വിട്ടുമാറാത്ത വൃക്കരോഗമുള്ള രോഗികളില്‍ അസ്ട്രാസെനെക്കയുടെ പ്രമേഹ മരുന്ന് ഫലപ്രദം

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, September 28, 2020

കൊച്ചി: പ്രമേഹ രോഗത്തിനുള്ള അസ്ട്രസെനെക ഫാര്‍മ ഇന്ത്യ ലിമിറ്റഡിന്റെ ഡാപാഗ്ലിഫ്‌ളോസിന്‍ മരുന്ന് വിട്ടുമാറാത്ത വൃക്കരോഗമുള്ള രോഗികള്‍ക്ക് ആശ്വാസം പകരുന്നതായി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തെളിയിച്ചു.

പ്രമേഹത്തിനെതിരേയുള്ള കമ്പനിയുടെ ഏറ്റവും പുതിയ മരുന്നായ ഡാപാഗ്ലിഫ്‌ളോസിന്റെ ക്ലിനിക്കല്‍ പരീക്ഷങ്ങളുടെ പൂര്‍ണ ഫലം പുറത്തുവിട്ടുകൊണ്ടാണ് അസ്ട്രസെനെക ഫാര്‍മ കമ്പനി ഇക്കാര്യം പുറത്തുവിട്ടത്. പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കു ഫലപ്രദമായ ഡാപാഗ്ലിഫ്‌ളോസിന്‍ വിട്ടുമാറാത്ത കിഡ്‌നി രോഗത്തിന്റെ കാഠിന്യം കുറയ്ക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പ്രമേഹമുള്ളവരിലും ഇല്ലാത്തവരിലും ഇതിന്റെ ഫലം സ്ഥിരത കാണിച്ചുവെന്നും കമ്പനി അറിയിച്ചു.

വിട്ടുമാറാത്ത വൃക്കരോഗം (ക്രോണിക് കിഡ്‌നി ഡിസീസ്-സികെഡി) ആഗോളതലത്തില്‍ ഒരു പ്രധാന രോഗമായി മാറുകയാണ്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ലോകമെമ്പാടും പ്രമേഹവും രക്ത സമ്മര്‍ദ്ദവും വര്‍ധിക്കുന്നതാണ്. ഇന്ത്യയില്‍ വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ വ്യാപനം 17.2 ശതമാനമായി കണക്കാക്കപ്പെടുന്നു, ഇന്ത്യയുടെ 100 കോടിയിലധികമുള്ള ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍, വര്‍ദ്ധിച്ചുവരുന്ന വിട്ടുമാറാത്ത വൃക്കരോഗം രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഭാവിയില്‍ വലിയ പ്രശ്നങ്ങളാണ് ഉയര്‍ത്തുന്നത്.

വിട്ടുമാറാത്ത വൃക്കരോഗം എന്നാല്‍ വൃക്കകള്‍ തകരാറിലായി എന്നാണ്. തകരാറിലായ വ്യക്കകള്‍ക്ക് രക്തം ശുദ്ധീകരിക്കുവാന്‍ സാധിക്കാതെ വരുന്നു. ഇത്തരം അവസ്ഥയെ ”ക്രോണിക്” എന്ന് വിളിക്കുന്നു. കാരണം വൃക്കകളുടെ തകരാറ് വളരെക്കാലംകൊണ്ട് സാവധാനത്തിലാണ് സംഭവിക്കുന്നത്. വിട്ടുമാറാത്ത വൃക്കരോഗം ഹൃദ്രോഗം പോലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഒരാള്‍ക്ക് കിഡ്നി രോഗമുണ്ടെങ്കില്‍, ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വൃക്കരോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങളിലൊന്നാണ്.

കാലുകളിലും കണങ്കാലുകളിലും വീക്കം, ചൊറിച്ചില്‍, പേശിവേദന, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ തുടങ്ങിയവപോലുള്ള ചെറിയ ലക്ഷണങ്ങളാണ് വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ വ്യക്തികളില്‍ കണ്ടുവരുന്നത്. എന്നാല്‍ വൃക്കകളുടെ പ്രവര്‍ത്തനം ഗണ്യമായി തകരാറിലാകുന്നതുവരെ വിട്ടുമാറാത്ത വൃക്കരോഗം കാര്യമായി പ്രകടമാകാറില്ല.

സെറം ക്രിയാറ്റിനിന്‍, രക്തത്തിലെ യൂറിയ, മൂത്രത്തിലെ ആല്‍ബുമിന്‍ തുടങ്ങിയ പരിശോധനകള്‍ വ്യക്കരോഗികള്‍ക്ക് ഏറ്റവും പ്രധാനമാണ്. ഒരിക്കല്‍ രോഗനിര്‍ണയം നടത്തിയാല്‍, വൃക്കയ്ക്ക് കേടു സംഭവിക്കുന്നതിന്റെ വേഗം കുറയ്ക്കുന്നതിനായി, രോഗത്തിന്റെ അടിസ്ഥാകാരണങ്ങളെ നിയന്ത്രിക്കുന്നതിലാണ് ചികിത്സ കേന്ദ്രീകരിക്കുക. വിട്ടുമാറാത്ത വൃക്കരോഗം വൃക്കയുടെ പൂര്‍ണമായ തകരാറിലേക്ക് പുരോഗമിക്കുന്നു. ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കുകയോ ചെയ്യുന്നില്ലെങ്കില്‍ രോഗം മാരകമായി മാറും. വൃക്കരോഗം ഹൃദയസ്തംഭനം, ഹൃദയാഘാതം തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

