേഖലയുടേയും ചുമതല ഓരോ ഓര്‍ഗനൈസര്‍ക്കായിരുന്നു. 1961-ല്‍ മേഖല ഓര്‍ഗനൈസര്‍ സ്ഥാനങ്ങള്‍ നിര്‍ത്തലാക്കപ്പെടുകയും അവയുടെ സ്ഥാനത്ത് താലൂക്ക് യൂണിയനുകള്‍ നിലവില്‍ വരികയും ചെയ്തു.

ഗ്രന്ഥശാലാ സംഘം രൂപീകൃതമായപ്പോള്‍ത്തന്നെ അതിന്‍റെ ഉദ്ദേശ്യ - ലക്ഷങ്ങളായി പ്രഖ്യാപിക്കപ്പട്ടവയാണ്, പുതിയ ഗ്രന്ഥശാലകള്‍ രൂപീകരിക്കുക, പ്രവര്‍ത്തനം നിലച്ചവ പുനരുദ്ധീകരിക്കുക, തുടര്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, നിശാപാഠശാലകള്‍ സ്ഥാപിക്കുക, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക, താലൂക്കുതോറും പ്രധാന ഗ്രന്ഥശാലകള്‍ സ്ഥാപിക്കുക, ഗ്രന്ഥപാരായണശീലം വളര്‍ത്തുക, കലകളെ പ്രോത്സാഹിപ്പിക്കുക, കുട്ടികള്‍ക്കും വനിതകള്‍ക്കും വായിക്കുവാന്‍ പ്രത്യേകം ഇടം ഏര്‍പ്പെടുത്തുക തുടങ്ങിയവ.

താലൂക്കുതോറും സെമിനാറുകള്‍, സംസ്ഥാനതല സെമിനാറുകള്‍, കാര്‍ഷിക സെമിനാറുകള്‍ തുടങ്ങിയവയും സംഘം നടത്തിയിരുന്നു. ഓരോ ലൈബ്രറിയും ഓരോ കാര്‍ഷിക വിജ്ഞാനകേന്ദ്രമായി മാറണമെന്നതായിരുന്നു പി.എന്‍ പണിക്കരുടെ ലക്ഷ്യം. സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ കൃഷിവികസനത്തിനാവശ്യമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, ഓരോ വായനശാലയിലും അവയ്ക്കായി പ്രത്യേക വായനാമൂലകള്‍ സജ്ജീകരിക്കുക എന്നിവയും ചെയ്തുപോന്നിരുന്നു.

ഗ്രാമീണജനങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ "സഹൃദയഗ്രാമം പദ്ധതി", കുടുംബങ്ങള്‍ക്കായുള്ള വായനാപദ്ധതികള്‍ തുടങ്ങിയവയും നടപ്പിലാക്കിയിരുന്നു. അദ്ദേഹം സ്ഥാപിച്ച 4300 ലൈബ്രറികളും എവിടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു.

1970 -ല്‍ സംഘം അതിന്‍റെ രജതജൂബിലി ആഘോഷിച്ചു. ചര്‍ച്ചകളും, സെമിനാറുകളും പ്രദര്‍ശനങ്ങളുമായി ഒരു ഉത്സവപ്രതീതിയോടെയാണ് ഓരോ ഗ്രന്ഥശാലയും ജൂബിലി ആഘോഷിച്ചത്. നിരക്ഷരതാ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് രജത ജൂബിയോടനുബന്ധിച്ച് ഒരു സാക്ഷരതാ സര്‍വ്വേ നടത്തുകയുണ്ടായി.

കാസര്‍ഗോഡു മുതല്‍ പാറശാല വരെ നടത്തിയ "സാക്ഷരതാ ജാഥ"യാണ് ജൂബിലി ആഘോഷങ്ങളിലെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന സംഭവം. 1970 നവംബര്‍ 8-ന് കാസര്‍ഗോഡ് മുനിസിപ്പല്‍ ലൈബ്രറിയില്‍ നിന്നും ആരംഭിച്ച് കേരളത്തിലെ മുഴുവന്‍ ജില്ലകളിലൂടേയും ചുറ്റി സഞ്ചരിച്ച് ഡിസംബര്‍ 20-ന് പാറശാലയിലാണ് ഈ കാല്‍നട ജാഥ സമാപിച്ചത്.

