Advertisment

ജനുവരിയില്‍ അവധിക്ക് നാട്ടില്‍ പോകുവാന്‍ വേണ്ടിയിരിക്കുകയായിരുന്നു, ആദ്യമായി ജനിച്ച സ്വന്തം കുഞ്ഞിനെ കാണുവാനുളള ആഗ്രഹമായിരുന്നു റെജിയുടെ മനസ്സ് മുഴുവനും; അവധി ദിവസങ്ങളില്‍ വാവക്ക് വേണ്ടിയുളള കളിപ്പാട്ടങ്ങളും,വസ്ത്രങ്ങളും വാങ്ങി വെക്കുകയായിരുന്നു; എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലേക്ക് റെജിയുടെ നിശ്ചലമായ ശരീരം എടുത്ത് വെക്കുമ്പോള്‍ കൂട്ടുകാരന്‍ ബിജുവിന്റെ കൈയ്യിലുളള മറ്റൊരു പെട്ടിയില്‍ മുഴുവനും, താന്‍ ഒരുപാട് കാണാന്‍ കൊതിച്ച,,ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത കുഞ്ഞുമോന് പപ്പയുടെ സ്‌നേഹസമ്മാനങ്ങളായിരുന്നു: നൊമ്പരമായി ഒരു കുറിപ്പ്‌

author-image
admin
New Update

ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ പരസ്യ കമ്പനിയില്‍ ടെക്‌നീഷ്യനാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ റെജി കോശി. കഴിഞ്ഞ കുറച്ച് കാലങ്ങളായി അവധി ദിനങ്ങളില്‍ തനിക്ക് ആദ്യമായി ജനിച്ച കുഞ്ഞിന് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങിവെക്കുകയായിരുന്നു റെജി.

Advertisment

കുഞ്ഞിനെ കാണാന്‍ ജനുവരിയില്‍ നാട്ടിലേക്ക് പറക്കാനിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം റെജിയുടെ നിശ്ചലമറ്റ ദേഹമാണ് നാട്ടിലെത്തിയത്. പ്രവാസലോകത്തെ സങ്കടത്തിലാഴ്ത്തിയ ഇക്കാര്യം സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിയാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

ദൈവം നിശ്ചയിച്ച സമയത്താണ് മരണം. ആ സമയം, പക്ഷേ, ദൈവം ആർക്കും അറിയിച്ചു കൊടുത്തിട്ടില്ല. ഞാനിപ്പോഴൊന്നും മരിക്കില്ല എന്നാർക്കും പറയാൻ കഴിയില്ല. മരണത്തെ ഭയന്നിട്ട് കാര്യവുമില്ല. അതെപ്പോഴും നമ്മളോടപ്പമുണ്ട്.

ഇന്നലെ വളരെ വേദനയോട് കൂടിയാണ് ഒരു ചെറുപ്പക്കാരന്‍റെ മൃതദേഹം നാട്ടിലേക്ക് അയച്ചത്. കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശി റെജി കോശി കഴിഞ്ഞ 13 വര്‍ഷമായി പ്രവാസ ജീവിതം ആരംഭിച്ചിട്ട്.സ്വന്തം കുഞ്ഞിനെ പോലും കാണാന്‍ കഴിയാതെ ഈ ലോകത്ത് നിന്നും യാത്രയായി. ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ പരസ്യ കമ്പനിയില്‍ ടെക്നീഷനായി ജോലി ചെയ്യുകയായിരുന്നു.

ജനുവരിയില്‍ അവധിക്ക് നാട്ടില്‍ പോകുവാന്‍ വേണ്ടിയിരിക്കുകയായിരുന്നു. ആദ്യമായി ജനിച്ച സ്വന്തം കുഞ്ഞിനെ കാണുവാനുളള ആഗ്രഹമായിരുന്നു,റെജിയുടെ മനസ്സ് മുഴുവനും.അവധി ദിവസങ്ങളില്‍ വാവക്ക് വേണ്ടിയുളള കളിപ്പാട്ടങ്ങളും,വസ്ത്രങ്ങളും വാങ്ങി വെക്കുകയായിരുന്നു.റെജിയെ ആദ്യമായി ഗള്‍ഫില്‍ കൊണ്ട് വന്ന സുഹൃത്ത് ബിജു പറയുകയാണ്,മരിക്കുന്നതിന്‍റെ തലേ ദിവസം റെജിയെ വിളിച്ച് തന്നെ ഒന്ന് കാണാന്‍ പോലും കഴിയുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍, ജനുവരിയില്‍ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് നിങ്ങളെയൊക്കെ വന്ന് കാണാം,സ്വന്തം കുഞ്ഞിനെ പോലും കാണാന്‍ കഴിയാത്തതിന്‍റെ പ്രയാസം ബിജുമായി പങ്ക് വെക്കുകയും ചെയ്തു.

