/sathyam/media/post_attachments/8B8nnqTVvOpvnnmjbuCD.jpg)
കൊല്ലം: ഫേസ്ബുകില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി യുവതികളുടെ ചിത്രം ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ 32കാരി അറസ്റ്റിലായി. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികൾ നൽകിയ പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി.
പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പ്രൊഫൈൽ ചിത്രമായി നൽകിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലാണ് അശ്വതി ശ്രീകുമാർ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്.
നാലു വർഷമായി ഇവർ ഏഴിലധികം വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പുനടത്തുകയായിരുന്നു. ഇതിൽ മറ്റാരുടെയെങ്കിലും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വ്യൗജ അക്കൗണ്ട് ഉപയോഗിച്ച് യുവാക്കളെ ചാറ്റ് ചെയ്ത് വലയില്‍ വീഴ്ത്തി പണം ആവശ്യപ്പെടുകയായിരുന്നു ഇവരുടെ രീതി.
യുവാക്കളുമായി അടുത്തശേഷം ആശുപത്രി ചെലവ് ഉൾപ്പടെ അത്യാവശ്യ കാര്യങ്ങൾക്കെന്ന് പറഞ്ഞു പണം ആവശ്യപ്പെടും. യുവാക്കൾ പണം നൽകാൻ തയ്യാറാകും. തുടർന്ന് അനുശ്രീ അനുവിന്‍റെ ബന്ധു എന്ന പേരിൽ അശ്വതി നേരിട്ടെത്തി പണം സ്വീകരിക്കുകയാണ് ചെയ്തിരുന്നത്. പണം നൽകി കഴിഞ്ഞാൽ പിന്നീട് യുവാക്കളെ മെസഞ്ചറിൽ ബ്ലോക്ക് ചെയ്യുകയാണ് അശ്വതിയുടെ രീതി.
നിരവധി യുവാക്കൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിരുന്നു. ഇതേ തുടർന്ന് അനുശ്രീ അനു, അശ്വതി അച്ചു എന്നീ അക്കൌണ്ടുകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, നിരവധി പേർ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ഇത് കൊച്ചി സ്വദേശിനികളായ യുവതികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തങ്ങളുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നതായി മനസിലായത്. തുടർന്ന് അവർ പൊലീസില്‍ പരാതി നൽകുകയായിരുന്നു.