കാല്‍നട ജാഥകള്‍ ഒരു വാര്‍ത്തയേ അല്ലാത്ത വര്‍ത്തമാനകാലത്ത് 50 വര്‍ഷം മുന്‍പ് നടന്ന ഈ ജാഥയാണ് കേരളത്തിലെ ഇന്നത്തെ ''ജാഥ"കളുടെ മാതാവ്. "വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക" എന്നതായിരുന്നു ജാഥയുടെ പ്രമാണ സൂത്രം. "അറബിക്കടലിനെ വെല്ലാനും പാറ കിളച്ചുമറിക്കാനും കഴിവുള്ളോരെ സോദരരേ, അക്ഷര വിദ്യ പഠിച്ചോളൂ" ഇതായിരുന്ന സാക്ഷരതാ ജാഥയില്‍ മുഴക്കിയ മുദ്യാവാക്യം.

ഇന്ന് ഗ്രന്ഥശാലകള്‍ക്ക് ഗ്രാന്‍റ് നല്‍കുന്നത് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രേഡുകളായി തിരിച്ചാണ്. എഫ് മുതല്‍ മുകളിലേയ്ക്ക് എ+ വരെയാണ് ഗ്രേഡുകള്‍. എഫ് ഗ്രേഡിന് 12,000/-രൂപയും എ+ന് 50,000/-രൂപയുമാണ് വാര്‍ഷിക ഗ്രാന്‍റ്.

കേരളത്തിലെ എഴുപത് ശതമാനം ലൈബ്രറികളും സി യിലോ, ഡി യിലോ വരുന്നവയാണ്. അവയുടെ ഗ്രാന്‍റാവട്ടെ യഥാക്രമം 20,000/- രൂപയും 16,000/- രൂപയുമാണ്. പണത്തിന്‍റെ മൂല്യം കണക്കാക്കിയാല്‍, 1946-ല്‍ സര്‍ സി.പി എന്ന തമിഴ് നാട്ടുകാരന്‍ മലയാളിയെ വായന പഠിപ്പിക്കാന്‍ നല്‍കിരുന്നതിലും കുറവായ തുകയാണ് എഴുപതു വര്‍ഷത്തെ ജനാധിപത്യത്തിനു ശേഷവും കേരളത്തിലെ ഗ്രന്ഥശാലകള്‍ക്കു ലഭിക്കുന്നത് എന്നര്‍ത്ഥം.

പി.എന്‍ പണിക്കരുടെ കാലഘട്ടത്തില്‍നിന്ന് ഏറെയൊന്നും മുന്നോട്ടുപോകുവാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. അന്ന് ഉണ്ടാക്കിയ മാതൃകാ നിയമാവലി അനുസരിച്ചാണ് ഇന്നും കേരളത്തിലെ ഗ്രന്ഥശാലകള്‍ക്ക് അംഗീകാരം ലഭ്യമാക്കുന്നത്. ഒരു വായനശാലയില്‍ സൂക്ഷിക്കേണ്ട രേഖകളില്‍പ്പോലും ഒരു മാറ്റവും ഉണ്ടായിട്ടില്ല.

സംഘത്തിന്‍റെ നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിനുള്ള അംഗീകാരമായി 1975-ല്‍ സംഘത്തിന് യൂനെസ്കോയുടെ ക്രൂപ്സായ് അവാര്‍ഡ് ലഭിക്കുകയുണ്ടായി. കേരള ഗ്രന്ഥശാല സംഘത്തിന്‍റെ ആദ്യകാല അദ്ധ്യക്ഷന്മാരെല്ലാം രാഷ്ട്രീയ രംഗത്തെയെന്നതുപോലെ സാസ്കാരിക രംഗത്തെയും അതികായന്മാരായിരുന്നു.

ഒരു പക്ഷേ അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ഒരു സാംസ്കാരിക പ്രവര്‍ത്തനം കൂടി ആയിരുന്നതിനാലായിരിക്കാം ഇങ്ങനെ സംഭവിച്ചത്. പറവൂര്‍ ടി. കെ. നാരായണപിള്ള, പനമ്പള്ളി ഗോവിന്ദമേനോന്‍, ആര്‍. ശങ്കര്‍, കെ. എ. ദാമോദരമേനോന്‍, പി. ടി. ഭാസ്കരപ്പണിക്കര്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.