പിറ്റേദിവസം റെജി ഉണര്‍ന്നില്ല,അവന്‍റെ ആഗ്രഹങ്ങള്‍,സ്വപ്നങ്ങള്‍ എല്ലാം ബാക്കിവെച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായി.എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലേക്ക് റെജിയുടെ നിശ്ചലമായ ശരീരം എടുത്ത് വെക്കുമ്പോള്‍ കൂട്ടുകാരന്‍ ബിജുവിന്‍റെ കെെയ്യിലുളള മറ്റൊരു പെട്ടിയില്‍ മുഴുവനും, താന്‍ ഒരുപാട് കാണാന്‍ കൊതിച്ച,,ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത കുഞ്ഞുമോന് പപ്പയുടെ സ്നേഹസമ്മാനങ്ങളായിരുന്നു. ഭൂമിയിലുള്ള സർവസ്വവും വിട്ടേച്ചു പോവലാണ് മരണം.

ഒരു സമ്പാദ്യവും കൂടെ കൊണ്ട് പോകുവാനാവില്ല എന്ന സതൃം തിരിച്ചറിയുകയാണ്. കഴിഞ്ഞ ഡിസംബര്‍ 29 ലെ രാത്രി റൂമില്‍ ഭക്ഷണം ഉണ്ടാക്കിയത് റെജിയായിരുന്നു.റൂമിലുണ്ടായിരുന്ന എല്ലാപേരും കൂടി ചേര്‍ന്ന് ആഹാരം കഴിച്ച്, തമാശയും പറഞ്ഞ് സന്തോഷത്തോടെ ഉറങ്ങാന്‍ കിടക്കുകയായിരുന്നു.സമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനാല്‍ കൂടെയുളളവര്‍ നോക്കുമ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുകയായിരുന്നു.

Silent Attack ആയിരുന്നു. നല്ലൊരു സുഹൃത്ത്,സ്നേഹം നിറഞ്ഞവന്‍, ഒരാളെയും വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്തവന്‍,ഇതൊക്കെയാണ് റെജിയെ കുറിച്ച് സുഹൃത്തുകള്‍ക്ക് പറയാനുളളത്.

"നാളെ നമ്മള്‍ ജീവിക്കാനും,ജീവിക്കാതെ ഇരിക്കുവാനും സാധ്യതയുണ്ട്,പക്ഷെ ഈ സുന്ദരമായ നിമിഷങ്ങള്‍ നാളെ ഓര്‍മ്മിക്കപ്പെടും."

അവസാനമായി റെജി Face book ല്‍ പോസ്റ്റ് ചെയ്ത Status ഇതായിരുന്നു.

ദെെവം നിശ്ചയിച്ച സമയം വന്നെത്തിയാല്‍ അതിലേക്ക് മനുഷ്യന് മടങ്ങിപ്പോവുകയല്ലാതെ നിവൃത്തിയില്ല.ചെറുപ്പകാരുടെ മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നമ്മുക്ക് പ്രയാസവും ദുഃഖവും ഉണ്ടാകും.എന്നാല്‍ മരണത്തിന് ചെറുപ്പവലിപ്പങ്ങളില്ല,കാലവും സമയവുമില്ല, ഇതാണ് ഒരു യാഥാര്‍ത്ഥ്യം.

പ്രിയപ്പെട്ടവരുടെ വേര്‍പ്പാടിന്‍റെ വേദനയുടെ ആഴം വളരെ വലുതാണ്.ജീവിച്ച് തുടങ്ങയതെയുളളു.

ഇനി ഒരുപാട് കാലം,സ്നേഹത്തോടെ ഇണങ്ങിയും, പിണങ്ങിയും ജീവിക്കേണ്ടവള്‍,റെജിയുടെ ഭാര്യ. ജനിച്ചതിന് ശേഷം സ്വന്തം പപ്പായെ കാണാന്‍ കഴിയാത്ത ആ കുഞ്ഞുമോന്‍,എന്ത് പറഞ്ഞാണ് ആ കുടുംബത്തെ ആശ്വസിപ്പിക്കുക എന്നറിയില്ല. പ്രിയതമന്‍റെ വേര്‍പ്പാട് നല്‍കിയ വേദന താങ്ങാനുളള ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. അതോടപ്പം പരേതന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Advertisment