കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കല്ലേ ?”

സത്യം ഡെസ്ക്
Monday, June 15, 2020

ഞാനടക്കമുള്ള എല്ലാവരും ഇങ്ങനെ തന്നെ ആണെന്ന് ഒരു ദിവസം കൊണ്ട് മനസ്സിലായ കാഴ്ചകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം . സെലിബ്രിറ്റികൾ , സാഹിത്യകാരന്മാർ , പ്രമുഖ രാഷ്ട്രീയ നേതാക്കൾ കൂടാതെ എത്രപേരാണ് ആ കർഷകനെന്ന മനുഷ്യന് നേരെ തിരിഞ്ഞത് . …

കേരളത്തിൽ ഉണ്ടായ കുതിച്ചുചാട്ടങ്ങളിൽ വലിയൊരു പങ്ക് കുടിയേറ്റ കർഷക മേഖലയിലാണെന്ന് നോക്കിയാൽ മനസിലാക്കാം . കുടിയേറിയവരെല്ലാം ആകാശത്തേക്ക് നോക്കിയിരുന്ന് സ്വപനം കണ്ടുറങ്ങിയവരായിരുന്നില്ല . പല ത്യാഗങ്ങൾ സഹിച്ച് ജീവിതം കാട്ടാനകൾക്കും , കാട്ടു പന്നികൾക്കും , വിഷപാമ്പുകൾക്കും മുന്നിൽ ഹോമിച്ചവരാണ് .

ഒരു നേരത്തെ വിശപ്പടക്കാൻ ഒരു തലമുറയെ നിലനിർത്താൻ പത്തായത്തിൽ നെല്ല് സംഭരണം ഇല്ലാതിരുന്ന സാധാരണ കുടിയേറ്റക്കാർ കേരളത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നതിന്റെ പുറകിൽ കരൾ അലിയിക്കുന്ന കഥകൾ ഉണ്ട് .

കുടിയേറ്റങ്ങൾ എങ്ങനെ നടന്നത് , അല്ലെങ്കിൽ കാടുകൾ നാടുകൾ ആയത് എല്ലാം നമ്മുടെ മുന്നിലൂടെ നടന്നുപോയി കൊണ്ടിരിക്കുന്ന പല സംവിധാനങ്ങളുടെ പോരായ്മയായാണെന്നകൂടിയിരിക്കെ ജീവിക്കാൻ ചിലർ തിരെഞ്ഞെടുത്ത വഴികളിൽ പ്രാധാന്യമുള്ള ഒന്നായിരുന്നു കാട്ടിലേക്കുള്ള പലായനം .
സവർണ്ണ മേധാവിത്യസിംഹാസനങ്ങളിൽ അമർന്നിരുന്നവർ അയിത്തവും ഭ്രഷ്‌ടും കല്പിച്ച് തങ്ങളുടെ ഇരിപ്പിടങ്ങളിലുള്ള തിന്മകളിലേക്ക് വിരൽചൂണ്ടിയവരെ ഇല്ലായ്മ ചെയ്തപ്പോൾ നാട്ടിൽ ജീവിതം അസഹ്യമായപ്പോൾ പലരും കാട്ടിലേക്ക് പലായനം ചെയ്തതാണെന്ന് ചരിത്രങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും …..

കാടിനെ കൃഷിയിടങ്ങളാക്കാൻ കുടിയേറ്റക്കാർ ശ്രമിച്ച ശ്രമങ്ങൾ ഒന്നും ചെറുതല്ല . കേറിക്കിടക്കാൻ പലർക്കും പനയോലകളിൽ തീർത്ത മാടങ്ങളായിരുന്നു . ആന , കാട്ടു പന്നി ,വിഷപാമ്പുകൾ ഇവയിൽ നിന്നെല്ലാം ഇവരെ രക്ഷിച്ചത് അവരുടേതായ മനകരുത്തുമാത്രമായിരുന്നു.

ആനകളെ പാട്ടകൊട്ടിയും തീ കത്തിച്ചും ഓടിച്ചും , പന്നികളെ പടക്കം പൊട്ടിച്ചും പറമ്പിന്റെ അതിരുകളിൽ പഴങ്ങളിൽ, ഉണക്കമീനിൽ പടക്കം വെച്ച് കെട്ടി തൂക്കിയും സ്വയം സംരക്ഷിത വേലിക്കെട്ടുകൾ തീർത്ത് രാത്രികളിൽ ഒരുപോള കണ്ണടയ്ക്കാതെ ജീവിച്ചു പടവെട്ടി മുന്നോട്ട് വന്ന് പൊന്ന് വിളയിച്ച കർഷകൻ എന്ന് പേരെടുത്തത് എഴുതിത്തള്ളേണ്ടതല്ല .കേരളത്തിലെ പ്രബുദ്ധരായവർ ഇന്ന് കഴിക്കുന്ന പല ഭക്ഷ്യ ഉത്പന്നങ്ങളുടെയും ഉറവിടം അവിടുന്നാണെന്ന് മറക്കരുത് .

ഇത്രയും പറഞ്ഞത് , ഇക്കഴിഞ്ഞ ദിവസം ആനയെ പടക്കം കൊടുത്ത് കൊന്നെന്ന് പറഞ് ആ കർഷകന്റെ നേർക്ക് ഞാനടക്കമുള്ളവരെല്ലാം കുതിരകയറിയപ്പോൾ നമ്മൾ മറന്നു പോയ ചിലതുകൾ ഓർമ്മിപ്പിച്ചതാണ് .
പലപ്പോഴും സത്യങ്ങളുടെ പുറകെയല്ല നമ്മൾ സഞ്ചരിക്കുന്നത് എന്നത് എത്ര ശരിയാണ് .
പൈനാപ്പിൾ പഴത്തിന്റെ ഉള്ളിൽ പടക്കം വെച്ചത് കാട്ടുപന്നിക്കാണെന്ന് അറിയുന്നവർ വളരെക്കുറച്ച് പേരാണ് എന്ന് മാത്രം .

കാട്ടുപന്നികൾ കൂട്ടമായി വന്ന് കപ്പ ,വാഴ, പൈനാപ്പിൾ കൂടാതെ എല്ലാ വിളകളെയും മുച്ചൂട് മുടിപ്പിക്കുമ്പോൾ ഒരു വർഷത്തെ കർഷകന്റെ അധ്വാനം പാഴാകുന്ന കാഴച ഹൃദയഭേദകം തന്നെ .
അല്ലാതെ ആനയെ പടക്കം വെച്ച് കൊല്ലാൻ ശ്രമിച്ച കർഷകനല്ല ആ മനുഷ്യൻ . ഇനിയും മലയാളികളുടെ ചുമ്മാ വിമർശിക്കുന്ന സ്വഭാവം അവസാനിപ്പിച്ചാൽ നാട് നന്നാകും ഒപ്പം നന്മയും ഉണ്ടാകും എന്ന് കരുതുന്നു . അതുകൊണ്ട് കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കാൻ മുതിരാതെ മുന്നോട്ട് പോകാം ……..

×