അയോധ്യയില്‍ പള്ളിയും ആശുപത്രിയും ലൈബ്രറിയും നിര്‍മ്മിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്

ഉല്ലാസ് ചന്ദ്രൻ
Monday, February 24, 2020

ലക്നൗ: അയോധ്യ കേസില്‍ സുപ്രീംകോടതി അനുവദിച്ച് നല്‍കിയ ഭൂമിയില്‍ പള്ളി കൂടാതെ ആശുപതിയും ലൈബ്രറിയും നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് സുന്നി സെന്റര്‍ വഖഫ് ബോര്‍ഡ്. വൈകാതെ ട്രസ്റ്റ് രൂപീകരിച്ച് പള്ളി നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി വ്യക്തമാക്കി.

പള്ളിയാണോ ബാബറി മസ്ജിദ് ആണോ നിര്‍മ്മിക്കേണ്ടത് എന്ന് ട്രസ്റ്റ് തീരുമാനിക്കും. പള്ളിക്ക് പുറമെ ആശുപതി, ഇന്‍ഡോ-ഇസ്ലാമിക് ഗവേഷണ കേന്ദ്രം, പബ്ലിക് ലൈബ്രറി, ചാരിറ്റബിള്‍ ആശുപത്രി, ബന്ധപ്പെട്ട സൗകര്യങ്ങള്‍ എന്നിവയെല്ലാം അഞ്ച് ഏക്കര്‍ ഭൂമിയില്‍ പണിയുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സുന്നി സെന്റര്‍ വഖഫ് ബോര്‍ഡ് ഇടപെടില്ല. എന്നാല്‍, പ്രാദേശിക താല്‍പ്പര്യങ്ങള്‍ പരിഗണിച്ചാകും പള്ളിയുടെ വലുപ്പത്തിന്റെ കാര്യത്തില്‍ തീരുമാനം സ്വീകരിക്കുകയെന്നും സഫര്‍ ഫറൂഖി പറഞ്ഞു. സുന്നി സെന്റര്‍ വഖഫ് ബോര്‍ഡിന്റെ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമെടുത്തത്.

×