ന്യൂഡല്‍ഹി: പ്രളയക്കെടുത്തിയില്നിന്ന് കരകയറാന്‍ ആസാമിന് കേന്ദ്രസഹായം. ആസാമിലെ വെള്ളപ്പൊക്ക സാഹചര്യം നേരിടാനായി പ്രാരംഭ തുകയായി 346 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.
ആസാമിലെ സ്ഥിതിഗതികള്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി ചര്‍ച്ച ചെയ്തു. ആസാമിലുണ്ടായ നാശനാഷ്ടങ്ങള്‍ സംബന്ധിച്ചും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സോനോവാള്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.
ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ 346 കോടി രൂപ ആസാം സര്‍ക്കാരിന് കൈമാറാമെന്നും മുഖ്യമന്ത്രിക്ക് ഷെഖാവത്ത് ഉറപ്പ് നല്കി. ആസാമിലെ വെള്ളപ്പൊക്കത്തില്‍ നൂറിലധികം പേരാണ് മരിച്ചത്. മുപ്പത് ജില്ലകളിലായി 56 ലക്ഷത്തോളം ആളുകള്‍ ദുരിതത്തിലാണ്. ബ്രഹ്മപുത്ര ഉള്‍പ്പെടെ സംസ്ഥാനത്തെ മിക്ക നദികളിലെയും ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്.
ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകിയത് വ്യാപക കൃഷിനാശത്തിനും മണ്ണിടിച്ചിലിനും കാരണമായി. ലക്ഷക്കണക്കിന് ഹെക്ടര്‍ കൃഷിയിടം വെള്ളത്തിനടിയിലാണ്.