അവഗണനയുടെ നീറ്റലില്‍ 63,000 സൈനികര്‍

ഉല്ലാസ് ചന്ദ്രൻ
Wednesday, December 11, 2019

ഇന്ത്യന്‍ ആര്‍മ്മിക്കു വേണ്ടി ജോലി ചെയ്തിട്ടും ആനുകൂല്യങ്ങളോ, ക്ഷേമപദ്ധതികളോ ലഭിക്കാതെ രാജ്യത്ത് 63,000-ലേറെ സൈനികരും അവരുടെ ആശ്രതിതരും. പാരാമിലിട്ടറി ഫോഴ്‌സായ ആസാം റൈഫിള്‍സിനാണ് അവഗണനയുടെ കഥ പറയാനുള്ളത്.

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സേനാവിഭാഗമാണ് ആസാം റൈഫിള്‍സ്. 1835-ല്‍ കച്ചാര്‍ ലേവി എന്ന പേരില്‍ രൂപീകരിച്ച സേന ഒന്നാം ലോക മഹായുദ്ധത്തിലെ പ്രശംസനീയമായ സേവനങ്ങള്‍ മൂലം 1917-ലാണ് ആസാം റൈഫിള്‍സായി മാറുന്നത്.

സേനയുടെ നിയന്ത്രണം ഇന്ത്യന്‍ ആര്‍മിയ്ക്കാണ്. അതുകൊണ്ടു തന്നെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് പ്രതിരോധ മന്ത്രാലയമാണ്. എന്നാല്‍, സേനയുടെ ഭരണഘടനാപരമായ നിയന്ത്രണം ആഭ്യന്തര മന്ത്രാലയത്തിനാണ്. സേനയുടെ മേലുള്ള ഈ ഇരട്ട നിയന്ത്രണം തന്നെയാണ് പലപ്പോഴും ആസാം റൈഫിള്‍സിന്റെ പുരോഗതിയ്ക്കും ക്ഷേമ പദ്ധതിക്കുമുള്‍പ്പെടെ തടസമാകാറുള്ളത്.

ആസാം റൈഫിള്‍സിന്റെ പ്രവര്‍ത്തന, സേവന രീതികള്‍ ഇന്ത്യന്‍ ആര്‍മിയുടേതിന് സമാനമാണ്. ആര്‍മി സേനാംഗങ്ങളെ പോലെ തന്നെ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ് സേന. എന്നാല്‍, ശമ്പള വ്യവസ്ഥകള്‍, എക്‌സ് സര്‍വീസ് മെന്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇപ്പോഴും വിവേചനങ്ങള്‍ നിലനില്‍ക്കുകയാണ്.

1985-ലെ മൂന്നാം കേന്ദ്ര ശമ്പള കമ്മീഷന്‍ വരെ ആര്‍മിക്കുള്ള എല്ലാ ആനുകൂല്യങ്ങളും സേനയ്ക്കും ലഭ്യമാക്കിയിരുന്നു. എന്നാല്‍ 1986-ലെ നാലാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകളാണ് ഇതില്‍ വിവേചനങ്ങള്‍ കൊണ്ടുവന്നത്.

×