അത്താണിയില്‍ ഗുണ്ടാനേതാവിനെ വെട്ടിനുറുക്കിയ കേസില്‍ അഞ്ച് പേര്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, November 19, 2019

നെടുമ്പാശേരി : അത്താണി ജംക്‌ഷനിൽ നടുറോഡിൽ നാട്ടുകാർ നോക്കി നിൽക്കെ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 5 പേർ അറസ്റ്റിൽ. അക്രമത്തിനു നേരിട്ടു നേതൃത്വം നൽകിയ ആദ്യ മൂന്നു പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നതായാണ് സൂചന. മേയ്ക്കാട് മാളിയേക്കൽ അഖിൽ (25), സഹോദരൻ നിഖിൽ (22), മാളിയേക്കൽ അരുൺ (22), പൊയ്ക്കാട്ടുശേരി വേണാട്ടുപറമ്പിൽ ജസ്റ്റിൻ (28), കാരയ്ക്കാട്ടുകുന്ന് കിഴക്കേപ്പാട്ട് ജിജീഷ് (38) എന്നിവരാണ് അറസ്റ്റിലായത്.

തുരുത്തിശേരി സ്വദേശി ഗില്ലപ്പി എന്നു വിളിക്കുന്ന ബിനോയിയെ ആണ് ഞായറാഴ്ച രാത്രി അത്താണിയിലെ ബാർ ഹോട്ടലിനു മുന്നിൽ വെട്ടി കൊലപ്പെടുത്തിയത്. കേസിലെ ആദ്യ മൂന്നു പ്രതികളായ അത്താണി സ്വദേശി വിനു വിക്രമൻ, തിരുവിലാംകുന്ന് സ്വദേശി ലാൽ കിച്ചു, മൂക്കന്നൂർ സ്വദേശി ഗ്രിന്റേഷ് എന്നിവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ഇപ്പോൾ അറസ്റ്റിലായവരെല്ലാം ആക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തവരാണ്. അഖിൽ ആണ് അക്രമികളെ അത്താണിയിലേക്കു വാഹനത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും.

അഖിലിന്റെ വീട്ടിലാണ് അക്രമി സംഘം ഗൂഢാലോചന നടത്തിയത്. അത്താണിയിൽ ബിനോയി ഉണ്ടെന്ന് ഉറപ്പു വരുത്തി സംഘം ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. അക്രമികൾ ഉപയോഗിച്ച ഒരു വടിവാൾ സംഭവ സ്ഥലത്തിനു തൊട്ടടുത്ത് ദേശീയപാതയുടെ കാനയിൽ നിന്നു പൊലീസ് കണ്ടെടുത്തു.

×