ഇന്ത്യൻ രാഷ്ട്രീയം കിടപ്പുമുറിയിലെ ട്യൂണായി മാറിക്കൊണ്ടിരിക്കുകയാണ്; ജനാധിപത്യത്തിന്റെ മൂർച്ച തിരിച്ചറിയാത്ത ഭക്തി തലയ്ക്കു മത്തു പിടിപ്പിച്ച ഒരു സംഹിതയിൽ ചിലർക്കു കൈയൂക്കും നെഞ്ചൂക്കും ഉണ്ടാകുമ്പോൾ എല്ലാം സഹിക്കാൻ തയ്യാറാകുക എന്നതാണ് വിധി!

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

( കുവൈറ്റിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവും എഴുത്തുകാരനും നാടക രചയിതാവും സംവിധായകനുമായ കലാശ്രീ അഷ്‌റഫ് കാളത്തോട് എഴുതുന്നു )

Advertisment

publive-image

സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് ഇന്ത്യയില്‍ സ്ത്രീകളുടെ അവസ്ഥ പരിതാപകരമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യന്‍ സ്ത്രീയുടെ ജീവിതത്തിൽ ഒട്ടേറെ പുരോഗതികള്‍ വന്നിട്ടുണ്ട്.
ചരിത്രത്തിൽ ഭരണകൂടങ്ങളെ വിറപ്പിച്ചിട്ടുള്ളതിലും വീഴ്ത്തിയിട്ടുള്ളതിലും ചാരപ്രവർത്തിയിലും സ്ത്രീകളാണ് മുന്നിലുള്ളത്. അതിൻ്റെ തുടർച്ചകളായി മാറുകയാണോ സരിതയും സ്വപ്നയും എന്ന് തോന്നിപ്പോകുന്ന വിധം കേരള രാഷ്ട്രീയം മാറിപ്പോകുകയാണ്.

സ്‌നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ട് ജാന്‍സി റാണിയെപ്പോലെ നയിച്ച ഷൈലജ ടീച്ചർ അടങ്ങുന്ന നല്ല മന്ത്രിസഭ എന്ന് പേരുകേട്ട കേരള മന്ത്രിസഭ അസ്വസ്ഥതകളിൽ മുങ്ങിയിരിക്കുന്നോ? രഹസ്യങ്ങളുടെ കലവറയായി മാറുകയാണോ ഭരണ സിരാകേന്ദ്രമെന്നു സംശയിപ്പിക്കുന്ന വിധമാണ് കാര്യങ്ങളുടെ പോക്ക് .

രഹസ്യവിവരങ്ങള്‍ കൈമറിഞ്ഞുപോയതിനാല്‍ യുദ്ധത്തിന്‍റെ ഗതിതന്നെ മാറിമറിഞ്ഞ സംഭവങ്ങളുണ്ട്. യുദ്ധകാലത്ത് ശത്രുവിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ സ്ത്രീത്വവും വശ്യതയും തന്ത്രങ്ങളും ഉപയോഗിച്ച് ചോര്‍ത്തിയെടുത്തിരുന്ന ചാരവനിതകളുടെ ഗണത്തിൽ സരിതയും സ്വപ്നയും ഇടം നേടിയിരിക്കുന്നു. ശേഷം ഇനി ആര് എന്ന് ആയിരിക്കും ഭാവിയിലെ ചോദ്യങ്ങൾ ഉണ്ടാകുക.

സരിത വിഷയം കത്തിച്ച് അധികാരത്തിൽ വന്ന ഇടതു പക്ഷത്തിൻ്റെ ഭരണകാലത്തെ വീഴ്ചകൾ വേണ്ടവിധം കത്തിച്ചു കാട്ടുതീയാക്കി മാറ്റുവാൻ കെൽപ്പില്ലാത്ത ചീറ്റിപ്പോയ വാണത്തിന്റെ അവസ്ഥയിലാണ് ഇപ്പോഴത്തെ പ്രതിപക്ഷം.

അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കളേയും യുവതികളേയും പുറംവാതില്‍ നിയമനത്തിലൂടെ സര്‍ക്കാരും സി.പി.എമ്മും വഞ്ചിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് പറയുന്നു. വിവിധ കണ്‍സള്‍ട്ടന്‍സികള്‍ വഴി സകല മാനദണ്ഡങ്ങളും ലംഘിച്ച് ഉയര്‍ന്ന തസ്തികളില്‍ നൂറുകണക്കിന് നിയമനങ്ങള്‍ മധ്യപ്രദേശിലെ വ്യാപം അഴിമതിയെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് നടത്തുന്നതെന്ന് മുല്ലപ്പള്ളി ആരോപിക്കുന്നതൊഴിച്ചൽ അതിനെ എരിത്തീയിലെ എണ്ണയാക്കി മാറ്റുവാൻ അഖിലേന്ത്യ അടിസ്ഥാനത്തിൽ പൂട പോയ കോൺഗ്രസ്സിന് കഴിയാതെ പോകുന്നു.

പൊട്ടിത്തെറിയുടെ വക്കില്‍ നിൽക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ തങ്ങളുടെ പിറകിൽ നിർത്തി മുല്ലപ്പള്ളിയ്ക്ക് അദ്ദേഹത്തിൻറെ ഭാഷയിൽ ഇത്തരമൊരു മര്യാദകേടും താന്തോന്നിത്തവും നടത്തുന്ന സര്‍ക്കാരിനെതിരെ പോരാടാൻ എന്തുകൊണ്ട് കഴിയുന്നില്ല?

ഭരണഘടന സാമൂഹ്യനീതിക്കുവേണ്ടി വിഭാവനം ചെയ്ത സംവരണതത്വം അട്ടിമറിക്കുന്നത് ക്രിമിനല്‍ കുറ്റമാണെങ്കിൽ കോടതികൾ അതേറ്റെടുത്തു അതിനെതിരെ നിയമനടപടി നടത്തുവാൻ രമേശ് ചെന്നിത്തലയ്ക്കും കഴിയാതെപ്പോകുന്നത് കഷ്ടമാണ്.

പിഎസ്‌സിയേയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്ന പിണറായി സര്‍ക്കാർ ഭരണഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ്
നേതൃത്വം നല്‍കുന്നതെന്നു രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനു കാത്തിരിയ്ക്കണം ഇത്രയും നല്ല ഒരു അവസരം ഇനി ഒരിക്കലും ഈ സർക്കാരിനെ താഴെയിറക്കാൻ കിട്ടില്ലെന്ന്‌ മനസ്സിലാക്കി പ്രവർത്തിക്കാൻ എന്ത് കൊണ്ട് കോൺഗ്രസ്സ് നേതൃത്വത്തിന് കഴിയുന്നില്ല?

രാജാവ് ചാരചക്ഷുസ് ആയിരിക്കണമെന്ന വാക്യം ഇവിടെ ശ്രദ്ധേയമാണ്. ഒരു രാജ്യത്തിന്റെ തന്ത്ര പ്രധാനമായ ഘടകമാണ് ചാരപ്രവൃത്തിയും, കള്ളക്കടത്തും. എൺപതുകളിൽ ദില്ലിയിൽ ഒരു വലിയ ചാരസംഘത്തെ നയിച്ചിരുന്ന വളരെ സമർത്ഥനായ ഒരു ബിസിനസ്സ് പ്രമാണിയായിരുന്നു കൂമർ നാരായണൻ. 1979 -ൽ കൂമറും ഫ്രഞ്ച് എംബസിയുടെ അറ്റാഷെ ആയിരുന്ന എം. മോർവനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ചാരവൃത്തിയുടെ തുടക്കം.