കേരളത്തിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ ആദരവോടെ പണിക്കര്‍ സാര്‍ എന്നു വിളിക്കുന്ന പി. എന്‍. പണിക്കര്‍ ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളില്‍പ്പെട്ട് ഗ്രന്ഥശാലാ സംഘത്തിന്‍റെ പടയിറങ്ങുമ്പോള്‍ കേരളത്തിലെ വായനശാലകളുടെ എണ്ണം 4300 ആയിരുന്നു എന്ന് പറഞ്ഞുവല്ലോ.

തന്‍റെ മുപ്പത്തിരണ്ടു വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് ഈ ഗ്രന്ഥശാലകള്‍ ഓരോന്നും അദ്ദേഹം നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഓരോ ഗ്രന്ഥശാലയും സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി അദ്ദേഹത്തിന് അറിയാമായിരുന്നു. ബസ്സിലും ട്രയിനിലും ഒക്കെയായി സഞ്ചരിച്ചാണ് അദ്ദേഹം ഓരോ ഗ്രന്ഥശാലയിലും പോയിരുന്നത്.

1974-ലോ, 75ലോ മറ്റോ ആണ് ഗ്രന്ഥശാലാ സംഘത്തിന് സ്വന്തമായി ഒരു കാര്‍ ഉണ്ടാവുന്നത്. 32 വര്‍ഷങ്ങള്‍ ഒരു പ്രസ്ഥാനത്തിനുവേണ്ടി ഊണും ഉറക്കവും ആയുസ്സും ആരോഗ്യവും ത്യജിച്ച ഒരു വയോധികന്‍ ഈ കാര്‍ ദുര്‍വിനിയോഗം ചെയ്തു എന്നതായിരുന്ന അദ്ദേഹത്തെക്കുറിച്ച് ഉയര്‍ന്നുവന്ന ഒരാരോപണം.

ഗ്രന്ഥശാല സംഘത്തില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും അദ്ദേഹം തന്‍റെ കര്‍മ്മ രംഗം കൈവിട്ടില്ല. കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി (Kerala Association for Nonformal Education and Development) എന്ന സംഘടന രൂപീകരിക്കുകയും സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു അദ്ദേഹം.

താന്‍ നട്ടുവളര്‍ത്തിയ, കേരളത്തിലങ്ങോളമിങ്ങോളമുള്ള ഗ്രാമീണ ഗ്രന്ഥശാലകളെ കാന്‍ഫെഡിന്‍റെ പ്രാദേശിക ഘടകങ്ങളാക്കി മാറ്റി സാക്ഷരതാ രംഗത്ത് തുടര്‍ന്നു അദ്ദേഹം. ഈ സംഘടനയാണ് പിന്നീട് കേരള സ്റ്റേറ്റ് ലിറ്ററസി മിഷ്യന്‍റെ രൂപീകരണത്തിന് ചാലക ശക്തിയായി മാറിയതും, ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതില്‍ നിര്‍ണ്ണായക ഘടകമായതും.

അദ്ദേഹത്തിന്‍റെ ബഹുമാനാര്‍ത്ഥം കേന്ദ്ര തപാല്‍ വകുപ്പ് 2004 ജൂണ്‍ 21-ന് പി.എന്‍ പണിക്കര്‍ സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി.

1977-ല്‍ പിരിച്ചുവിടപ്പെട്ട ഗ്രന്ഥശാലാ സംഘം പിന്നീട് സര്‍ക്കാര്‍ നിയോഗിച്ച ഒരു കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ കീഴിലായി. ഒരു താല്കാലിക സംവിധാനമായി തുടങ്ങിയ കണ്‍ട്രോള്‍ ബോര്‍ഡ് ഭരണം, 1994 വരെ തുടരേണ്ടി വന്നു.

1989-ല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരളാ പബ്ലിക് ലൈബ്രറീസ് ആക്ട് ഉണ്ടായത്. ഇതിന്‍റെ ചട്ടങ്ങള്‍ രൂപപ്പെടാന്‍ വീണ്ടും രണ്ടു വര്‍ഷങ്ങള്‍ കൂടി വേണ്ടിവന്നു. 1994-ല്‍ മാത്രമാണ് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വന്നത്.

പി.എന്‍ പണിക്കര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് 26 വര്‍ഷം പൂര്‍ത്തിയായി. ഒന്നാം ചരമവര്‍ഷത്തില്‍ത്തന്നെ അദ്ദേഹത്തിന്‍റെ ചരമദിനം വായനാദിനമായി ആചരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ചക്കാലം കേരളാ വിദ്യാഭ്യാസ വകുപ്പ് വായനാവാരമായും ആചരിക്കുന്നു. ജൂണ്‍ 19 കേന്ദ്ര ഗവണ്‍മെന്‍റ് ദേശീയവായനാദിനമായി ആചരിക്കുന്നു.

