ആസാം ശാന്തമാകുന്നു, ഗുവാഹട്ടിയില്‍ കര്‍ഫ്യൂവില്‍ ഇളവ്

ഉല്ലാസ് ചന്ദ്രൻ
Saturday, December 14, 2019

ഗുവാഹാട്ടി: പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹാട്ടിയില്‍ കര്‍ഫ്യൂവില്‍ ഇളവ്. രാവിലെ 9 മുതല്‍ വൈകുന്നേരം നാലു വരെയാണ് ജില്ലാ ഭരണകൂടം കര്‍ഫ്യൂവിന് ഇളവ് നല്‍കിയത്.

എന്നാല്‍ൗ അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന ആസാമിലെ 10 ജില്ലകളില്‍ ഇന്റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍കൂടി നീട്ടി. 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് വിലക്കാണ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത്ത്.

ദീബ്രുഗഢില്‍ നാല് മണിക്കൂര്‍ കര്‍ഫ്യൂവിന് ഇളവ് നല്‍കി. രാവിലെ 8 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ഇളവ്. ബുധനാഴ്ച പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് ഗുവാഹാട്ടിയിലും ആസാമിലെ മറ്റ് പ്രദേശങ്ങളിലും പ്രതിഷേധം രൂക്ഷമായത്. ഗുവാഹാട്ടിയില്‍ വ്യാഴാഴ്ച രാവിലെ കര്‍ഫ്യൂ ലംഘിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി. പോലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു.

ആസാമിലെ അന്തരീക്ഷം വെള്ളിയാഴ്ച താരതമ്യേന സമാധാന പൂര്‍ണമായിരുന്നു. തലസ്ഥാനമായ ഗുവാഹാട്ടിയില്‍ മാത്രമാണ് വെള്ളിയാഴ്ച വലിയ പ്രതിഷേധങ്ങളുണ്ടായത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സായുധ സേനയ്ക്ക് പുറമേ 26 കോളം സൈനികരേയും ആസാമില്‍ വിന്യസിച്ചിട്ടുണ്ട്.

×