ബിസിനസ് തുടർന്നുപോകണമെന്ന് കമ്പനിക്കുണ്ടെങ്കിൽ തനിക്ക് ഇന്ത്യയുടെ വ്യാവസായിക ലൈസൻസിങ്, വിദേശസഹകരണം, വിദേശ നിക്ഷേപം, പ്രതിരോധ പദ്ധതികൾ, സാമ്പത്തിക പ്ലാനിങ് എന്നിവ സംബന്ധിച്ച തരം തിരിച്ച വിവരങ്ങൾ തരണം എന്നായിരുന്നു മോർഗന്റെ ആവശ്യം. കൊമേഴ്‌സ്, ഷിപ്പിങ്ങ്, ട്രാൻസ്‌പോർട്ട് മന്ത്രാലയങ്ങളിലെല്ലാം തന്നെ നാരായണന് ശക്തമായ ബന്ധങ്ങൾ ഉണ്ടായിരുന്നു. അവർ വഴി വളരെ രഹസ്യസ്വഭാവമുള്ള രേഖകൾ നിരന്തരം അയാൾ ചോർത്തിക്കൊണ്ടിരുന്നു.

2002 -ൽ ദില്ലി ഹൈക്കോടതി കൂമർ ചാരസംഘത്തിലെ 14 പേർക്കെതിരെ ഐപിസി സെക്ഷൻ 120 B അടക്കമുള്ള വകുപ്പുകൾ ചേർത്തു ചുമത്തി കുറ്റപത്രം സമർപ്പിച്ചു. കമ്പനി എംഡി യോഗേഷ് മാണിക് ലാലിനെ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കൂമർ അടക്കമുള്ള മറ്റുള്ളവർക്ക് പത്തുവർഷത്തെ തടവുശിക്ഷ കിട്ടി. കൂമറിനൊപ്പം രാജീവ് ഗാന്ധിയുടെ പിഎ ആയിരുന്ന പിസി അലക്‌സാണ്ടറുടെ അസിസ്റ്റന്റും പ്രസ്തുത കേസിൽ കൂട്ടുപ്രതിയായിരുന്നു.

അതിനു ശേഷം കേരളത്തിൽ നമ്മള്‍ ഞെട്ടിയ ചാരക്കേസ് ഐഎസ്ആര്‍ഒ കേസാണ്. അന്ന് മാധ്യമങ്ങള്‍ വേട്ടയാടിയ നമ്പിനാരായണന്‍ എന്ന ശാസ്ത്രജ്ഞന് പിന്നീട് നീതി കിട്ടിയപ്പോള്‍ കുറ്റബോധം കൊണ്ട് പുളഞ്ഞ പത്രങ്ങളും ചില തലമൂത്ത പത്രപ്രവര്‍ത്തകരും ഉണ്ടായിരുന്നു അത്രമാത്രം തന്മയത്വത്തോടെ ആയിരുന്നു ആ കഥകൾ പ്രചരിച്ചത്.

മാലിയില്‍ നിന്ന് രഹസ്യം ചോര്‍ത്താന്‍ എത്തിയതെന്ന് പഴികേട്ട മറിയം റഷീദയെയും കൂട്ടാളികളെയും പറ്റിയിറങ്ങിയ ഇക്കിളിക്കഥ സൌന്ദര്യം കൊണ്ടും ബുദ്ധിവൈഭവം കൊണ്ടും ചാരപ്രവര്‍ത്തനം നടത്തിയിരുന്ന മാതാഹരിയുടെ പിൻതലമുറയായി വാഴ്ത്തി. ചാരയുവതികൾ ജീവിതം ജീവിച്ചു തീർക്കുവാൻ കണ്ടെത്തുന്ന പുതിയ വഴികൾ വീണ്ടും വീണ്ടും ഉണ്ടാകുന്നു കേരളത്തിൽ.

