കളക്ടര്‍ പറഞ്ഞു , മുല്ലയും തെച്ചിയും , തുമ്പയും മതി! പാടത്തും പറമ്പിലും തിരഞ്ഞ് പൂക്കളിറുത്ത് പൂക്കളമിട്ട് വയനാട്ടുകാര്‍!

New Update

നാടൻ പൂക്കൾ ഉപയോഗിച്ച് വീട്ടിൽ പൂക്കളമൊരുക്കാനുള്ള കളക്ടറുടെ നിർ​ദേശം അനുസരിച്ച് പൂക്കളം തീർത്തിരിക്കുകയാണ് വയനാട്ടുകാർ. മുല്ല, തെച്ചി, മന്ദാരം, തുമ്പ, അരിപ്പൂ.... തുടങ്ങിയ നാടൻ പൂക്കൾ ഉപയോഗിച്ച്‌ പൂക്കളം ഒരുക്കാനാണ് കളക്ടർ ഡോ. അദീല അബ്ദുല്ല ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ നിരവധിപ്പേരാണ് വീട്ടുമുറ്റത്ത് പൂക്കളമിട്ട് കളക്ടറുടെ പോസ്റ്റിന് കീഴിൽ കമന്റായി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment

publive-image

പൂക്കളങ്ങളുടെ ചിത്രങ്ങൾ #entepookkalam എന്ന ഹാഷ്‌ ടാഗോടെ പങ്കുവയ്ക്കണമെന്നും മികച്ചവ തന്റെ പേജിൽ ഷെയർ ചെയ്യുമെന്നും കളക്ടർ പറഞ്ഞിരുന്നു. ഇതനുസരിച്ച് മികച്ച 13 പൂക്കളങ്ങൾ കളക്ടർ ഇന്നലെ ഔദ്യോ​ഗിക പേജിൽ പങ്കുവച്ചിട്ടുണ്ട്. പാടത്തും പറമ്പിലും വീട്ടുമുറ്റത്തുമുള്ള പേരറിയാത്ത ഒട്ടേറെ പൂക്കളാണ് എല്ലാവരും പൂക്കളമിടാൻ ഉപയോഗിച്ചിരിക്കുന്നത്.

കോവിഡ് നിർദേശങ്ങൾ പാലിച്ച് സുരക്ഷിതമായി ആഘോഷങ്ങൾ വീട്ടിലേക്ക് തന്നെ ഒതുക്കുന്നതിന് പ്രോൽസാഹനം നൽകാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ പൂക്കളമിടാൻ അവസരമൊരുക്കിയത്. കോവിഡിന്റെ മാർഗ നിർദേശങ്ങളെല്ലാം ഓർമ്മിപ്പിച്ചാണ് ഈ പോസ്റ്റുകളെല്ലാം പങ്കുവച്ചിരിക്കുന്നത്.

onam onam 2020
Advertisment