അന്താരാഷ്ട്ര നിലവാരവും സൗകര്യങ്ങളുമുൾക്കൊള്ളുന്ന കേന്ദ്രസർക്കാർ അധീനതയിലുള്ള AIMS ഹോസ്‌പിറ്റൽ കേരളത്തിൽ വരുന്നതിനുള്ള തടസ്സമെന്താണ് ?
മറ്റു സംസ്ഥാനങ്ങൾ ആവശ്യപ്പെടാതെത്തന്നെ അവർക്ക് എയിംസ് അനുവദിക്കുന്നു..? ഉദാഹരണം തമിഴ് നാട് , ചത്തീസ് ഗഡ്, ഒഡിഷ.
കേരളത്തിൽ കുറേ വർഷങ്ങളായി എയിംസിനുവേണ്ടിയുള്ള മുറവിളി നടക്കുകയാണ്.. സ്ഥലമേറ്റെടുത്തു നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടും നാളുകളേറെയായി..
കൊച്ചി,കോഴിക്കോട്, കാസർഗോഡ് എന്നിവിടങ്ങളിൽ എയിംസ് വേണമെന്നായിരുന്നു വിവിധ സംഘട നകളുടെ ആവശ്യം. ആവശ്യങ്ങളും വിവാദങ്ങളും മൂലം അനന്തമായി ഇത് നീളുകയാണ്. അതോ മനപ്പൂർവ്വം ഇത് നീട്ടിവയ്ക്കുകയാണോ ?
ഇപ്പോൾ കോഴിക്കോട് സ്ഥാപിക്കണമെന്ന അപേക്ഷ ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി കേന്ദ്രത്തിനു സമർപ്പിച്ചു എന്ന് പറയപ്പെടുന്നു.
ഇത് നീതിയാണോ ? ഒരിക്കലുമല്ല.
എയിംസ് കേരളത്തിന്റെ മദ്ധ്യഭാഗമായ കൊച്ചിയിലാണ് സ്ഥാപിക്കേണ്ടത്. കൊച്ചിയിൽ FACT യിൽ ഉൾപ്പെടെ സ്ഥലവും ലഭ്യമാണ്.
തിരുവനന്തപുരത്തുനിന്നും ,കണ്ണൂർ - കാസർഗോഡ് നിന്നും വന്ദേഭാരത് മുതലായ ട്രെയിൻ വഴിയും വേഗത്തി ൽ കൊച്ചിയിലെത്താവുന്നതാണ്. മൂന്നോ നാലോ മണിക്കൂർ മാത്രമേ യാത്രക്ക് വേണ്ടിവരുകയുള്ളു . കേരളത്തിൽ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ഉള്ളവർക്ക് എയിംസ് കൊച്ചിയിൽ വരുന്നതാകും കൂടുതൽ സൗകര്യപ്രദം.
കൊച്ചിയിൽ സ്വകാര്യമേഖലയിൽ വലിയ സൂപ്പർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുള്ളതിനാലാണോ എയിംസ് കൊച്ചിയിൽ സ്ഥാപിക്കാത്തതെന്ന സംശയം ആർക്കെങ്കിലും ഉണ്ടായാൽ അത് സ്വാഭാവികം മാത്രം.
നമ്മുടെ നേതാക്കളും സമ്പന്നരും പലപ്പോഴും ചികിത്സയ്ക്ക് ആശ്രയിക്കുന്നത് ചെന്നൈയിലെ അപ്പോളോ ആശുപത്രി ആണ്. മികച്ച ചികിത്സാ സൗകര്യങ്ങൾ അവിടെയുണ്ട്. മധുരയിലുമുണ്ട് അപ്പോളോ ആശുപത്രി. അപ്പോളോ ഹോസ്‌പിറ്റൽ ഡെൽഹിയുൾപ്പെടെ ഇന്ത്യയിലെ പല നഗരങ്ങളിലും നിലവിലുണ്ട്.
എന്തുകൊണ്ട് അപ്പോളോ ആശുപത്രി കേരളത്തിലില്ല ? ഉന്നത ചികിത്സാരംഗത്ത് കൂടുതൽ മികച്ച സേവന മൊരുക്കാൻ അപ്പോളോ, Fortis മുതലായ ആശുപത്രികളെ കേരളത്തിലേക്ക് എന്തുകൊണ്ട് ക്ഷണിക്കുന്നില്ല ? ആരോഗ്യപരമായ മത്സരം ആരോഗ്യരംഗത്തും ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും ചികി ത്സയും ലഭിക്കുകയില്ലേ ?
ഇന്ത്യയിലെ മികവുറ്റ 10 ആശുപത്രികളിൽ കേരളത്തിൽ നിന്ന് ഒന്നുപോലുമില്ല എന്നതും നാമറിയണം. ഫോർട്ടിസ്, അപ്പോളോ ( ഡൽഹി - ചെന്നൈ ) എന്നിവ ആ ലിസ്റ്റിലുണ്ട്.
കേരളത്തിൽ രോഗങ്ങളുടെയും രോഗികളുടെയും ബാഹുല്യം കണക്കിലെടുത്ത് എല്ലാ ജില്ലയിലും ഓരോ സർക്കാർ മെഡിക്കൽ കോളേജ് എന്ന ലക്ഷ്യം പൂർത്തീകരിക്കേണ്ടതുണ്ട്. ദിവസവും രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്.
നമ്മുടെ സ്വാകാര്യ - സർക്കാർ ആശുപത്രികളിലെ ദിവസേനയുള്ള അഭൂതപൂർവ്വമായ തിരക്ക് കാണുമ്പോൾ കൂടുതൽ ആശുപത്രികളും സൗകര്യങ്ങളും ഉണ്ടാകേണ്ടത് അനിവാര്യമാണ് എന്നുതന്നെ പറയാം. അതു പോലെ അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക ആശുപത്രികളും കേരളത്തിൽ വരേണ്ടതാണ്.