1992 ല്‍ ഇന്ത്യയും റഷ്യയുമായി ക്രയോജനിക് വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള 235 കോടി രൂപയുടെ കരാർ ഒപ്പിട്ടതു മുതൽ അമേരിക്കയും ഫ്രാന്‍സും ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു. അമേരിക്ക 950 കോടിക്കും, ഫ്രാന്‍സ് 650 കോടിക്കും കരാർ ഉറപ്പിക്കാനിരിക്കവേയാണ് റഷ്യ കുറഞ്ഞതുകയ്ക്ക് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടത്, അതിനെ തുടർന്നാണ് അമേരിക്കയും ഫ്രാന്‍സും കായേനെപ്പോലെ അസ്സൂയമൂത്തവരായി മാറിയത്.

ബുഷ്‌ സീനിയര്‍, റഷ്യന്‍ പ്രസിഡണ്ട്‌ യെല്‍സിന് എഴുതിയ ഭീഷണിക്കത്തില്‍, ഈ കരാര്‍ റദാക്കണമെന്നും ഇല്ലെങ്കില്‍ രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തും എന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭീഷണിയില്‍ ഭയന്ന റഷ്യന്‍ ഭരണകൂടം ആ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചു.

ഈ അവസ്ഥയിലാണ് ഇന്ത്യ സ്വന്തമായി ക്രെയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ദൌത്യത്തിലെ സുപ്രധാനമായ തുടക്കത്തിന് അത് കാരണമായി. നമ്പി നാരായണന്‍ എന്ന ഐ എസ് ആര്‍ ഒ യിലെ ഏറ്റവും സമര്‍ഥനായ ശാസ്ത്രജ്ഞൻ അതിന്റെ ചുമതലക്കാരനുമായി. ഇന്ത്യയെ ബഹിരാകാശ ഗവേഷണ രംഗത്തെ എലൈറ്റ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ നിരയിലെയ്ക്കുയര്‍ത്താന്‍ അത് പര്യാപ്തമാകുമായിരുന്നു.

ഐ.ബി. യുടെ ക്രാക് കൗണ്ടര്‍ വിഭാഗത്തിന്റെ മേധാവിയായിരുന്ന രത്തന്‍ സെഗാളിന് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ. എ.യുമായി ബന്ധമുണ്ടെന്ന തെളിവുകള്‍ കോളിളക്കം സൃഷ്ടിച്ചു. 1996 നവംബറില്‍ ഐ.ബി.ഡയറക്ടറായിരുന്ന അരുണ്‍ഭഗവത്, രത്തന്‍ സെഗാളിനെ വിളിച്ചുവരുത്തി അമേരിക്കന്‍ വനിതയായ ഒരു സി.ഐ.എ. ഏജന്റിനൊപ്പം ഒന്നിച്ച് താമസിച്ചും യാത്ര ചെയ്തും വിനോദിച്ചതിന്റെ വീഡിയോടേപ്പുകള്‍ പുറത്തു വന്നിട്ടുണ്ട്.. ഈ വ്യക്തിയാണ് ചാരക്കേസിന്റെ സമയത്ത് മറിയം റഷീദയെ 'കിടപ്പുമുറിയിലെ ട്യൂണായെന്ന് താരതമ്യം ചെയ്തുകൊണ്ടുള്ള വാര്‍ത്ത പത്രക്കാര്‍ക്ക് എത്തിച്ചു കൊടുത്തത്.

ഇന്ത്യൻ രാഷ്ട്രീയം കിടപ്പുമുറിയിലെ ട്യൂണായി മാറിക്കൊണ്ടിരിക്കുകയാണ്.
ജനാധിപത്യത്തിന്റെ മൂർച്ച തിരിച്ചറിയാത്ത ഭക്തി തലയ്ക്കു മത്തു പിടിപ്പിച്ച ഒരു സംഹിതയിൽ ചിലർക്കു കൈയൂക്കും നെഞ്ചൂക്കും ഉണ്ടാകുമ്പോൾ എല്ലാം സഹിക്കാൻ തയ്യാറാകുക എന്നതാണ് വിധി!

Advertisment