2016 മുതല്‍ വായനാവാരാചരണം കുറേക്കൂടി നീട്ടി 19 ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്ന വായനപക്ഷാചരണമായി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ആചരിച്ചുവരുന്നു. ജൂണ്‍ 19-ന് പി. എന്‍. പണിക്കരുടെ ചരമദിനം മുതല്‍ ജൂലൈ 7-ന് ഐ. വി. ദാസിന്‍റെ ജന്മദിനം വരെയാണ് പക്ഷാചരണം.

ആരായിരുന്നു ഐ. വി. ദാസ് ? അദ്ദേഹം ഒരു മാധ്യമ പ്രവര്‍ത്തകനും, ദേശാഭിമാനിയുടെ എഡിറ്ററുമായിരുന്നു. കേരളഗ്രന്ഥശാലാ സംഘം കണ്‍ട്രോള്‍ ബോര്‍ഡ് അംഗമായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമിതി അംഗവും കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയുമായിരുന്നു.

അദ്ദേഹം 12 പുസ്തകങ്ങള്‍ രചിക്കുകയും 200-ല്‍ അധികം പുസ്തകങ്ങള്‍ എഡിറ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. ഈസ്റ്റ് മൊകേരി യു. പി. സ്ക്കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ദീര്‍ഘകാലം കമ്മ്യൂണിസ്റ്റു പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു. ഒരു സ്വതന്ത്ര എഴുത്തുകാരന്‍ എന്ന നിലയില്‍ കാലാതിവര്‍ത്തിയായ സംഭാവനകളൊന്നും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നാല്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടും ജീവചരിത്രപരമായും നിരവധിഗ്രന്ഥങ്ങള്‍ എഡിറ്റു ചെയ്തു പുറത്തിറക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

ദേശാഭിമാനി പത്രത്തില്‍ അദ്ദേഹം കൈകാര്യം ചെയ്ത "പ്രതികരണങ്ങള്‍" എന്ന പക്തിയിലെ ഗ്രാമ്യപ്രയോഗങ്ങളും നിശിത വിമര്‍ശനങ്ങളും പലപ്പോഴും എതിര്‍പ്പും ക്ഷണിച്ചുവരുത്തി.

അദ്ദേഹത്തിന്‍റെ ഓര്‍മ്മ ആചരിക്കപ്പെടേണ്ടതുതന്നെയാണ്. സ്വതന്ത്ര രചനകള്‍ക്കപ്പുറം, ഗ്രന്ഥങ്ങള്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുന്നതില്‍ വലിയ സംഭാവനകള്‍തന്നെ അദ്ദേഹം നല്‍കിയിട്ടുണ്ട്.

സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിച്ച ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം പ്രശസ്തനായിരുന്നോ എന്ന കാര്യം ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതാണ്. 200-ഓളം പുസ്തകങ്ങള്‍ എഡിറ്റു ചെയ്തത് ഒരു വലിയ കാര്യം തന്നെ. എന്നാല്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായിരിക്കുന്നതും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ആയിരിക്കുന്നതും സാംസ്കാരിക പ്രവര്‍ത്തമായി ഗണിക്കാന്‍ കഴിയില്ലല്ലോ.

പുരോഗമന കലാ സാഹിത്യ സംഘം ഒരു പാര്‍ട്ടി പോഷക സംഘടനയുമാണ്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കണ്‍ട്രോള്‍ കമ്മറ്റി അംഗം എന്ന നിലയിലുള്ള സേവനം സര്‍ക്കാര്‍ നല്‍കിയതുമാണ്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ സെക്രട്ടറിയായി 11 വര്‍ഷം സേവനമനുഷ്ഠിച്ചതുമാത്രമാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവന. (ഇതേ കാലഘട്ടത്തില്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കടമ്മനിട്ട രാമകൃഷ്ണനായിരുന്നു എന്ന കാര്യവും വിസ്മരിക്കാതിരിക്കുക).

