‘അറ്റല്സ്’ സൈക്കിള്‍ കമ്പനി ഉടമയുടെ ഭാര്യയുടെ മരണം: ദുരൂഹതയേറുന്നു

ഉല്ലാസ് ചന്ദ്രൻ
Friday, January 24, 2020

ന്യൂഡല്‍ഹി: ‘അറ്റല്സ്’ സൈക്കിള്‍ കമ്പനി ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നടാഷ കപൂറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. പൂജാമുറിയില്‍നിന്ന് ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. കാരണം വെളിപ്പെടുത്താതെ കുറ്റമേറ്റു പറഞ്ഞുകൊണ്ടുള്ളതാണ് ആ കുറിപ്പ്.

കുറിപ്പിലെ വാചകങ്ങള്‍ ഇങ്ങനെ:

”ഞാന്‍ അരുതാത്തതു ചെയ്തു,സ്വയം ജീവനൊടുക്കുന്നു, ഇതിനാരും ഉത്തരവാദികളല്ല. എനിക്ക് സ്വയം ലജ്ജ തോന്നുന്നു. സഞ്ജയ്, മോനേ, മോളേ നിങ്ങളെയെല്ലാം ഞാന്‍ വല്ലാതെ സ്നേഹിക്കുന്നു”- എന്നിങ്ങനെയാണ് കുറിച്ചിരിക്കുന്നത്.

ഇത് നടാഷ തന്നെ എഴുതിയതാണോ എന്നറിയാന്‍ കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് 57-കാരിയായ നടാഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

സംഭവസമയത്തു മകനും മകളും വീട്ടിലുണ്ടായിരുന്നു. ഉച്ചയൂണിനായി അമ്മയെ വിളിച്ചെങ്കിലും വരാത്തതിനെ തുടര്‍ന്ന് മുറിയില്‍ ചെന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടതെന്ന് മകന്‍ സിദ്ധാന്ത് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

×