വിട്ടുമാറാത്ത വൃക്കരോഗമുള്ള രോഗികളില്‍, നിലവിലുള്ള പരിചരണത്തോടൊപ്പം ഡാപാഗ്ലിഫ്‌ളോസിന്‍ മരുന്നു പരീക്ഷിച്ച രോഗികളില്‍ വൃക്കയുടെ പ്രവര്‍ത്തനം മോശമാകുന്നതു കുറയുകയും ഹൃദ്രോഗംകൊണ്ടോ വൃക്കരോഗംകൊണ്ടോ മരണമടയുന്നവരുടെ എണ്ണത്തില്‍ പ്ലാസിബോ (രോഗിയുടെ തൃപ്തിക്കു വേണ്ടി മരുന്നെന്ന പേരില്‍ നല്‍കുന്ന മരുന്നല്ലാത്ത വസ്തു) വിഭാഗത്തേക്കാള്‍ 39 ശതമാനം കുറവു സംഭവിച്ചതായും മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രമേഹരോഗികളിലും അല്ലാത്തവരില്‍നിന്നും ലഭിച്ച ഫലം സ്ഥിരതയുള്ളതായിരുന്നു.

”ജീവിതശൈലിയിലെ മാറ്റങ്ങള്‍, വര്‍ധിച്ച ആയുര്‍ദൈര്‍ഘ്യം, സാംക്രമികേതര രോഗങ്ങളുടെ വ്യാപനം എന്നിവ കാരണം വിട്ടുമാറാത്ത വൃക്കരോഗം ഇന്ത്യ ഉള്‍പ്പെടെയുള്ള താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ ഒരുപോലെ ബാധിക്കുന്നു. നിലവില്‍ ലഭ്യമായ ചികിത്സകള്‍ ഉണ്ടായിരുന്നിട്ടും, വിട്ടുമാറാത്ത വൃക്കരോഗത്തെ ഫലപ്രദമായ മാനേജ് ചെയ്യുവാന്‍ നല്ലൊരു പങ്കിനും ആഗോളതലത്തില്‍ തന്നെ സാധിക്കുന്നില്ല. ഇന്ത്യയില്‍നിന്നുള്ള 201 രോഗികള്‍ ഉള്‍പ്പെടെ 4304 രോഗികളിലാണ് ഡാപാഗ്ലിഫ്‌ളോസിന്‍ ആഗോള ക്ലനിക്കല്‍ ട്രയല്‍ (ഡാപാ- സികെഡി ട്രയല്‍) നടത്തിയത്. വിട്ടുമാറാത്ത വൃക്കരോഗമുള്ളവരില്‍ ഡാപാഗ്ലിഫ്‌ളോസിന്‍ ഫലം നല്‍കിയെന്നാണ് കണ്ടത്. ടൈപ്പ് -2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് ഫലം നല്‍കിയതിനൊപ്പം വിട്ടുമാറാത്ത കിഡ്‌നിരോഗത്തിനും ഡാപാഗ്ലിഫ്‌ളോസിന്‍ ഫലപ്രദമാണെന്നാണ് കാണിക്കുന്നന്നത്,”, അസ്ട്രസെനെക ഇന്ത്യ മെഡിക്കല്‍ അഫയേഴ്‌സ് ആന്‍ഡ് റെഗുലേറ്ററി വൈസ് പ്രസിഡന്റ് ഡോ. അനില്‍ കുക്ക്‌റെജെ പറഞ്ഞു.

” രണ്ടു ദശകങ്ങളായി പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുടെ ചികിത്സയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടറെന്ന നിലയില്‍ വിട്ടുമാറാത്ത കിഡ്‌നി രോഗങ്ങളെ തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാന്‍ ബോധവാനാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം അല്ലെങ്കില്‍ ഇവ രണ്ടു മൂലം കേരളത്തിലെ രോഗികളില്‍ 70 ശതമാനത്തിലധികം പേരും ഡയാലിസിസ് വേണ്ടിവരുന്ന, ഭേദപ്പെടുത്താനാകാത്ത വൃക്കരോഗങ്ങളില്‍ എത്തിപ്പെടുന്നു. വൃക്കരോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ അവ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദപ്പെടുത്താമെങ്കിലും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതുമൂലം രോഗികള്‍ അതിനെ അവഗണിക്കുന്നു. മൈക്രോഅല്‍ബുമിനൂറിയയുടെ സാന്നിധ്യം വൃക്കരോഗത്തിന്റെ ആദ്യകാല സൂചകമായിരിക്കാം. പ്രമേഹമുള്ളതോ ഇല്ലാത്തതോ ആയ മാറാ വൃക്കരോഗികളില്‍ ഡാപാഗ്ലിഫ്‌ളോസിന്‍ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം മികച്ച ഫലമാണ് രോഗികളില്‍ ഉണ്ടാക്കിയിട്ടുള്ളത്. മാറാ വൃക്കരോഗികളുടെ അതിജീവനത്തില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്.”, ജ്യോതിദേവ്‌സ് ഡയബെറ്റ്‌സ് റിസേര്‍ച്ച് സെന്റര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവ്‌ദേവ് പറഞ്ഞു.

പ്രമേഹമുള്ളവരോ ഇല്ലാത്തവരോ ആയ മുതിര്‍ന്ന രോഗികളില്‍ വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ ചികിത്സയില്‍ കാര്യമായ നേട്ടങ്ങള്‍ കാണിച്ച ഒരേയൊരു എസ്ജിഎല്‍ടി 2 ഇന്‍ഹിബിറ്റര്‍ ആണ് ഡാപാഗ്ലിഫ്‌ളോസിന്‍.

×