ഇവിടെയാണ് ചരിത്രത്തിന്‍റെ അപനിര്‍മ്മിതിക്കുള്ള ശ്രമങ്ങള്‍ സംശയിക്കപ്പെടുന്നത്.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നല്‍കുന്ന വിവിധ പുരസ്കാരങ്ങളുണ്ട്. സാഹിത്യപുരസ്കാരം മുതല്‍ നങ്ങേലി പുരസ്കാരം വരെ അതു നീണ്ടു കിടക്കുന്നു.

32 വര്‍ഷക്കാലം കേരളത്തില്‍ അങ്ങോളമിങ്ങോളം ബസ്സിലും തീവണ്ടിയിലും സഞ്ചരിച്ച് 4300 ഗ്രാമീണ ഗ്രന്ഥശാലകള്‍ കെട്ടിപ്പടുത്ത് "ഗ്രന്ഥശാല"എന്ന ഒരേ ഒരു വികാരം മാത്രം ശ്വസിച്ച് ജീവിച്ചു മരിച്ച പി.എന്‍ പണിക്കര്‍പുരസ്കാരത്തിനു നല്‍കുന്നത് 25,000/- രൂപയാണ്. രണ്ടു തവണ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായിരുന്ന ഐ. വി. ദാസ് പുരസ്കാരം 50,000/- രൂപയും.

ഒരു പ്രസ്ഥാനത്തിന്‍റെ സാംഗത്യം, അല്ലെങ്കില്‍ പ്രധാന്യം കുറച്ചു കാണിക്കണമെങ്കില്‍ എന്തു ചെയ്താല്‍ മതിയാകും? അതുമാത്രമല്ല അതേപോലുള്ള മറ്റു പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു, അവയില്‍ ഒന്നു മാത്രമാണ് ഈ പ്രസ്ഥാനം എന്നു സ്ഥാപിച്ചാല്‍ മതി. നമുക്ക് ഒരു വ്യക്തിയെ കുറച്ചു കാണിക്കണമെങ്കിലും ഇതുതന്നെ ചെയ്താല്‍ മതി. അയാളൊരാള്‍ മാത്രമല്ല, നിരവധി വ്യക്തികളില്‍ ഒരാള്‍ മാത്രമാണയാള്‍ എന്നു സ്ഥാപിച്ചെടുത്താല്‍ മാത്രം മതി. 1

926-ല്‍ നെയ്യാറ്റിന്‍കരയില്‍ ഗ്രന്ഥശാലകളുടെ സമ്മേളനം, 1929-ല്‍ തിരുവനന്തപുരത്ത്, പിന്നെ തൃശ്ശൂരില്‍, മലബാറില്‍ എന്നൊക്കെ എഴുതി വച്ചാല്‍ 1945-ലെ അമ്പലപ്പുഴ സമ്മേളനത്തിന്‍റെ പ്രാധാന്യം സ്വാഭാവികമായും കുറയുമല്ലോ. എന്നാല്‍ ഇന്നത്തെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ പ്രാഗ് രൂപം 1945-ലെ അമ്പലപ്പുഴ സമ്മേളനം തന്നെയായിരുന്നു എന്നതാണ് വസ്തുത. മറ്റുള്ളതൊക്കെ ഒറ്റപ്പെട്ട നീക്കങ്ങളായിരുന്നു.

അതുപോലെതന്നെ "1994 ഏപ്രില്‍ 24-ന് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നൂ, സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളില്‍ ജനാധിപത്യഭരണസംവിധാനമായി, തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയായി ഗ്രന്ഥശാലാ പ്രസ്ഥാനം ജനാധിപത്യ സ്വഭാവം വീണ്ടടുത്തു" എന്നൊക്കെ വായിക്കുമ്പോള്‍ അതിനു മുമ്പ് ഏതോ സ്വേച്ഛാധിപതികളാണ് ഗ്രന്ഥശാലാസംഘം ഭരിച്ചിരുന്നത് എന്നാണ് തോന്നുക. 1977-ല്‍ പി. എന്‍. പണിക്കരെ പടിയിറക്കുന്നതുവരെ രാഷ്ട്രീയത്തിനും മതത്തിനും സമുദായത്തിനും അതീതമായി ഒരു പ്രദേശത്തെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഭരണസമിതികളാണ് ഓരോ ഗ്രന്ഥശാലയും ഭരിച്ചിരുന്നത്.

