വ്യാജരേഖ ചമച്ച് ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് പുതുക്കാന്‍ ശ്രമിച്ച ആര്‍.ടി.ഒ ഏജന്റ് അറസ്റ്റില്‍

ഉല്ലാസ് ചന്ദ്രൻ
Sunday, December 8, 2019

കോട്ടയം: വ്യാജരേഖ ചമച്ച് ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് പുതുക്കാന്‍ അപേക്ഷ നല്‍കിയ ആര്‍.ടി.ഒ ഏജന്റ് അറസ്റ്റില്‍. കളക്ടറേറ്റിനു സമീപം ‘കാഞ്ഞിരത്തുംമ്മൂട്ടില്‍ ഡ്രൈവിംഗ് സ്‌കൂള്‍’ നടത്തുന്ന ബിജോയ് ഫിലിപ്പിനെയാണ് ഈസ്റ്റ് എസ്.ഐ മഹേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്.

18 വര്‍ഷം മുന്‍പ് വിറ്റ ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് വിദേശമലയാളിയുടെ പേരില്‍നിന്നു മാറ്റാതെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ യുവാവാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം നഗരത്തില്‍ ഓടുന്ന ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് ഇപ്പോഴും വിദേശമലയാളിയുടെ പേരിലാണ്. തന്റെ പേരില്‍നിന്നു പെര്‍മിറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഡിവൈ.എസ്.പി ആര്‍.ശ്രീകുമാറിനു പരാതി നല്‍കുകയായിരുന്നു.

പെര്‍മിറ്റ് കാലാവധി കഴിഞ്ഞിട്ടും വാഹനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി, ബിജോയ് ഫിലിപ് വ്യാജ ഒപ്പിട്ട് അപേക്ഷ നല്‍കുകയായിരുന്നു. ഈ അപേക്ഷ ആര്‍.ടി ഓഫിസില്‍ സമര്‍പ്പിച്ചതിനു പിന്നാലെ ഇതു സംബന്ധിച്ചു ജോയിന്റ് ആര്‍.ടി.ഓ റോയ് തോമസ് ഡിവൈ.എസ്.പിയ്ക്കു വിവരം കൈമാറി.

താന്‍ ഇങ്ങനെ ഒരു അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷയിലെ ഒപ്പ് തന്റെതല്ലെന്നും വിദേശ മലയാളി പോലീസിനു മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബിജോയ് വ്യാജരേഖകള്‍ ചമച്ച് വാഹനത്തിന്റെ പെര്‍മിറ്റ് പുതുക്കാന്‍ അപേക്ഷ നല്‍കിയതായി കണ്ടെത്തിയത്.

ആര്‍.ടി ഓഫീസ് ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയിരുന്ന വാഹനം ബ്ലാക്ക് ലിസ്റ്റില്‍നിന്നു മാറ്റുന്നതിനും പെര്‍മിറ്റ് പുതുക്കുന്നതിനും വീണ്ടും ബ്ലാക്ക് ലിസ്റ്റിലാക്കുന്നതിനും ബിജോയ് തന്നെ അപേക്ഷ തയാറാക്കി നല്‍കിയിരുന്നു.

നിരവധി കേസുകളില്‍ പ്രതി ആയ മണര്‍കാട് സ്വദേശി നിജോ തോമസിന്റെ കൈവശമാണ് വാഹനമെന്നും കണ്ടെത്തി. 18 വര്‍ഷത്തിനിടെ പലര്‍ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയുടെ പേര് ഇതുവരെയും മാറ്റിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പേരുമാറ്റാതെ പെര്‍മിറ്റ് പുതുക്കാന്‍ ഇടനില നിന്നത് ആരാണെന്നു കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

×