‘മിന്നല്‍ മുരളി’ ചിത്രത്തിന്റെ സെറ്റ് പൊളിച്ചതിന് സര്‍ക്കാരിന്റെ ഒത്താശയുണ്ടെന്ന് ബിജെപി നേതാവ്‌

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, May 25, 2020

കൊച്ചി: കാലടി മണപ്പുറത്ത് ടൊവിനോ നായകനാകുന്ന ‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ സെറ്റ് ബജ്രംഗദള്‍ പൊളിച്ചതിന് പിന്നില്‍ സര്‍ക്കാരിന്റെ ഒത്താശയുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍. സര്‍ക്കാരിന്റെ അറിവോടെയല്ലാതെ ഏതാനും പേര്‍ക്ക് ഇതു ചെയ്യാന്‍ സാധിക്കില്ലെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു.

പൊളിച്ചവര്‍ തന്നെ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നു, മുഖ്യമന്ത്രി പ്രതികരിക്കുന്നു. അതിനുശേഷം പ്രതികളെ അറസ്റ്റു ചെയ്യുന്നു. ഇതിന് പിന്നിലെ നാടകം വ്യക്തമാണ്-ജോര്‍ജ് കുര്യന്‍ പറയുന്നു.

ഈ സംഘടന സർക്കാരിന്റെയും സിപിഎമ്മിന്റെയും ചട്ടുകമാണെന്ന് എല്ലാവർക്കും അറിയാം. ഇടയ്ക്കിടക്ക് ഇവർ ഇത്തരം ചില പ്രവർത്തികൾ ചെയ്യുന്നുണ്ടെങ്കിലും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല. വെറും പ്രസ്താവനകൾ മാത്രം നടത്തുന്നു. ഇതിനു മുൻപ് ഇവരുടെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധ നടപടികളിൽ സർക്കാർ എന്തു നടപടി സ്വീകരിച്ചെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.

സർക്കാരിന്റെ നാലാം വാർഷിക ദിനത്തിൽ സർക്കാരിന്റെ മതേതരത്വ മുഖംമൂടിക്കു മാറ്റു കൂട്ടാൻ വേണ്ടിയുള്ള ഒരു ഒത്തുകളിയാണിത്. കോവിഡിനെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി എങ്ങനെയൊക്കെ ദുരുപയോഗപ്പെടുത്താമെന്ന പിആർ ഏജൻസികളുടെ ഉപദേശപ്രകാരമായിരിക്കും ഇങ്ങനെയൊരു നാടകം സർക്കാരും സിപിഎമ്മും കളിക്കുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു. ഇതിൽ നിന്നു വർഗീയ മുതലെടുപ്പ് നടത്താമെന്ന സിപിഎമ്മിന്റെ ആഗ്രഹം അസ്ഥാനത്ത് ആണെന്നും അദ്ദേഹം പറഞ്ഞു.

×