എന്നാല്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നതോടെ ഗ്രന്ഥശാലകളില്‍ രാഷ്ട്രീയം കടന്നുകയറി. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കയ്യില്‍ ഒരു ഗ്രന്ഥശാലയുടേയോ താലൂക്ക് കൗണ്‍സിലിന്‍റെയോ ജില്ലാ കൗണ്‍സിലിന്‍റെയോ ഭരണം ഒരിക്കല്‍ വന്നുപെട്ടാല്‍ മറ്റൊരു കക്ഷിയുടേയും കയ്യില്‍ ഭരണം പോകാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും അധികാരം ഉപയോഗിച്ച് ഭരണം പിടിച്ചെടുക്കാനും കഴിയും.

ഇത്തരത്തിലൊരു ശ്രമമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ അരങ്ങേറിയത് പ്രവര്‍ത്തനം നിലച്ചുപോയ പതിനഞ്ചോളം ഗ്രന്ഥശാലകള്‍ക്ക് വോട്ടവകാശം നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജില്ലാ കമ്മറ്റി ശ്രമിച്ചു. കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒരു ലൈബ്രറിയുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് താലൂക്ക് കൗണ്‍സില്‍ ആണെന്നിരിക്കെ, താലൂക്ക് കൗണ്‍സിലിന്‍റെ ആ അധികാരത്തെ മറികടന്നാണ് വോട്ടേഴ്സ് ലിസ്റ്റില്‍ അട്ടിമറി നടന്നത്.

എന്തിനാണ് ഗ്രന്ഥശാലകളുടേയും,കൗണ്‍സിലുകളുടേയും ഭരണം ഇങ്ങനെ പിടിച്ചെടുക്കുന്നത് ? ഒന്ന്, ഗ്രാമഗ്രാമാന്തരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അതിന്‍റെ പ്രവര്‍ത്തന ശ്യംഖലയുടെ രാഷ്ട്രീയ പ്രാധാന്യം. രണ്ട്, ഇവ പിടിച്ചെടുക്കുന്നതിലൂടെയുള്ള സാമ്പത്തിക നേട്ടം.

സംസ്ഥാന വികസന പദ്ധതി, ജില്ലാ വികസന പദ്ധതി എന്നീ പേരുകളില്‍ കൗണ്‍സില്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന തുക അംഗലൈബ്രറികളുടെ അടിസ്ഥാന വികസനത്തിന് ഉപയോഗിക്കാതെ കലാമേളകള്‍, സെമിനാറുകള്‍, ക്യാമ്പുകള്‍, വര്‍ക്ഷോപ്പുകള്‍ തുടങ്ങിയ പേരുകളില്‍ മാമാങ്കങ്ങള്‍ നടത്തി സി. പി. എമ്മിന്‍റെയും പോഷക സംഘടനകളുടേയും പ്രവര്‍ത്തകരുടെ പോക്കറ്റു നിറയ്ക്കുന്ന പരിപാടിയാണ് കുറേക്കാലമായി അരങ്ങേറുന്നത്.

യുവ എഴുത്തുകാരുടെ ക്യാമ്പ് എന്നൊക്കെപ്പറഞ്ഞ് നടത്തുന്ന പരിപാടികളില്‍ രാഷ്ട്രീയ ചായ്‌വ് നോക്കിയാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. പുസ്തക ഗ്രാന്‍റ് ലഭിച്ചുകഴിയുമ്പോള്‍ ഓരോ ലൈബ്രറിയും അവയ്ക്കിഷ്ടമുള്ള പ്രസാധകരില്‍ നിന്നും പുസ്തകം വാങ്ങുന്ന പതിവായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. ഗ്രന്ഥശാലകള്‍ക്ക് കൂടുതല്‍ പ്രസാധകരില്‍ എത്താനും, പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് കൂടുതല്‍ വിശാലമാക്കാനും എന്ന പേരില്‍ ജില്ലാ കൗണ്‍സിലുകള്‍ പുസ്തകമേളകള്‍ ആരംഭിച്ചു.

മേളയുടെ വരവു- ചെലവു കണക്കുകള്‍ ഓഡിറ്റിനു വിധേയമാക്കേണ്ടതാണ് എന്ന ഉത്തരവുണ്ടായപ്പോള്‍, ഓഡിറ്റില്‍ നിന്നു രക്ഷപ്പെടാന്‍ സംഘാടക സമിതി രൂപീകരിച്ച് മേള അവരുടെ കീഴിലാക്കി. മേള നടത്തിപ്പ് ജില്ല കൗണ്‍സിലുകള്‍ക്കു പുറത്തായപ്പോള്‍ ആര്‍ക്കും കണക്കു ചോദിക്കാന്‍ വയ്യാത്ത അവസ്ഥയിലുമായി.

