നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്നും മുഖ്യമന്ത്രി മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും രമേശ് ചെന്നിത്തല

New Update

publive-image

നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ വിധി സംസ്ഥാന സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ''ഈ കോടതി വിധി ഒരു നാഴികക്കല്ലാണ്. സര്‍ക്കാര്‍ വഴിവിട്ട പ്രയത്‌നങ്ങള്‍ നടത്തിയിട്ടും ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ന് സുപ്രീം കോടതി ഈ വിധി പറഞ്ഞിരിക്കുന്നത്.'' - അദ്ദേഹം പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നിലവിലെ വിദ്യാഭ്യാസമന്ത്രി രാജിവച്ച്‌ അന്വേഷണം നേരിടണമെന്നും മുഖ്യമന്ത്രി മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം ആണ്. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഈ സര്‍ക്കാര്‍ വിവിധ കോടതികളില്‍ ഈ കേസ് പിന്‍വലിക്കാന്‍ വേണ്ടി നടത്തിയ എല്ലാ പരിശ്രമങ്ങളും ഇതോടു കൂടി അവസാനിക്കുകയാണ്. ഇത് സംസ്ഥാന സര്‍ക്കാരിന് ഏറ്റ വലിയ തിരിച്ചടിയാണ്.

കഴിഞ്ഞ നാലു വര്‍ഷമായി ഒരു ജനപ്രതിനിധി എന്ന നിലയില്‍ നിയമ പോരാട്ടം നടത്തിയ ഒരു വ്യക്തിയാണ് ഞാന്‍. സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെട്ടു. ആദ്യമായി എം.പി, എം.എല്‍.എ മാര്‍ക്കുള്ള കോടതിയിലാണ് സര്‍ക്കാര്‍ ഇത് പിന്‍വലിക്കാനുള്ള ശ്രമം നടത്തിയത്. അതിനെതിരെ തടസ്സ ഹര്‍ജിയുമായി ഞാന്‍ മുന്നോട്ടു വന്നത് കൊണ്ടാണ് അന്ന് അത് പിന്‍വലിക്കാന്‍ കഴിയാതിരുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഈ കേസ് പരിഗണനയില്‍ വന്നപ്പോള്‍ വിധി പറയുവാന്‍ ഒരു വര്‍ഷത്തോളം കാലതാമസമുണ്ടായി. ഹൈ ക്കോടതിയെ സമീപിച്ച്‌ വേഗത്തില്‍ തീര്‍പ്പു വേണമെന്നാവശ്യപ്പെട്ട് നിയമ നടപടി സ്വീകരിച്ചിരുന്നു. അങ്ങനെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും സര്‍ക്കാരിനെതിരെ വിധി വന്നു. പിന്നീട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഈ കേസ് പിന്‍വലിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തി. ഹൈക്കോടതി സര്‍ക്കാരിന്‍്റെ വാദങ്ങള്‍ തള്ളി കളഞ്ഞു. അവസാനം സുപ്രീം കോടതിയില്‍ ഇടതു സര്‍ക്കാര്‍ കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയുമായി ചെന്നപ്പോള്‍ ഒരു തടസ്സഹര്‍ജിയുമായി ഞാന്‍ മുന്നോട്ടു ചെന്നിരുന്നു.

ഈ കോടതി വിധി ഒരു നാഴികക്കല്ലാണ്. ഒരു നിയമസഭ അംഗം എന്ന രീതിയില്‍ കിട്ടുന്ന പരിഗണന സഭയ്ക്കകത്ത് മാത്രമാണ്. ക്രിമിനല്‍ നടപടികള്‍ കൈകൊള്ളുന്ന വ്യക്തികള്‍ക്ക് ഈ സംരക്ഷണം ഒരിക്കലും കിട്ടുകയില്ല എന്ന വിധിയാണ് ഇന്ന് സുപ്രീംകോടതി തീര്‍പ്പാക്കിയത്. കേസ് പിന്‍വലിക്കാനുള്ള തീരുമാനം നീതി ന്യായ വ്യവസ്ഥയോടുള്ള ഒരു വെല്ലുവിളിയാണ്.

സഭയില്‍ നടന്ന കയ്യാങ്കളി പാര്‍ലമെന്‍്ററി പ്രൊസീജര്‍ന്‍്റെ ഭാഗമായി കാണണമെന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. സുപ്രീം കോടതി ആ വാദം തള്ളിക്കളഞ്ഞിരിക്കുകയാണ്.സര്‍ക്കാര്‍ വഴിവിട്ട പ്രയത്നങ്ങള്‍ നടത്തിയിട്ടും ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ന് സുപ്രീം കോടതി ഈ വിധി പറഞ്ഞിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി കോടതി വിധി മാനിച്ച്‌ രാജിവെച്ച്‌ അന്വേഷണം നേരിടണം.ജനാധിപത്യ പാരമ്ബര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടണം.

Advertisment