പുസ്തകമേളകളില്‍ സ്വന്തം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തുന്ന പ്രസിദ്ധീകരണ ശാലകളുടേയോ, തങ്ങളോട് ആഭിമുഖ്യം കാണിക്കുന്ന പ്രസാധകരുടെയോ മാത്രം പുസ്തകങ്ങള്‍ വാങ്ങണമെന്ന് ഗ്രന്ഥശാലകള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

നിലവിലുള്ള ഗ്രന്ഥശാലകളുടെ ഭരണം പിടിച്ചെടുക്കുവാനും തങ്ങളുടെ പാര്‍ട്ടിക്ക് മേല്‍ക്കൈ ഇല്ലാത്ത ലൈബ്രറികള്‍ക്ക് അഫിലിയേഷന്‍ കൊടുക്കാതിരിക്കാനും ഗ്രാന്‍റ് നല്‍കാതിരിക്കാനും അധികാരമുപയോഗിച്ച് കഴിയും. പ്രാദേശിക ഗ്രന്ഥശാലകളുടെ തെരഞ്ഞെടുപ്പ് വരുമ്പോള്‍, ഭരണം പിടിച്ചെടുക്കാനായി പാര്‍ട്ടിയുടെ പ്രാദേശികഘടകങ്ങള്‍ ഭീഷണിയും ബലപ്രയോഗവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.

അങ്ങനെ അധികാരം പിടിച്ചെടുത്തതിലൂടെയാണ് കഴിഞ്ഞ 25 വര്‍ഷക്കാലമായി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്‍റെയും ജില്ലാ കൗണ്‍സിലുകളുടേയും താലൂക്ക് കൗണ്‍സിലുകളുടേയും ഭരണം സി. പി. എം. കയ്യാളിയിരിക്കുന്നത്.

ഓരോ കൗണ്‍സിലിലും ആരൊക്കെ ഉണ്ടാവണമെന്നും ആരൊക്കെ ഭാരവാഹികള്‍ ആവണമെന്നും തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. സി. പി. എംന്‍റെ മലബാര്‍ ലോബിയുടെ കയ്യിലാണ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍. കേരളാ ശാസ്ത്ര-സാഹിത്യ പരിക്ഷത്തുപോലെ, പുരോഗമന കലാ സാഹിത്യ സംഘം പോലെ പാര്‍ട്ടിയുടെ ഒരു പോഷക സംഘടനയായി ഈ മഹത് പ്രസ്ഥാനത്തെയും മാറ്റിയിരിക്കുന്നു.

പി. എന്‍. പണിക്കര്‍ എന്ന, ലോക ചരിത്രത്തില്‍ത്തന്നെ സാക്ഷരതാ രംഗത്ത്, അനൗപചാരിക വിദ്യാഭ്യാസ രംഗത്ത്, ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തില്‍, സമാനതകളില്ലാത്ത ഒരു മഹാമേരു ആരംഭിച്ച് വളര്‍ത്തിയെടുത്ത ഈ പ്രസ്ഥാനം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ചുറ്റുവട്ടങ്ങള്‍ക്കകത്തു കിടന്നു കറങ്ങുമ്പോള്‍ പി. എന്‍. പണിക്കരുടെ ആത്മാവ് സ്വന്തം ശവക്കല്ലറയില്‍ പുറംതിരിഞ്ഞു കിടക്കുകയാവും

(വനരോദനം: ലൈബ്രറി കൗണ്‍സില്‍ മാത്രമല്ല, കക്ഷി രാഷ്ട്രീയാതീതമായിരിക്കണമെന്നുനാം കരുതുന്ന എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കലിനു വിധേയമായിക്കൊണ്ടിരിക്കുന്നു. ചലച്ചിത്ര അക്കാദമി, സാഹിത്യ അക്കാദമി,സംഗീതനാടക അക്കാദമി ഒക്കെ ഉദാഹരണങ്ങളാണ്)

-ടി.എസ് ബേബി കട്ടപ്പന

(ഇടുക്കി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ടും ഇടുക്കി ഡിസിസി ജനറല്‍സെക്രട്ടറിയുമാണ് ലേഖകന്‍)

voices
Advertisment